Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

സംസ്ഥാനത്ത് 14 സംയോജിത ചെക്ക് പോസ്റ്റുകള്‍ നിര്‍മിക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ 14 സംയോജിത ചെക്ക് പോസ്റ്റുകള്‍ നിര്‍മിക്കുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. വനസംരക്ഷണം ഉറപ്പാക്കുക, വനകുറ്റക്യത്യങ്ങള്‍ തടയുക, വന ഉത്പന്നങ്ങളുടെ കള്ളക്കടത്ത് തടയുക, ടൂറിസ്റ്റുകള്‍ക്ക് സഹായമൊരുക്കുക, വനവിഭവങ്ങളുടെ വിപണനത്തിനുള്ള സൗകര്യമൊരുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ചെക്ക് പോസ്റ്റുകള്‍ നിര്‍മിക്കുന്നത്. വനംവകുപ്പ് പൊന്മുടിയില്‍ കല്ലാര്‍ ഗോള്‍ഡന്‍ വാലിയില്‍ നിര്‍മിക്കുന്ന ‘ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ്’ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

വനശ്രീ ഇക്കോ ഷോപ്പ്, വനസംരക്ഷണത്തിനെ കുറിച്ചുള്ള സന്ദേശങ്ങള്‍ പങ്കുവെയ്ക്കുന്ന തരത്തിലുള്ള നോളഡ്ജ് സെന്റര്‍, മറ്റ് അനുബന്ധ സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സംയോജിത വനം ചെക്ക് പോസ്റ്റ് കോംപ്ലക്സുകളാണ് നിര്‍മിക്കുക. ഇത്തരത്തിലുള്ള സംയോജിത ഫോറസ്റ്റ് ചെക്ക് പോസ്റ്റ് ആദ്യമായിട്ടാണ് വനംവകുപ്പ് നടപ്പിലാക്കുന്നത്. വനശ്രീ ഇക്കോ ഷോപ്പുകള്‍ ആരംഭിക്കുന്നതു വഴി അതത് മേഖലയിലെ വനസംരക്ഷണ സമിതികളെ ശാക്തീകരിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് ചെക്ക് പോസ്റ്റുകളുടെ നിര്‍മാണം. ഏതാണ്ട് 10 കോടി 77 ലക്ഷം രൂപയാണ് ചെലവ് വരുന്നത്. വനംവകുപ്പ് ഇത്തരത്തില്‍ നിര്‍മിക്കുന്ന പതിനാല് ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റുകളിലൊന്നാണ് കല്ലാറിലേത്. 62 ലക്ഷമാണ് കല്ലാറിലെ ചെക്ക് പോസ്റ്റിന്റെ നിര്‍മാണ ചെലവ്. ഒരു വര്‍ഷത്തിനുള്ളില്‍ ചെക്ക് പോസ്റ്റുകളുടെ നിര്‍മാണ പദ്ധതികള്‍ പൂര്‍ത്തീകരിക്കാനാണ് നബാര്‍ഡ് അംഗീകാരം നല്‍കിയിട്ടുള്ളതെങ്കിലും മാര്‍ച്ച് 22 ഓടു കൂടി നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.