Agriculture

Entertainment

August 8, 2022

BHARATH NEWS

Latest News and Stories

ബലിപെരുന്നാൾ ആഘോഷങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചു മാത്രം

കോഴിക്കോട്: ബലിപെരുന്നാളിനോടനുബന്ധിച്ച ചടങ്ങുകളും ആഘോഷങ്ങളും കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചു കൊണ്ടു മാത്രം നടത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ജയശ്രീ വി അറിയിച്ചു. രോഗവ്യാപനം തടയാനുള്ള കരുതലോടെ കോവിഡ് പെരുമാറ്റ ശീലങ്ങളായ ഡബിൾ മാസ്ക് ധാരണം, സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ചുള്ള കൈകളുടെ അണുവിമുക്തി, ആളുകൾ തമ്മിൽ ഇടപെടുമ്പോൾ രണ്ടു മീറ്റർ സാമൂഹിക അകലം പാലിക്കൽ എന്നിവയിൽ ഒരു സാഹചര്യത്തിലും വിട്ടുവീഴ്ച വരുത്തരുത്.

തിരക്കും ആൾക്കൂട്ടവുമുണ്ടാകുന്ന സാഹചര്യങ്ങൾ പൂർണ്ണമായും ഒഴിവാക്കണം. പള്ളികളിൽ നമസ്കാരത്തിന് പരമാവധി 40 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. കോവിഡ് വ്യാപനത്തിനെതിരെയുള്ള ജാഗ്രതയെന്ന നിലയിൽ ഹസ്തദാനം , ആലിംഗനം മുതലായവ ഒഴിവാക്കാൻ ശ്രദ്ധിക്കണം. പള്ളികളിൽ കൈകൾ അണുവിമുക്തമാക്കാനുള്ള സോപ്പ്, സാനിറ്റൈസർ മുതലായവ ആവശ്യത്തിന് ലഭ്യമാക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം.  ഗൃഹസന്ദർശനങ്ങളും കുടുംബ സന്ദർശനങ്ങളും വിരുന്ന് സൽക്കാരങ്ങളും മറ്റൊരവസരത്തിലേക്ക് മാറ്റി വയ്ക്കാൻ ശ്രദ്ധിക്കണം. അത്യാവശ്യമുണ്ടെങ്കിൽ മാത്രമേ യാത്ര ചെയ്യാവൂ. കൂട്ടം ചേർന്നുള്ള വിനോദങ്ങളും മറ്റു ഒത്തുചേരലുകളും  രോഗവ്യാപന സാധ്യത മുൻ നിർത്തി പൂർണ്ണമായും ഒഴിവാക്കണം.

കോവിഡ് മുക്തമായ ഒരു നാടിനെ വീണ്ടെടുക്കുന്നതിന് നമുക്ക് നമ്മുടെ ആഘോഷങ്ങളും ആചരണങ്ങളും നിയന്ത്രണങ്ങളോടെ എന്നാൽ അർത്ഥപൂർണ്ണമായി ആഘോഷിക്കാമെന്ന് ഡി.എം.ഒ അറിയിച്ചു.