Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

കിരണ്‍ കുമാറിനെതിരെ ശക്തമായ തെളിവ്, കിരണിന്റെ വീട്ടുകാരുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കും: ഐ ജി ഹര്‍ഷിത അട്ടല്ലൂരി

കൊല്ലം: കൊല്ലത്ത് വിസ്മയയെ ഭര്‍ത്തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദക്ഷിണ മേഖല ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷണം ആരംഭിച്ചു. വിസ്മയയുടെ വീട്ടിലെത്തി ഹര്‍ഷിത അട്ടല്ലൂരി അച്ഛനും കുടുംബാംഗങ്ങളുമായി സംസാരിച്ചു. കേസില്‍ പ്രതിക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും പ്രതിക്ക് ശക്തമായ ശിക്ഷ തന്നെ വാങ്ങി നല്‍കാന്‍ കഴിയുമന്നെ വിശ്വാസമുണ്ടെന്നും ഐജി പറഞ്ഞു. ഏഴു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് കിരണിനെതിരെ ചുമത്തിയിരിക്കുന്നത്.

കൊലക്കുറ്റം 302 ആണ്. സ്ത്രീധനമരണമാണെങ്കില്‍ 304 (ബി) ആണ്. ഏഴു വര്‍ഷം മുതല്‍ ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റമാണ്. കൊലപാതകമാണോ എന്നതല്ല, ഒരു പെണ്‍കുട്ടിയുടെ ജീവന്‍ പോയതാണ്. ഇത് ഗുരുതരമായ കേസാണ്. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നാണ് വിശ്വാസമെന്നും കിരണിന്റെ വീട്ടുകാരുടെ പങ്കിനെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് വിസ്മയയുടെ വീട് സന്ദര്‍ശിച്ച ശേഷം ഐജി പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ടെന്നും ഡോക്ടറുടെ മൊഴികൂടി വിശദമായി രേഖപ്പെടുത്തിയ ശേഷം അതിന്റെ വിശദാംശങ്ങള്‍ നല്‍കുമെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തുമെന്നും ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു. വിസ്മയയുടെ വീട് സന്ദശിച്ച ശേഷം പ്രതി കിരണിന്റെ വീടും സന്ദര്‍ശിക്കും. വിസ്മയയുടെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍, അയല്‍ക്കാര്‍ തുടങ്ങിയവരില്‍ നിന്നും മൊഴിയെടുക്കുമെന്നും ഐജി പറഞ്ഞു.

അതേസമയം വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ വീട്ടില്‍ വന്ന അതിക്രമം നടത്തിയ കേസ് പുനരന്വേഷണം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ജനുവരിയില്‍ നടന്ന സംഭവത്തില്‍ പൊലീസ് ഇടപെട്ട് കിരണിനെ താക്കീത് ചെയ്യുകയും കേസ് ഒത്ത് തീര്‍പ്പ് ആക്കുകയും ആയിരുന്നു. ഇക്കാര്യത്തില്‍ ഒരു വീഴ്ചയും പൊലീസിന് സംഭവിച്ചിട്ടില്ലെന്നും ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു, അന്ന് വിവാഹം കഴിഞ്ഞ് ആറ് മാസമായിരുന്നതേ ഉള്ളു. കേസുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകേണ്ടെന്ന് വിസ്മയയും കുടുംബവും തീരുമാനിച്ചത്. അത് അനുസരിച്ചാണ് പൊലീസ് പ്രവര്‍ത്തിച്ചതെന്നും ഐജി പറഞ്ഞു.

ശാസ്താംകോട്ട കോടതി റിമാന്‍ഡ് ചെയ്ത കിരണ്‍കുമാറിനെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് തീരുമാനം. പോസ്റ്റമോര്‍ട്ടം റിപ്പോട്ട് പ്രകാരം കിരണ്‍കുമാറിനെതിരെ കൂടുതല്‍ വകുപ്പുകളും ചുമത്തും.