Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

മഴക്കാലരോഗങ്ങള്‍ പടര്‍ന്നുപിടിക്കാതിരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശുചീകരണ ബോധവത്ക്കരണ പരിപാടി നടത്തണം: മുഖ്യമന്ത്രി

തിരുവനന്തപുരം: മഴക്കാലജന്യ രോഗങ്ങള്‍ പടര്‍ന്നുപിടിക്കാതിരിക്കാന്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ കൂടി പങ്കെടുപ്പിച്ച് വീടുകളും പരിസരവും ശുചിയാക്കാന്‍ പ്രത്യേക ബോധവത്ക്കരണ പരിപാടി നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഴക്കെടുതിയും തീരശോഷണവും വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

പൊതുനിരത്തുകളും പൊതു ഇടങ്ങളും ശുചിയാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ സന്നദ്ധസേന വളണ്ടിയര്‍മാരെ കൂടി പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിക്കണം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഇല്ലാത്ത സന്നദ്ധ സേനാ പ്രവര്‍ത്തകരെയായിരിക്കണം ഉപയോഗിക്കേണ്ടത്. ഇതിനായി തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍, സാമൂഹ്യ സന്നദ്ധ സേനാ ഡയറക്ടര്‍ എന്നിവര്‍ സംയുക്ത പ്രവര്‍ത്തനം നടത്തണം. മഴക്കാല പൂര്‍വ്വ ജാഗ്രതാ നടപടികളുടെ അവലോകനം എല്ലാ ദിവസവും നടത്താന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.

ടൗട്ടേ ചുഴലിക്കാറ്റ് മൂലം എട്ടു കോടി രൂപയിലധികം നഷ്ടം പൊതുമരാമത്ത് റോഡുകള്‍ക്ക് ഉണ്ടായി. അതിന്റെ പുനര്‍നിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തീകരിക്കാനാണ് ശ്രമിക്കുന്നത്. കടലാക്രമണം നേരിടാന്‍ എട്ട് തീരദേശ ജില്ലകള്‍ക്ക് ഒരു കോടി രൂപ വീതവും എറണാകുളം ജില്ലക്ക് രണ്ടു കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.