Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

ഡിജിറ്റലൈസേഷന്‍: വായനയുടെ പുതിയ ജാലകം തുറന്ന് കേരള സാഹിത്യ അക്കാദമി

തൃശ്ശൂര്‍: നവസാങ്കേതിക സങ്കേതകങ്ങള്‍ വായന ഇല്ലാതാകുന്നുവെന്ന് ആക്ഷേപമുയുരന്ന കാലത്ത് ഡിജിറ്റല്‍ സാങ്കേതികത മുതലാക്കി മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നവമാനം നല്‍കുകയാണ് കേരള സാഹിത്യ അക്കാദമി ലൈബ്രറി. ലോകത്തിന്റെ ഏത് കോണിലുള്ള മലയാളികള്‍ക്കും പഴയ കലാ സാഹിത്യ കൃതികള്‍ വായിക്കാന്‍ കഴിയും വിധം വിപുലമായ ഡിജിറ്റല്‍ ലൈബ്രറി ഒരുക്കിയാണ് കേരള സാഹിത്യ അക്കാദമി വായനയ്ക്ക് പുതിയമുഖം നല്‍കുന്നത്.

മലയാളത്തിലെ ആദ്യത്തെ യാത്രവിവരണമായ സംക്ഷേപ വേദാന്തത്തെ ഡിജിറ്റല്‍ രൂപത്തിലാക്കിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. വെബ്‌സൈറ്റില്‍ സ്‌കാന്‍ ചെയ്താണ് ലൈബ്രറി വിശാല വായനയ്ക്ക് അവസരം ഒരുക്കിയിരിക്കുന്നത്. മലയാളത്തില്‍ എഴുതപ്പെട്ട പഴയകാല ഗ്രന്ഥങ്ങള്‍, ആനുകാലികങ്ങള്‍, പുസ്തകങ്ങള്‍ എന്നിവ ദ്രവിച്ച് പോകുന്നതിന് മുന്‍പ് അതിന്റെ ആധികാരികത ഒട്ടും ചോര്‍ന്ന് പോകാതെ അതേപടി ഡിജിറ്റല്‍ രൂപത്തില്‍ സമാഹരിച്ചിരിക്കുകയാണ് ഇവിടെ.

തികച്ചും സൗജന്യമായി മലയാള സാഹിത്യ പുസ്തകങ്ങള്‍ വായിക്കാനുള്ള സൗകര്യമാണ് ഇതുവഴി ലഭിക്കുന്നത്. ആയിരം പുസ്തകങ്ങള്‍ ഇപ്പോള്‍ ഡിജിറ്റല്‍ രൂപത്തില്‍ വായനക്കാര്‍ക്ക് ലഭ്യമാണ്. ശക്തന്‍ തമ്പുരാന്‍ തുടങ്ങിയ മംഗളോദയത്തിന്റെ ലക്കങ്ങളും ഡിജിറ്റല്‍ രൂപത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. പതിനായിരത്തോളം പുസ്തകങ്ങള്‍ സ്‌കാന്‍ ചെയ്ത് ഇമേജ് രൂപത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. ഈ പുസ്തകങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത്തിനുള്ള ശ്രമത്തിലാണ് അക്കാദമി ഇപ്പോള്‍.

ഒരു എഴുത്തുകാരന്‍ മരിച്ച് അറുപത് വര്‍ഷം കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ കൃതികളുടെ പകര്‍പ്പവകാശം പൊതുസ്വത്തായി മാറും. ഈ സാധ്യത ഉപയോഗിച്ചാണ് ഡിജിറ്റല്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഉള്ളൂര്‍ എസ് പരമേശ്വരന്‍ നായരുടെ എല്ലാ കൃതികളും ഡിജിറ്റല്‍ രൂപത്തില്‍ വെബ്‌സൈറ്റില്‍ വായനക്കാര്‍ക്ക് വായിക്കാം. മഹാകവി വള്ളത്തോളിന്റെ 141-ാം ജന്മദിനത്തിന്റെ ഭാഗമായി ഒക്ടോബര്‍ 13 ന് അദ്ദേഹത്തിന്റെ എല്ലാ കൃതികളും വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ചിരുന്നു. 2020 ജനുവരി ഒന്നിന് കുമാരനാശന്റെ എല്ലാ കൃതികളും വായനക്കാരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് അക്കാദമിയും ലൈബ്രറി അംഗങ്ങളും.

ഒരു എഴുത്തുകാരന്റെ കൃതികള്‍ എല്ലാം ഒരു പുസ്തകം പോലെ വായനക്കാര്‍ക്ക് ഒരുമിച്ച് ലഭിക്കുന്നതിനുള്ള സൗകര്യം ഡിജിറ്റലൈസേഷലൂടെ സാധ്യമാകും. keralasahithyaacademy.org എന്ന വെബ്‌സൈറ്റിലൂടെ ഡിജിറ്റല്‍ രൂപത്തിലുള്ള പുസ്തകങ്ങള്‍ വായിക്കാം.