Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

പെന്‍ഷന്‍ മസ്റ്ററിംഗ്: അറിയേണ്ട കാര്യങ്ങള്‍

പെന്‍ഷന്‍ ലഭിക്കുന്നവരെല്ലാം ജീവിച്ചിരുപ്പുണ്ട് എന്ന് സാക്ഷ്യപെടുത്തുന്നതിന് വേണ്ടിയാണ് മസ്റ്ററിംഗ് നടത്തുന്നത്. ഇതിനായി ഏതെങ്കിലും അക്ഷയ കേന്ദ്രത്തില്‍ നേരിട്ട് പോയി വിരലടയാളം വഴിയോ, കണ്ണ് ഉപയോഗിച്ചോ മസ്റ്ററിംഗ് ചെയ്യാവുന്നതാണ്.

കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ മുഖേനെ നല്‍കുന്ന സാമൂഹ്യസുരക്ഷാ പെന്‍ഷനുകളായ വാര്‍ദ്ധക്യകാല പെന്‍ഷന്‍, കര്‍ഷക തൊഴിലാളി പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, 50 വയസ്സിന് മുകളിലുള്ള അവിവാഹിത പെന്‍ഷന്‍ എന്നിവ വാങ്ങുന്നവരും, കൂടാതെ ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവരും മസ്റ്ററിംഗ് നടത്തേണ്ടതാണ്.

മസ്റ്ററിംഗ് നടത്തുന്നതിന് അക്ഷയ കേന്ദ്രങ്ങളില്‍ പണം നല്‍കേണ്ടതില്ല. തികച്ചും സൗജന്യമായാണ് സര്‍ക്കാര്‍ ഈ സേവനം നല്‍കുന്നത്. അക്ഷയ കേന്ദ്രങ്ങള്‍ക്കാവശ്യമായ തുക സര്‍ക്കാര്‍ നല്‍കുന്നതാണ്. ഏതെങ്കിലും അക്ഷയകേന്ദ്രങ്ങള്‍ പണം ആവശ്യപെട്ടാല്‍ തദ്ദേശസ്ഥാപനത്തിലോ, അക്ഷയ ജില്ലാ ഓഫീസിലോ പരാതി നല്‍കാവുന്നതാണ്.

മസ്റ്ററിംഗ് നടത്തുന്നതിന് പെന്‍ഷന്‍ വാങ്ങുന്ന വ്യക്തി നേരിട്ട് തന്നെ നിര്‍ബന്ധമായും അക്ഷയയില്‍ പോകേണ്ടതാണ്. ഗുണഭോക്താവ് പെന്‍ഷന്‍ വാങ്ങുന്നതിനായി തദ്ദേശസ്ഥാപനത്തില്‍ സമര്‍പ്പിച്ച ആധാറിലുള്ള വിരലടയാളവും മസ്റ്ററിംഗ് നടത്തുന്ന സമയത്തെ വിരലടയാളവും ഒന്നായാല്‍ മാത്രമേ മസ്റ്ററിംഗ് മുഖേനെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ.

നിലവിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നവംബര്‍ 30 വരെ അക്ഷയ കേന്ദ്രങ്ങളില്‍ ചെന്ന് മസ്റ്ററിംഗ് നടത്താവുന്നതാണ്. മസ്റ്ററിംഗ് നടത്തുന്നതിന് ആധാര്‍ കാര്‍ഡ്, പെന്‍ഷന്‍ ഐഡി എന്നിവ കൊണ്ടു ചെല്ലേണ്ടതാണ്. ആധാര്‍ കാര്‍ഡ് ഇല്ലാതെ പെന്‍ഷന്‍ വാങ്ങുന്നവരാണെങ്കില്‍ ഗസറ്റഡ് ഓഫീസറില്‍ നിന്നോ വില്ലേജ് ഓഫീസറില്‍ നിന്നോ ലൈഫ് സര്‍ട്ടിഫിക്കറ്റ് വാങ്ങി തദ്ദേശസ്ഥാപനത്തില്‍ നല്‍കണം.

കിടപ്പുരോഗം കാരണം അക്ഷയയില്‍ നേരിട്ട് ചെല്ലാന്‍ പറ്റാത്തവര്‍ അടുത്ത ബന്ധുക്കള്‍ മുഖേന പെന്‍ഷന്‍ വാങ്ങുന്ന തദ്ദേശസ്ഥാപനത്തെ 2019 നവംബര്‍ 29 ന് മുമ്പായി ഈ വിവരം അറിയിക്കണം. അങ്ങനെ അറിയിക്കുന്നവരുടെ വീട്ടില്‍ വന്ന് മസ്റ്ററിംഗ് നടത്തുന്നതാണ്. ഈ സേവനവും തികച്ചും സൗജന്യമാണ്.