Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

ശബരിമല വ്രതകാലം എങ്ങനെ അനുഷ്ഠിക്കണം

വൃശ്ചികം ഒന്നുമുതല്‍ ശബരിമല മണ്ഡല തീര്‍ത്ഥാടനകാലം ആരംഭിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അയ്യപ്പനെ കാണാന്‍ ഭക്തജനങ്ങള്‍ വ്രതം നോറ്റ് മലകയറുന്നു. സങ്കട മോചകനാണ് അയ്യപ്പന്‍. വ്രതനിഷഠയോടെ വേണം ശബരിമലദര്‍ശനം നടത്താന്‍. കന്നി അയ്യപ്പന്മാര്‍ മുതല്‍ ഗുരുസ്വാമി വരെ ഒരേ നിഷ്ഠയാണ് പാലിക്കേണ്ടത്. 41 ദിവസത്തെ വ്രതശുദ്ധിയോടെ വേണം ഇരുമുടിയേന്തി മലചവിട്ടാന്‍. ഛാന്ദോഗ്യോപനിഷത്തിലെ മഹാവാക്യമാണ് ‘തത്ത്വമസി’. തത്+ത്വം+അസി എന്നാല്‍ ‘അത് നീ തന്നെയാണ്’ എന്നര്‍ത്ഥം. വിശദീകരിച്ചാല്‍, നീ തേടുന്ന ഈശ്വരന്‍ നീ തന്നെയാണ് എന്ന് അര്‍ത്ഥം. അതുകൊണ്ടാണ് അയ്യപ്പഭക്തരെ അയ്യപ്പന്മാര്‍ എന്ന്വിശേഷിപ്പിക്കുന്നതും.

കന്നി അയ്യപ്പന്മാര്‍ കന്നിമാസം മുതല്‍ വ്രതം ആരംഭിക്കണം എന്നാണ് ശാസ്ത്രം. അത് കന്നിമാസം ഒന്നു മുതല്‍ വേണം എന്നില്ല. അവസാന ആഴ്ചയായാലും മതി. കന്നിയില്‍ വ്രതം ആരംഭിക്കണം എന്നുമാത്രം. മാലയിട്ട് 41 ദിവസത്തെ ചിട്ടയായ വ്രതമാണ് കണക്ക്. മനസ്സും ശരീരവും ശുദ്ധമായിരിക്കണം. വ്രതനിഷ്ഠകളെക്കുറിച്ച് യോഗശാസ്ത്രം വ്യക്തമായി പറയുന്നു. വ്രതനിഷ്ഠയില്‍ പ്രധാനം ബ്രഹ്മചര്യമാണ്.ശബരിമല പുണ്യഭൂമിയാണ്. പവിത്രമായ പതിനെട്ടാം പടിയില്‍പാദസ്പര്‍ശം നടത്താന്‍ ബ്രഹ്മചര്യം നിര്‍ബന്ധമാണ്. ബ്രഹ്മചര്യം അനുഷ്ഠിക്കുന്നതിലൂടെയാണ് ഭക്തര്‍ ഭഗവാനിലേക്ക് എത്തിച്ചേരുന്നത്. സത്യം, ബ്രഹ്മചര്യം, ആസ്‌തേയം, അപരിഗ്രഹം, അഹിംസ, എന്നിവയും കൃത്യമായി പാലിച്ചു വേണം ശബരിമലദര്‍ശനം നടത്തുവാന്‍.

മാലയിട്ടാല്‍ അത് ഊരുന്നതുവരെ ക്ഷൗരം പാടില്ല. ലഹരിവസ്തുക്കള്‍ ഉപയോഗിക്കരുത്. മത്സ്യമാംസാദികള്‍ വീട്ടിലേക്ക് കടത്തരുത്, കഴിക്കരുത്. പഴകിയ ഭക്ഷണം കഴിക്കരുത്. ഭക്ഷണം പാകം ചെയ്ത് ഒരമണിക്കൂറിനുള്ളില്‍ കഴിക്കുന്നതാണ് ഉത്തമം. ഊണ് ഒരിക്കല്‍ മാത്രം. സര്‍വചരാചരങ്ങളിലും ദൈവചൈതന്യം സങ്കല്‍പ്പിച്ച് പെരുമാറണം. കോപിക്കരുത്, കള്ളം പറയരുത്, ഹിംസിക്കരുത്. ശവസംസ്‌കാര കര്‍മത്തില്‍ പങ്കെടുക്കരുത്. അഥവാ പങ്കെടുത്താല്‍ അടുത്ത മണ്ഡലകാലം വരെ വ്രതമെടുത്ത് മലചവിട്ടണം. ജാതകര്‍മ്മങ്ങളില്‍ പങ്കെടുക്കരുത്. ആരെയും പരിഹസിക്കരുത്. ശിഷ്യനല്ലാത്തവനെ ശാസിക്കരുത്. പകലുറങ്ങരുത്. വാക്കുകളെക്കൊണ്ടുപോലും ആരെയും വിഷമിപ്പിക്കാതിരിക്കണം. ദുഷ്ടചിന്തകള്‍ക്ക് മനസ്സില്‍ സ്ഥാനം നല്‍കാതിരിക്കുക. കഴിയുന്നതും മറ്റുള്ളവരെ സഹായിക്കുക. സന്ധ്യക്ക് മറ്റുള്ളവരെക്കൂടി സഹകരപ്പിച്ച് ഭജന, നാമജപം എന്നിവ നടത്തി അന്തരീക്ഷം ഭക്തിസാന്ദ്രമാക്കുക. ആഡംബരങ്ങള്‍ ഒഴിവാക്കി ലളിതജീവിതം നയിക്കുക.

മണ്ഡലക്കാലത്ത് വീട്ടില്‍ നിന്ന് ശബരിമലക്ക് പോകുന്നവരുണ്ടെങ്കില്‍ അവരെപ്പോലെ തന്നെ വീട്ടിലുള്ള ഓരോ അംഗവും പരിശുദ്ധി പാലിക്കേണ്ടതാണ്. നേരത്തെ കുളിച്ച് പൂജാമുറിയില്‍ അയ്യപ്പവിഗ്രഹത്തിന്റെയോ ചിത്രത്തിന്റെയോ മുമ്പില്‍ വിളക്ക് കത്തിച്ചുവെച്ച് വന്ദിച്ച് വേണം ഒരു ദിവസം ആരംഭിക്കേണ്ടത്. ശുദ്ധമായി വേണം ഭക്ഷണം പാകം ചെയ്യാന്‍. വ്രതമനുഷ്ഠിക്കുവരെപ്പോലെ വീട്ടമ്മയും ഒരിക്കലുണ്ണുന്നതാണ് നല്ലത്. സാധിക്കുമെങ്കില്‍ വീട്ടിലുള്ളവരെല്ലാം രാത്രി ഊണ് ഒഴിവാക്കി മറ്റെന്തെങ്കിലും കഴിക്കുന്ന ശീലമാണ് അഭികാമ്യം.

ഋതുകാലം പ്രത്യേകം ചിട്ടകള്‍ പാലിക്കണം. ആ അവസ്ഥയിലുള്ള സ്ത്രീകള്‍ അടുക്കളയില്‍ പ്രവേശിക്കാനോ ആഹാരം പാകം ചെയ്യാനോപാടില്ല. മലയ്ക്ക് പോകുന്നവരില്‍നിന്നും അകന്ന് നില്‍ക്കണം. ശാസ്താ ക്ഷേത്രങ്ങളില്‍ ദര്‍ശനവും എള്ളുതിരികത്തിക്കല്‍, നീരാഞ്ജനം തുടങ്ങിയ വഴിപാടുകളും ചെയ്തു ദേവനെ പ്രസാദിപ്പിക്കണം. ശനിയാഴ്ചവ്രതം അതിവിശേഷമാണ്. സമീപത്ത് അയ്യപ്പന്‍വിളക്ക് നടക്കുന്നുണ്ടെങ്കില്‍ അവിടെ പോയി തൊഴുത് അതില്‍ പങ്കാളിയാകാന്‍ മടിക്കരുത്.

ഭര്‍ത്താവോ, മകനോ മറ്റു വേണ്ടപ്പെട്ടവരോ മലയ്ക്ക്പോയി എത്തും വരെ സ്ത്രീകള്‍ വ്രതശുദ്ധിയോടെപോയ ആള്‍ ഭഗവാനെ ദര്‍ശനം നടത്തി ബുദ്ധിമുട്ടുകൂടാതെ മടങ്ങിവരുന്നതിന്പ്രാര്‍ത്ഥിക്കണം. കെട്ടുനിറച്ച് നാളികേരം ഉടച്ച് വീട്ടില്‍ നിന്നും പോകുമ്പോള്‍ വെക്കുന്ന കല്ല് ശുദ്ധിയോടെ സൂക്ഷിക്കണം. അവിടെ രണ്ടുനേരവും വിളക്ക് വെക്കേണ്ടതുമാണ്. കുടുംബത്തില്‍ നിന്ന് കെട്ടുനിറച്ച് പോകുമ്പോള്‍ മറ്റംഗങ്ങള്‍ എല്ലാം പങ്കെടുക്കുകയും അരിയും കാണിപ്പണവും കാണിപ്പൊന്നും കെട്ടില്‍ നിക്ഷേപിച്ച് അതില്‍ ഭാഗഭാക്കാകുകയും വേണം.

വ്രതം ആരംഭിച്ച് കഴിഞ്ഞാല്‍, മലയില്‍നിന്ന് മടങ്ങി എത്തുന്നതുവരെ വീട്ടില്‍ എത്തുന്ന അയ്യപ്പഭക്തന്മാരെ സന്തോഷപൂര്‍വം സ്വീകരിക്കണം. കറുത്ത വസ്ത്രം ധരിച്ച് ശരണംവിളിച്ച് വീട്ടില്‍ എത്തുന്ന അപരിചിതര്‍ക്കുപോലും അന്നം നല്‍കണം.ഹിന്ദുക്കളല്ലെങ്കില്‍ പോലും എല്ലാ മതവിഭാഗങ്ങളില്‍ പെട്ടവരോടും സമഭാവനയോടെ പെരുമാറണം. ശാസ്താവിന്റെ പ്രാര്‍ഥനാമന്ത്രം ജപിക്കണം.

”ഭൂതനാഥമഹം വന്ദേ
സര്‍വഭൂതഹിതേ രതം
ഇന്ദ്രാദിദേവതാവൃന്ദ
വന്ദിതാംഘ്രിസരോരുഹം
ഭൂതനാഥസദാനന്ദ സര്‍വഭൂതദയാപര
രക്ഷരക്ഷമഹാബാഹോ
ശാസ്‌ത്രേ തുഭ്യം നമോ നമ:”