Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

മങ്ങലംകളിയും അലാമിക്കളിയും കാഞ്ഞങ്ങാട്ടെ കലാസന്ധ്യകള്‍ക്ക് മാറ്റു കൂട്ടും

കാസര്‍കോട്: അറുപതാമത് കേരള സ്‌കൂള്‍ കലോത്സവം കാഞ്ഞങ്ങാട് കൊടിയേറുമ്പോള്‍, അലാമിപ്പള്ളി പരിസരം നാടിന്റെ തനതുകലകളായ മങ്ങലംകളിയുടേയും അലാമിക്കളിയുടേയും ചുവടുകള്‍ കൊണ്ട് ഉത്സവ ലഹരിയിലേക്ക്  നടന്ന് കയറും. കലോത്സവത്തില്‍ ഇനങ്ങള്‍ അല്ലെന്നിരിക്കിലും കാസര്‍കോടിന്റെ സാംസ്‌കാരിക ഭൂപടത്തില്‍ ഈ കലകള്‍ക്കുള്ള സ്ഥാനം തന്നെയാണ് സാംസ്‌കാരിക സന്ധ്യയില്‍ ആസ്വാദകര്‍ക്കായി ഇവ അവതരിപ്പിക്കാന്‍ സംഘാടകരേയും പ്രേരിപ്പിക്കുന്നത്.

തുടിതാളത്തിനൊപ്പം ചുവടുവെയ്ക്കുന്ന മങ്ങലം കളി


കാസര്‍കോടിന്റെ കിഴക്കന്‍ മേഖലകളിലെ മാവിലന്‍, മലവേട്ടുവന്‍ സമുദായങ്ങളുടെ ഇടയില്‍ പ്രചാരത്തിലുള്ള ഒരു സംഗീത- നൃത്തരൂപമാണ് മങ്ങലംകളി.ഈ വിഭാഗങ്ങളുടെ വിവാഹാഘോഷ ചടങ്ങുകളില്‍ കാണുന്ന സവിശേഷതയാര്‍ന്ന ഒരു കലാരൂപമാണിത്. മലവേട്ടുവരും മാവിലരും പാടുന്ന പാട്ടുകള്‍ തമ്മില്‍ വ്യത്യാസം ഉണ്ടെന്നിരിക്കിലും അവതരണത്തില്‍ മൗലികമായ വ്യത്യാസം കാണാന്‍ കഴിയില്ല. പാട്ടിന്റേയും തുടിയുടേയും താളത്തിനൊത്ത് സ്ത്രീ പുരുഷന്‍മാര്‍ നൃത്തം ചവിട്ടും.

പ്ലാവ്, മുരിക്ക് തുടങ്ങിയ മരങ്ങളുടെ തടിയില്‍ ഉടുമ്പ്, വെരുക് തുടങ്ങിയ മൃഗങ്ങളുടെ തോല് ചേര്‍ത്ത് കെട്ടിയാണ് തുടി നിര്‍മ്മിക്കുന്നത്. ശബ്ദം ക്രമീകരിക്കാനുള്ള പ്രത്യേക സംവിധാനം ചെണ്ടയിലെന്ന പോലെതന്നെ തുടിയിലുമുണ്ട്. ചെറുതും വലുതുമായ തുടികളുടെ ശബ്ദത്തില്‍ നല്ല വ്യത്യാസമുണ്ടാകും. മങ്ങലംകളിയില്‍ ഏഴ് തുടികളാണ് സാധാരണയായി ഉപയോഗിച്ചു വരുന്നത്.

കല്യാണപന്തലിലാണ് മങ്ങലംകളി അരങ്ങേറുക. കാരണവന്മാരും മൂപ്പന്മാരും സദസ്സില്‍ വന്നിരിക്കും. കല്യാണപന്തലിലെ മധ്യഭാഗത്തുള്ള തൂണിനു ചുറ്റുമായി മുപ്പതോളം സ്ത്രീ -പുരുഷന്‍മാര്‍ നൃത്തം ചവിട്ടുന്ന രീതിയാണ് മങ്ങലം കളിയുടേത്. പുരുഷന്മാര്‍ മാത്രമാണ്  വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നത്. രാത്രിയില്‍ ആരംഭിച്ച കളി പുലര്‍ച്ച വരെ തുടരും.

മങ്ങലംകളിയില്‍ പാടുന്ന പാട്ടുകളില്‍ കല്യാണചടങ്ങുകളെക്കുറിച്ച് പ്രത്യകിച്ച് പ്രതിപാദിച്ചുകാണാറില്ല. മനുഷ്യജീവിതത്തിന്റെ വ്യക്തമായ പ്രതിഫലനമാണ് പല പാട്ടുകളിലും കാണുന്നത്. മിക്ക പാട്ടുകള്‍ക്കും അതിന്റേതായ ഈണവും ഉണ്ടാകും. ഒരു പാട്ടില്‍ നിന്നും മറ്റൊരു പാട്ടിലേക്ക് കടക്കുമ്പോള്‍ താളം മാറ്റാനുള്ള അസാധാരണമായ കഴിവ് തുടി ഉപയോഗിക്കുന്നവര്‍ക്ക് ഉണ്ടാകും. ഓരോ പാട്ടിലും ഓരോ കഥയായിരിക്കും പ്രതിപാദിക്കുന്നത്. വൈവിധ്യമാര്‍ന്ന ആശയമുള്‍ക്കൊള്ളുന്ന പാട്ടുകള്‍ തുളുവിലും മലയാളത്തിലുമാണുള്ളത്. ഈ കലയെ ജനകീയമാക്കിയതില്‍ മുഖ്യപങ്ക് വഹിച്ച വ്യക്തിത്വമാണ് പരപ്പ പുലിയംകുളം സ്വദേശിനിയായ കാരിച്ചിയമ്മ.

മേലാസകലം കരിവാരിത്തേച്ച് അലാമിക്കളി

കാസര്‍കോട് ജില്ലയില്‍ പ്രചാരത്തിലുണ്ടായിരുന്ന അനുഷ്ഠാന കലാരൂപമാണ് അലാമിക്കളി. ഹനഫി വിഭാഗത്തില്‍പ്പെട്ട ഫക്കീര്‍മാരായിരുന്ന അലാമികളായിരുന്നു ഇവര്‍. മുസ്ലീമുകളായ ഇവരെ തുര്‍ക്കന്മാരെന്നും സാഹിബന്‍മാരെന്നുമാണ് നാട്ടുകാര്‍ വിളിച്ചിരുന്നത്. ടിപ്പുവിന്റെ സൈനികരില്‍പ്പെട്ടവരായിരുന്നു ഇവരെന്നാണ് കണക്കാക്കുന്നത്.

അലാമികളുടെ ആരാധനസഥലത്തിനും സവിശേഷതകളുണ്ട്. തീ കുണ്ഡത്തിന്റെ ആകൃതിയിലുള്ള ഒരു കല്‍ത്തറയാണ് ഇത്. കാഞ്ഞങ്ങാടിനടുത്ത് പുതിയകോട്ടയ്ക്കു സമീപമുള്ള ഈ സ്ഥലം ‘അലാമിപള്ളി’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇസ്ലാമിന്റെ ചരിത്രത്തിലെ നിര്‍ണ്ണായകമായ കര്‍ബാല യുദ്ധത്തിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ വേണ്ടിയായിരുന്നു അലാമി ആഘോഷത്തിന്റെ തുടക്കം. കര്‍ബാല യുദ്ധത്തില്‍ ശത്രുക്കള്‍ കറുത്ത വേഷമണിഞ്ഞ് കുഞ്ഞുങ്ങളെ ഭയപ്പെടുത്തിയിരുന്നാണ് വിശ്വാസം. ആ വേഷപ്പകര്‍ച്ച അലാമിക്കളിയിലും കാണാന്‍ കഴിയും.

അലാമിക്കളിക്കാര്‍ കരിതേച്ച് ശരീരം കറുപ്പിച്ച്, അതോടൊപ്പം വെളുത്ത വട്ടപ്പുള്ളികളും ഇടും. ഇലകളും പഴങ്ങളും കൊണ്ടുള്ളതാണ് കഴുത്തില്‍ നീളന്‍ മാലകള്‍ ധരിക്കും. നീളമേറിയ പാളത്തൊപ്പി തലയില്‍ അണിയും. തൊപ്പിയില്‍ ചുവന്ന തെച്ചിപ്പൂവും ചൂടും. മുട്ടുമറയാത്ത മുണ്ടാണ് കളിക്കാര്‍ ഉടുക്കുന്നത്. മണികള്‍ കെട്ടിയിട്ട ചെറിയവടി കയ്യില്‍ ഉണ്ടാകും. കറുത്ത തുണികൊണ്ടുള്ള സഞ്ചി മാറാപ്പായി തൂക്കും. അലാമി സംഘങ്ങള്‍ക്ക് നാടുചുറ്റുന്ന പതിവുണ്ട്. താളത്തിലുള്ള പാട്ടുകളും അലാമിക്കളിയുടെ പ്രത്യേകതയാണ്. ഈ പാട്ടും പാടിയാണ് സംഘം നാടുചുറ്റുന്നത്. വീടുകളില്‍ ചെന്ന് വൃത്തത്തില്‍ നിന്ന് നൃത്തം ചെയ്ത്, ഭിക്ഷ സ്വീകരിക്കും.

വിവിധ സംസ്‌കാരങ്ങളുടെ സമന്വയവും ഈ ആഘോഷ ചടങ്ങുകളില്‍ കാണാന്‍ കഴിയും. വിഗ്രഹാരാധന, അഗ്‌നിപ്രദക്ഷിണം, എഴുന്നള്ളിപ്പ് തുടങ്ങിയ ചടങ്ങുകള്‍ അലാമിക്കളിയിലൂടെ ഇസ്ലാമിലെ അനുഷ്ഠാനങ്ങളുമായി ഇഴചേര്‍ന്നു. വിശ്വാസത്തിന്റെ വേലിക്കപ്പുറത്തേക്കു കടന്നുപോയ അലാമിക്കളി ഒരു കൂട്ടായ്മയുടെ ജീവിതപാഠമായിരുന്നു എന്നുവേണം വിലയിരുത്താന്‍. ജാതിമതലിംഗവര്‍ഗ്ഗ ചിന്തകള്‍ക്കപ്പുറം മാനവീകതയുടെ ആശയം അരക്കെട്ടുറപ്പിക്കുന്ന കലകളുടെ ശീലുകള്‍ ഒരു ഭാഗത്ത് പൊടി പൊടിക്കുമ്പോള്‍ കാസര്‍കോടിന്റെ തനത് കലകളായ മംഗലം കളിയും അലാമിക്കളിയും അലാമിപ്പള്ളി പരിസരത്തെ ഉണര്‍ത്തും.