Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

സംസ്ഥാനത്ത് രണ്ടു പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. പൂന്തുറ സ്വദേശിക്കും (35), മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശാസ്തമംഗലം സ്വദേശിനിക്കുമാണ് (41) രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് പൂന്തുറ സ്വദേശിക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചത്. കോയമ്പത്തൂർ ലാബിൽ നടത്തിയ പരിശോധനയിലാണ് ശാസ്തമംഗലം സ്വദേശിനിക്ക് വൈറസ് സ്ഥിരീകരിച്ചത്.

തിങ്കളാഴ്ച മുതലാണ് മെഡിക്കൽ കോളേജിൽ സിക്ക വൈറസ് പരിശോധന ആരംഭിച്ചത്. 15 സാമ്പിളുകളാണ് ആദ്യദിനം പരിശോധിച്ചത്. അതിൽ ഒരാൾക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ബാക്കി 13 പേരുടെ പരിശോധനാഫലം നെഗറ്റീവാണ്. ഇതോടെ സംസ്ഥാനത്ത് 21 പേർക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

ജില്ലാ മെഡിക്കൽ ഓഫീസറോട് സ്ഥലം സന്ദർശിച്ച് പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ മന്ത്രി നിർദേശം നൽകി. പ്രധാനമായും ഈഡിസ് കൊതുകുകൾ പരത്തുന്ന രോഗമാണ് സിക്ക. കൊതുകു കടിയിൽ നിന്നും രക്ഷനേടുകയാണ് സിക്കയെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗം. അതിനാൽ സ്വന്തം വീടും പരിസരവും എല്ലാവരും വൃത്തിയായി സൂക്ഷിക്കണം. ഇൻഡോർ പ്ലാന്റുകൾ, ഫ്രിഡ്ജിന്റെ ട്രേ എന്നിവ ആഴ്ചയിലൊരിക്കൽ വൃത്തിയാക്കണം. പനി, ചുവന്ന പാടുകൾ, പേശി വേദന, സന്ധി വേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണമെന്ന് മന്ത്രി വ്യക്തമാക്കി.