Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

മോശം ഗുണനിലവാരം: നാല് വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്ക് പിഴ

മോശം ഗുണനിലവാരത്തിലുള്ള നാല് വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്ക് പിഴ ചുമത്തി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ്. ‘കെ.പി.എന്‍ ശുദ്ധം’, ‘കിച്ചന്‍ ടേസ്റ്റി’, ‘ശുദ്ധമായ തനി നാടന്‍ വെളിച്ചെണ്ണ’, കേരളീയം എന്നീ ബ്രാന്‍ഡുകള്‍ക്കാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരം പിഴയിട്ടിരിക്കുന്നത്. ഈ നാല് ബ്രാന്‍ഡും ഉത്പാദിപ്പിക്കുന്ന ‘കൈരളി ഓയില്‍ കിഴക്കമ്പലം’ എന്ന സ്ഥാപനത്തിന് മൂന്ന് അഡ്ജുഡിക്കേഷന്‍ കേസുകളിലായി ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ആറ് ലക്ഷം രൂപ പിഴ ലഭിച്ചിട്ടുണ്ട്.

മൂവാറ്റുപുഴ ആര്‍.ഡി.ഒ ആണ് പിഴ ചുമത്തികൊണ്ടുള്ള ഉത്തരവില്‍ ഒപ്പുവച്ചിരിക്കുന്നത്. കൈരളി ഓയിലിനൊപ്പം പാലക്കാട് ശ്രീകൃഷ്ണപുരത്ത് പ്രവര്‍ത്തിക്കുന്ന എ.ബി.എച്ച് ട്രേഡിങ് കമ്പനി ഉത്പാദിപ്പിച്ച് ‘കൊച്ചിന്‍ ട്രേഡിങ് കമ്പനി അല്ലപ്ര’ വിതരണം ചെയ്യുന്ന ‘കേരളീയം കോക്കനട്ട് ഓയിലി’നും ഗുണനിലവാരമില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. എ.ബി.എച്ച് ട്രേഡിങ് കമ്പനിക്ക് 3.15 ലക്ഷം രൂപയാണ് പിഴയായി ചുമത്തിയിരിക്കുന്നത്.

വെളിച്ചണ്ണയ്ക്ക് പുറമെ കോലഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന പി.കെ.എം പ്രൈം ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഉത്പാദിപ്പിക്കുന്ന ടൊമാറ്റോ സോസും പിടികൂടിയിട്ടുണ്ട്. രണ്ട് ലക്ഷം രൂപയാണ് ഈ സ്ഥാപനത്തിന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പിഴ ചുമത്തിയത്. പേരുകേട്ട ബ്രാന്‍ഡുകളോട് മത്സരിക്കുന്നതിനായി അവയുടെ ബ്രാന്‍ഡ് നെയിമിനോട് സാമ്യമുള്ള പേരുകള്‍ തിരഞ്ഞെടുത്താണ് ഗുണനിലവാരമില്ലാത്ത ഈ വെളിച്ചെണ്ണയും സോസും കമ്പനി ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്.