Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

ക്ലാസ് മുറിയില്‍ നിന്നും പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

വയനാട്: ക്ലാസ് മുറിയില്‍ നിന്ന് പാമ്പുകടിയേറ്റ വിദ്യാര്‍ഥിനി മരിച്ചു. പുത്തന്‍കുന്ന് ചിറ്റൂരിലെ നൊത്തന്‍ വീട്ടില്‍ അഡ്വ. അസീസിന്റെ മകള്‍ ഷഹല ഷെറീന്‍ (10) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് മൂന്നര മണിയോടെ ബത്തേരി ഗവ. സര്‍വജന സ്‌കൂളില്‍ നിന്നാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്.

ഇന്നലെ വൈകിട്ട് മൂന്നരയോടെ ക്ലാസ് മുറിയിലെ ഭിത്തിയോടു ചേര്‍ന്ന പൊത്തില്‍ കുട്ടിയുടെ കാല്‍ പെടുകയും പുറത്തെടുത്തപ്പോള്‍ ചോര കാണുകയും ചെയ്തതായാണ് അദ്ധ്യാപകര്‍ പറയുന്നത്. തുടര്‍ന്ന് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും എത്തിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു കൊണ്ടു പോകും വഴി നില വഷളാവുകയും വൈത്തിരിയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നതായും ലക്ഷണങ്ങള്‍ പാമ്പുകടിയേറ്റതിന്റെ ആണെന്നും കുട്ടിയെ പരിശോധിച്ച ഡോ. ജാക്‌സണ്‍ തോമസ് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.

എന്നാല്‍ സഹപാഠിയുടെ കാല്‍ പൊത്തില്‍ പെട്ടിട്ടില്ല എന്നാണ് മറ്റു വിദ്യാര്‍ത്ഥികള്‍ പറയുന്നത്. മാത്രമല്ല, ഷഹലയ്ക്ക് ചികിത്സ നല്‍കാന്‍ വൈകിപ്പിച്ചതായും വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെടുന്നുണ്ട്. കാലില്‍ മുറിപ്പാടും രക്തവും കണ്ട ഉടന്‍ തന്നെ ഷഹലയെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ അവള്‍ ഇപ്പോള്‍ തങ്ങളോടൊപ്പം ഉണ്ടാകുമായിരുന്നുവെന്നും ഏതാണ്ട് അര മണിക്കൂറോളം ചികിത്സ വൈകിപ്പിച്ചതായും സഹപാഠികള്‍ പറയുന്നു.

ബത്തേരി സര്‍ക്കാര്‍ സര്‍വജന സ്‌കൂളിലെ ക്ലാസ് മുറികളില്‍ ഇഴജന്തുക്കള്‍ക്ക് കയറിക്കൂടാവുന്ന തരത്തിലുള്ള നിരവധി മാളങ്ങളാണ് ഉള്ളത്. അധ്യയനവര്‍ഷം ആരംഭിക്കുന്നത് മുമ്പ് ഫിറ്റ്‌നസ് പരിശോധിക്കണമെന്ന നിബന്ധന പാലിക്കുന്നതില്‍ വീഴ്ചയുണ്ടെന്നാണ് സൂചന.

സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴചയുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് പ്രധാന അദ്ധ്യാപകനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.