Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

കെ ശ്രീകുമാര്‍ തിരുവനന്തപുരം മേയര്‍

തിരുവനന്തപുരം: മേയറായി കെ ശ്രീകുമാര്‍ (സിപിഐ എം) തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി നഗരസഭാകക്ഷി നേതാവും നേമം കൗണ്‍സിലറുമായ എം ആര്‍ ഗോപനായിരുന്നു ബി ജെ പി സ്ഥാനാര്‍ത്ഥി. പേട്ട വാര്‍ഡ് കൗണ്‍സിലര്‍ ഡി. അനില്‍കുമാറായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. ഇരുവരെയും പിന്തള്ളിയാണ് കെ ശ്രീകുമാറിനെ പുതിയ മേയറായി തെരഞ്ഞെടുത്തത്.

തിരുവനന്തപുരം മേയറായിരുന്ന വികെ പ്രശാന്ത് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലാണ് തിരുവനന്തപുരത്ത് പുതിയ മേയറിനായുള്ള തെരഞ്ഞെടുപ്പ് നടന്നത്.

100 അംഗ കോര്‍പറേഷനില്‍ വികെ പ്രശാന്ത് രാജിവച്ചതോടെ 42 അംഗങ്ങളുടെ പിന്തുണയായിരുന്നു എല്‍ഡിഎഫിനുണ്ടായിരുന്നത്. 35 അംഗങ്ങളാണ് ബിജെപിക്കുണ്ടായിരുന്നത്. യുഡിഎഫിന് 21 അംഗങ്ങളും. ഒരു സ്വതന്ത്രയും കൗണ്‍സിലിലുണ്ട്. മേയര്‍ സ്ഥാനത്തേക്ക് പൊതുസമ്മതനെ നിര്‍ത്താനായിരുന്നു കോണ്‍ഗ്രസും ബിജെപിയും ആദ്യം ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ പിന്നീട് ഇതില്‍ നിന്നും പിന്മാറുകയായിരുന്നു.

ചാക്ക വാര്‍ഡ് കൗണ്‍സിലറും കോര്‍പറേഷന്‍ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷനുമാണ് സിപിഐ എം വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗമായ കെ ശ്രീകുമാര്‍. 100 അംഗങ്ങളുള്ള കോര്‍പറേഷനിലെ കക്ഷിനില: എല്‍ഡിഎഫ്-42, ബിജെപി-35, യുഡിഎഫ് -21, സ്വതന്ത്രന്‍-ഒന്ന് എന്നിങ്ങനെയാണ്. പ്രശാന്ത് ജയിച്ച കഴക്കൂട്ടം ഡിവിഷന്‍ ഒഴിഞ്ഞുകിടക്കുകയാണ്. ജില്ലാ കലക്ടര്‍ കെ ഗോപാലക്യഷ്ണന്‍ വോട്ടെടുപ്പില്‍ വരണാധികാരിയായി.