Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

വാക്‌സിന്‍ നയത്തില്‍ മാറ്റം: 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. കോവിഡ് വാക്‌സിന്‍ നയം മാറ്റിയെന്ന് രാജ്യത്തോട് പ്രഖ്യാപിച്ച പ്രധാനമന്ത്രി വാക്‌സിന്‍ സംഭരണം പൂര്‍ണ്ണമായും കേന്ദ്രസര്‍ക്കാര്‍ നടത്തുമെന്നും അറിയിച്ചു. ഈ മാസം 21 മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും.

അതേസമയം പണം നല്‍കി സ്വകാര്യ ആശുപത്രികളില്‍ നിന്നും വാക്‌സിന്‍ സ്വീകരിക്കാം. സ്വകാര്യ ആശുപത്രികളിലെ വാക്‌സിന്റെ വില സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം. ഒരു ഡോസിന് പരമാവധി 150 രൂപ വരെ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കാം. വാക്‌സിനേഷന്‍ തുടങ്ങിയത് മുഖ്യമന്ത്രിമാരുമായി സംസാരിച്ചാണ്. എന്നാല്‍ വാക്‌സിന്‍ നയത്തില്‍ ചില സംസ്ഥാനങ്ങള്‍ക്ക് ഭിന്നാഭിപ്രായമുണ്ടായി. സംസ്ഥാനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ വാക്‌സിന്‍ ഇല്ലായിരുന്നെങ്കില്‍ വലിയ പ്രതിസന്ധി ഉണ്ടാകുമായിരുന്നു. വാക്‌സിനുവേണ്ടി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് പ്രായോഗികമല്ല. ഏഴ് കമ്പനികളാണ് രാജ്യത്ത് വാക്‌സിന്‍ ഉല്പാദിപ്പിക്കുന്നത്. മൂന്ന് വാക്‌സിനുകള്‍ കൂടി ഉടന്‍ വരും. പരീക്ഷണം തുടരുകയാണ്. ഒപ്പം മൂക്കിലൊഴിക്കാവുന്ന വാക്‌സിന്റെ പരീക്ഷണവും നടക്കുന്നുണ്ട്. ആരോഗ്യരംഗത്ത് പുതിയ സൗകര്യങ്ങള്‍ സജ്ജമാക്കി ഓക്‌സിജന്‍ ക്ഷാമത്തിന് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കാണാനായതായും പ്രധാനമന്ത്രി അറിയിച്ചു.

ഇത്ര വലിയ ജനസംഖ്യയെ എങ്ങനെ രക്ഷിക്കുമെന്ന് ലോകം ചോദിച്ചിരുന്നതാണ്. എന്നാല്‍ ഉദ്ദേശ്യശുദ്ധിയും ആത്മവിശ്വാസവും പ്രയത്‌നം ഫലവത്താക്കി. രണ്ടാംതരംഗം ഇന്ത്യ ഒരുമിച്ച് പോരാടിയെന്നും പ്രധാനമന്ത്രി പറഞ്ഞു.