Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

അയോദ്ധ്യാ ശ്രീരാമക്ഷേത്രം: 2020 ഏപ്രില്‍ രണ്ടിന് പ്രധാനമന്ത്രി ശിലാസ്ഥാപനം നടത്തിയേക്കും

ന്യൂഡല്‍ഹി: അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന് 2020 ഏപ്രില്‍ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാന്യാസം (ശിലാസ്ഥാപനം) നടത്തും. ശ്രീരാമ നവമി ദിനമായ അന്ന് ശിലാ ന്യാസത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതെന്ന് സൂചനയുണ്ട്.

അതേസമയം, അയോദ്ധ്യാ കേസിലെ സുപ്രീം കോടതി വിധി അനുസരിച്ച് പുതിയ ട്രസ്റ്റ് രൂപീകരിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. നവംബര്‍ 18 ന് ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ബില്ല് കൊണ്ടുവരാനാണ് നീക്കം. ഗുജറാത്തിലെ സോമനാഥ ക്ഷേത്രം മാതൃകയിലുള്ള ട്രസ്റ്റ് ആണ് അയോദ്ധ്യയിലും രൂപീകരിക്കുക.

പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അദ്വാനി എന്നിവര്‍ സോമനാഥ ക്ഷേത്ര ട്രസ്റ്റില്‍ അംഗങ്ങളാണ്. ഈ മൂന്നുപേരും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, വിശ്വഹിന്ദു പരിഷത്ത് പ്രതിനിധികള്‍, നിര്‍മോഹി അഖാഡ പ്രതിനിധികള്‍ എന്നിവരും ട്രസ്റ്റില്‍ അംഗങ്ങളാകും. ഇന്ത്യയുടെ എല്ലാ ഭാഗത്തു നിന്നും ട്രസ്റ്റില്‍ പ്രതിനിധികളുണ്ടാകും എന്നാണ് സൂചന.

നേരത്തെ ഏറ്റെടുത്ത 67.7 ഏക്കര്‍ സ്ഥലം രാമക്ഷേത്രത്തിനും അനുബന്ധ സൗകര്യങ്ങള്‍ക്കും വേണ്ടി വിനിയോഗിക്കും. ഇവിടെ 151 അടി ഉയരമുള്ള ഒരു ശ്രീരാമ വിഗ്രഹവും വലിയ ഹനുമാന്‍ വിഗ്രഹവും സ്ഥാപിക്കും. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും തീര്‍ത്ഥാടകരെയും സന്ദര്‍ശകരെയും ആകര്‍ഷിക്കുന്ന വിധത്തില്‍ പ്രദര്‍ശിനി അടക്കം വന്‍ സംവിധാനങ്ങളാണ് ഒരുക്കാന്‍ ലക്ഷ്യമിടുന്നത്.

 

റിപ്പോര്‍ട്ട്: പ്രത്യേക പ്രതിനിധി