Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവുകള്‍ ഇന്നു മുതല്‍ നിലവില്‍ വരും. ജൂണ്‍ ഒന്‍പതു വരെയാണ് ഇളവുകളോടെ ലോക്ക് ഡൗണ്‍ നീട്ടിയത്. ടി പി ആര്‍ 15 ശതമാനത്തിനു താഴെ വന്നാല്‍ മാത്രമേ ലോക്ക് ഡൗണ്‍ എടുത്തു നീക്കാന്‍ സാധിക്കൂ എന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഇന്നു മുതല്‍ എല്ലാ വ്യവസായ സ്ഥാപനങ്ങള്‍ക്കും 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിക്കാനാകും. ചില കടകള്‍ക്കും ബാങ്കുകള്‍ക്കും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. കള്ളുഷാപ്പുകള്‍ക്ക് കള്ള് പാഴ്‌സല്‍ നല്‍കുന്നതിനു തടസ്സമില്ല.

തുണിക്കടകള്‍, ജ്വല്ലറികള്‍, പഠന സാമഗ്രികള്‍ വില്‍പന കടകള്‍, ചെരിപ്പുകടകള്‍ തുടങ്ങിയവയ്ക്ക് തിങ്കള്‍, ബുധന്‍, വെള്ളി എന്നീ ദിവസങ്ങളില്‍ വൈകിട്ട് അഞ്ചു മണി വരെ തുറക്കാം. പാഴ്‌വസ്തുക്കള്‍ ശേഖരിക്കുന്ന കടകള്‍ക്കും ആഴ്ചയില്‍ രണ്ട് ദിവസം പ്രവര്‍ത്തിക്കാനാകും. ബാങ്കുകള്‍ക്കും മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ക്കും ആഴ്ചയില്‍ മൂന്ന് ദിവസം പ്രവര്‍ത്തിക്കാം.

സംസ്ഥാനത്ത് ടിപിആര്‍ 16 ശതമാനത്തിനും പ്രതിദിന രോഗികളുടെ എണ്ണം ഇരുപതിനായിരത്തിനും താഴെയെത്തിയ സാഹചര്യത്തിലാണ് കൂടുതല്‍ ഇളവുകള്‍ നിലവില്‍ വരുന്നത്. ജൂണ്‍ ഒന്‍പതിനു മുന്‍പു തന്നെ കൂടുതല്‍ കടകള്‍ക്ക് തുറക്കാന്‍ അനുമതി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.