Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

കോവിഡ് പൂട്ടിച്ച റിസോര്‍ട്ടില്‍ കൃഷിയിറക്കി നേട്ടം കൊയ്ത് ബിസിനസ്സുകാരന്‍

കണ്ണൂര്‍: കോവിഡ് എന്ന മഹാമാരി ഇ വി ഹാരിസ് എന്ന ബിസിനസ്സുകാരന്റെ റിസോര്‍ട്ട് പൂട്ടിച്ചു. കോവിഡിനെ തുടര്‍ന്ന് റിസോര്‍ട്ടിലേക്ക് സഞ്ചാരികള്‍ എത്താതായി. പക്ഷേ, അതോര്‍ത്ത് തളര്‍ന്നു നില്‍ക്കാന്‍ ഹാരിസ് തയ്യാറായില്ല. കോവിഡിനെ തോല്‍പ്പിച്ച് റിസോര്‍ട്ടില്‍ ഹാരിസ് കൃഷിയിറക്കി. ആ കൃഷി എത്തിയതാകട്ടെ വന്‍ വിജയത്തിലും. ഈ സീസണില്‍ 50,000 രൂപയിലധികം വരുന്ന കാര്‍ഷിക വിളകള്‍ വില്‍പന നടത്തിയതായി ഹാരിസ് പറയുന്നു.

റിസോര്‍ട്ടിന് പിറകിലെ ഒരേക്കറിലധികം വരുന്ന സ്ഥലത്താണ് ഹാരിസ് കൃഷിയിറക്കിയത്. ചീര, വെണ്ട, വെള്ളരി, കോളിഫ്‌ളവര്‍, പച്ചമുളക്, പയര്‍, കുമ്പളം, നേന്ത്രവാഴ,ചേന.ചേമ്പ്, എന്നിവയ്‌ക്കൊപ്പം ആട്, കോഴി, താറാവ് കൃഷിയും മത്സ്യകൃഷിയും തേനിച്ചകൃഷിയും അദ്ദേഹം ഇവിടെ പരീക്ഷിച്ചു. പച്ചക്കറി തൈകള്‍ വളര്‍ത്തിയെടുക്കുന്നതില്‍ തന്റെതായ ശൈലിയും ഇദ്ദേഹത്തിനുണ്ട്. വാഴയില കീറി വട്ടത്തില്‍ ചുറ്റി സ്ട്രാപ്പിള്‍ ചെയ്ത് മണ്ണ് നിറച്ചാണ് തൈകള്‍ വളര്‍ത്തുന്നത്.

ഒരു തോല്‍വിയും ഒന്നിന്റെയും അന്ത്യമല്ല, മറ്റൊന്നിന്റെ തുടക്കമാണ് എന്ന് തെളിയിച്ചിരിക്കുകയാണ് ഈ കര്‍ഷകന്‍. കോവിഡില്‍ നിന്ന് ജീവിതത്തെ മാറ്റി മറിക്കാനുള്ള തന്റെ ശ്രമം വിജയിച്ചതിലുള്ള സന്തോഷത്തിലാണ് ഹാരിസ്.