Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

തീരദേശ സംരക്ഷണത്തിന് ടെട്രാപോഡ് സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കടലാക്രമണം തടയാന്‍ ടെട്രാപോഡ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മഴക്കെടുതിയും തീരശോഷണവും വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

കടലാക്രമണം ചെറുക്കാന്‍ ഫലപ്രദമായി ഉപയോഗിക്കപ്പെട്ട സംവിധാനമാണ് ടെട്രാപോഡ് സാങ്കേതികവിദ്യ. കരിങ്കല്ലിനു പകരം ടെട്രാപോഡ് നിരത്തി പുലിമുട്ടുകള്‍ നിര്‍മ്മിക്കുകയാണ് ചെയ്യുന്നത്. അതു സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി മനസ്സിലാക്കി ഇവിടെയും ഉപയോഗിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

കൂടുതല്‍ തീരദേശ സംരക്ഷണ നടപടികള്‍ സ്വീകരിക്കും. നദികള്‍, പുഴകള്‍ എന്നിവിടങ്ങളിലെ മണലും എക്കലും നീക്കം ചെയ്യും. ഇത് തുടര്‍പ്രവര്‍ത്തനമായി ഏറ്റെടുക്കാന്‍ ജലസേചന വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ചെല്ലാനം പോലുള്ള പ്രദേശങ്ങളില്‍ ഇപ്പോഴും കടലാക്രമണം രൂക്ഷമാണ്. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കടലാക്രമണ പ്രതിരോധമാണ് നമുക്കാവശ്യം. ഒരോ തീരപ്രദേശത്തും കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ പ്രത്യേക നടപടി സ്വീകരിക്കണം. ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മാസത്തില്‍ രണ്ടു തവണ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി പുരോഗതി ചീഫ് സെക്രട്ടറിയെ അറിയിക്കണം. മന്ത്രിതലത്തിലും മാസംതോറും പുരോഗതി വിലയിരുത്തണം.