Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

റഫാല്‍: പുന:പരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. രാഹുല്‍ഗാന്ധിക്ക് കടുത്ത വിമര്‍ശനം

റഫാല്‍ ഇടപാടില്‍ പുന:പരിശോധന ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. റഫാല്‍ ഇടപാടില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ജസ്റ്റിസ് എസ്.കെ. കൗള്‍, ജസ്റ്റിസ് കെ.എം. ജോസഫ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

റഫാല്‍ കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച സുപ്രീം കോടതി രാഹുല്‍ ഗാന്ധി കൂടുതല്‍ ജാഗ്രത പാലിക്കണം എന്നും ആവശ്യപ്പെട്ടു. ചൗകിദാര്‍ ചോര്‍ ഹെ എന്ന രാഹുല്‍ ഗാന്ധിയുടെ ആവര്‍ത്തിച്ചുള്ള പ്രസ്താവനയാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. രാഹുല്‍ ഗാന്ധിക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ‘കോടതിയെ രാഷ്ട്രീയ സംവാദത്തിലേക്ക് വലിച്ചിഴക്കരുത്. രാഹുല്‍ ഗാന്ധി നിരന്തരം തെറ്റായ പ്രസ്താവനകള്‍ നടത്തിയത് ദൗര്‍ഭാഗ്യകരമാണ്. ഇരിക്കുന്ന സ്ഥാനം രാഹുല്‍ ഓര്‍ക്കണം. ഭാവിയില്‍ കൂടുതല്‍ ജാഗ്രത കാട്ടണം,’ കോടതി വിധിയില്‍ വ്യക്തമാക്കി. ബി ജെ പി നേതാവ് മീനാക്ഷി ലേഖിയാണ് രാഹുലിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. ‘ചൗക്കിദാര്‍ ചോര്‍ ഹേ’ എന്ന് മോദിയെക്കുറിച്ചു രാഹുല്‍ നടത്തിയ പരാമര്‍ശമാണ് ഹര്‍ജിക്ക് ഇടയാക്കിയത്.

36 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യ വാങ്ങിയതില്‍ അഴിമതി ചൂണ്ടിക്കാട്ടി അഭിഭാഷകരായ എം എല്‍ ശര്‍മ്മ, പ്രശാന്ത് ഭൂഷണ്‍, അരൂണ്‍ ഷൂരി തുടങ്ങിയവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. വിമാനത്തിന്റെ വില, നടപടിക്രമങ്ങള്‍ എന്നിവ ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതിരോധ മന്ത്രാലയത്തെ മറികടന്ന് ഇടപെടല്‍ നടത്തിയെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.