Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക്

മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങുന്നു. ബി ജെ പിക്ക് പിന്നാലെ ശിവസേനക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാഞ്ഞതോടെയാണ് രാഷ്ട്രപതി ഭരണം വരുമെന്ന് ഏറെക്കുറെ ഉറപ്പായത്.

ബി ജെ പിയുമായി തെറ്റിപ്പിരിഞ്ഞ് എന്‍ സി പിയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാനുള്ള ശിവസേനയുടെ നീക്കം പരാജയപ്പെട്ടതിനെ തുടര്‍ന്ന് എന്‍ സി പിയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ക്ഷണിച്ചിരുന്നു. സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കുമോ എന്ന് ചൊവ്വാഴ്ചക്കുള്ളില്‍ അറിയിക്കണമെന്ന് നിര്‍ദ്ദേശിച്ച് രാജ്ഭവനില്‍ നിന്ന് എന്‍ സി പിക്ക് കത്തും ലഭിച്ചിരുന്നു.

എന്നാല്‍ സര്‍ക്കാരുണ്ടാക്കാനുള്ള അംഗബലം തങ്ങള്‍ക്കില്ലെന്ന് എന്‍ സി പി ചൊവ്വാഴ്ച ഗവര്‍ണറെ അറിയിക്കുമെന്നാണ് അവസാനം പുറത്തുവരുന്ന വാര്‍ത്തകള്‍. എന്‍സിപിയും സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്ന് പിന്മാറുകയാണെങ്കില്‍ സാങ്കേതികത്വത്തിന്റെ പേരില്‍ നാലാമത്തെ കക്ഷിയായ കോണ്‍ഗ്രസിനെ ഗവര്‍ണര്‍ ക്ഷണിച്ചേക്കും.

അതേസമയം, മഹാരാഷ്ട്രയില്‍ തന്റെ പാര്‍ട്ടിയുടെ പിന്തുണ ശിവസേനാ സര്‍ക്കാരിനുണ്ടാകില്ലെന്ന് എ ഐ എം ഐ എം പാര്‍ട്ടി അധ്യക്ഷനും എം പിയുമായ അസദുദ്ദീന്‍ ഒവൈസി ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ക്ക് കത്ത് നല്‍കുമെന്നും ഒവൈസി ട്വീറ്റ് ചെയ്തു. ഷാ ഫാറൂഖ് അന്‍വര്‍, മുഹമ്മദ് ഇസ്മായില്‍ അബ്ദുള്‍ ഖാലിഖ് എന്നിവരാണ് മഹാരാഷ്ട്രയിലെ എഐഎംഐഎം എംഎല്‍എമാര്‍