Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

കുതിരാനില്‍ പവര്‍ഗ്രിഡ് ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കല്‍: വലിയ വാഹനങ്ങള്‍ വഴിതിരിച്ചുവിടും

തൃശ്ശൂര്‍: കുതിരാനില്‍ പവര്‍ഗ്രിഡ് കോര്‍പ്പറേഷന്റെ ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തികളുടെ ഭാഗമായി ദേശീയപാതയില്‍ ചരക്ക് ലോറികള്‍ ഉള്‍പ്പടെയുള്ള വലിയ വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്ന രീതിയില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് അറിയിച്ചു.

ശരാശരി 47000 ത്തോളം വാഹനങ്ങളാണ് പ്രതിദിനം ഇതുവഴി കടന്നുപോകുന്നത്. ശബരിമല തീര്‍ത്ഥാടന സീസണ്‍ അടുത്തതിനാല്‍ ഈ വഴിയുള്ള വാഹന ഗതാഗതം ഇനിയും വര്‍ദ്ധിക്കും. ഈ സാഹചര്യത്തില്‍ കേബിള്‍ സ്ഥാപിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാകാത്ത രീതിയില്‍ വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിക്കുന്നതിന് പാലക്കാട്, ഏറണാകുളം ജില്ലാ കളക്ടര്‍മാരെ ഉള്‍പ്പെടുത്തി വിപുലമായ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

കേബിള്‍ സ്ഥാപിക്കല്‍ പ്രവര്‍ത്തികളുമായി ബന്ധപ്പെട്ട് ഒരു മാസത്തേക്കാണ് ഈ ക്രമീകരണമെന്ന് കളക്ടര്‍ വ്യക്തമാക്കി. നിലവില്‍ ടാറിങ്ങ് നടന്നുകഴിഞ്ഞ ഭാഗങ്ങള്‍ പൊളിച്ചുകൊണ്ട് കുഴിയെടുക്കാന്‍ ഒരു രീതിയിലും അനുവദിക്കില്ല.