Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

കേരള മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ബില്‍ നിയമസഭ പാസാക്കി

സംസ്ഥാനത്തെ നഗര ഗതാഗതത്തിന്റെ ആസൂത്രണം, മേല്‍നോട്ടം, ഏകോപനം, വികസനം, നിയന്ത്രണം എന്നിവയ്ക്കായി മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റികള്‍ രൂപീകരിക്കാനുള്ള ബില്‍ നിയമസഭ പാസാക്കി. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരം ഒരു നിയമനിര്‍മ്മാണം. യന്ത്രവല്‍കൃതമല്ലാത്തതുള്‍പ്പെടെയുള്ള വിവിധ ഗതാഗത സംവിധാനങ്ങളുടെ ഏകോപനം, ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റത്തില്‍ അധിഷ്ഠിതമായ എല്ലാ ഗതാഗത സംവിധാനങ്ങള്‍ക്കും യോജിച്ചതും ഏകോപിപ്പിച്ചതുമായ സ്മാര്‍ട്ട് ടിക്കറ്റ് വിതരണ സംവിധാനം, നഗര ഗതാഗത സേവനം മെച്ചപ്പടുത്തല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കെല്ലാം ബില്ലില്‍ വ്യവസ്ഥ ചെയ്യുണ്ട്.

ഗതാഗത വകുപ്പുമന്ത്രി ചെയര്‍പേഴ്‌സണായും ഗതാഗത വകുപ്പു സെക്രട്ടറി വൈസ് ചെയര്‍പേഴ്‌സണായും ഉള്ള അതോറിറ്റിയില്‍ നാല് വിദഗ്ദ്ധര്‍ ഉള്‍പ്പെടെ 18 അംഗങ്ങള്‍ ഉണ്ടാകും. അതോറിറ്റി രൂപീകരിക്കാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി അര്‍ബന്‍ മൊബിലിറ്റി പ്രദേശങ്ങള്‍ പ്രഖ്യാപിച്ചു വിജ്ഞാപനം പുറപ്പെടുവിക്കും. ഇതിന്റെ അതിരുകളും പ്രദേശങ്ങളും കാണിക്കുന്ന ഭൂപടം പ്രസിദ്ധപ്പെടുത്തും. എന്നാല്‍ വിജ്ഞാപനം പുറപ്പെടുവിക്കാതെ ആക്ട്പ്രകാരം തന്നെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധി അര്‍ബന്‍ മൊബിലിറ്റി പ്രദേശങ്ങളാണ്.

അര്‍ബന്‍ മൊബിലിറ്റി പ്രദേശത്ത് മറ്റ് പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയോ ഒഴിവാക്കുകയോ ചെയ്യാം. ഒരു അര്‍ബന്‍ മൊബിലിറ്റി പ്രദേശത്തിന് ഒരു അതോറിറ്റിയാണ് രൂപീകരിക്കാവുന്നത്. ആദ്യം കൊച്ചി കോര്‍പ്പറേഷന്‍ പരിധി ഉള്‍പ്പെടുന്ന അര്‍ബന്‍ മൊബിലിറ്റി പ്രദേശത്ത് അതോറിറ്റി സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. മറ്റ് നഗരങ്ങളിലും അര്‍ബര്‍ മൊബിലിറ്റി പ്രദേശങ്ങളായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളിലും അതോറിറ്റി സ്ഥാപിക്കുന്ന കാര്യം പിന്നീട് പരിശോധിക്കാവുന്നതാണ്.

നഗരഗതാഗതത്തിന്റെ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കി എല്ലാ വകുപ്പുകളെയും ഒരു കുടക്കീഴിലാക്കാനും നഗര ഗതാഗതം സംബന്ധിച്ച തീരുമാനങ്ങളെടുക്കുമ്പോള്‍ വകുപ്പുകളുടെ ഏകോപനം ഉണ്ടാക്കാനും അതോറിറ്റി രൂപീകരണത്തിലൂടെ സാധിക്കും. വകുപ്പുകള്‍ വിവിധ പദ്ധതി പ്രവര്‍ത്തനങ്ങളും നിര്‍മ്മാണ പ്രവര്‍ത്തികളും നടപ്പാക്കുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഇല്ലാതാക്കാനും ഇത്തരം പ്രവൃത്തികള്‍ അതോറിറ്റി മുഖേന ഏകോപിപ്പിക്കാനാകും.

പ്രദേശ വികസന പ്ലാനുമായി സംയോജിപ്പിച്ച് സമഗ്ര മൊബിലിറ്റി പ്ലാന്‍ അഞ്ചുവര്‍ഷ ഇടവേളകളില്‍ തയ്യാറാക്കുകയും പുതുക്കുകയും ചെയ്യുക, നഗരങ്ങളിലെ യാത്രക്കാര്‍ക്ക് ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നല്‍കുതിന് വെബ് അധിഷ്ഠിത ഉപഭോക്തൃ വിവരാന്വേഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക, നഗര ഗതാഗതത്തിന്റെ ഏകോപനം, സംയോജിതമായ ഗതാഗത ശൃംഖല നടത്തിക്കൊണ്ടുപോകുക തുടങ്ങിയവ അതോറിറ്റിയുടെ ചുമതലകളില്‍പ്പെടും.

മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയില്‍ സ്വകാര്യ ബസുകളുടെ സംയോജിത സമയക്രമീകരണം, റൂട്ട് പുനക്രമീകരണം എന്നിവ സംബന്ധിച്ച പൂര്‍ണചുമതല അതോറിറ്റിക്കാണ്. മാസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കാര്യക്ഷമമാക്കാന്‍ സ്റ്റേജ് കാര്യേജ് ബസ്സുകളുടെ റോഡ് ടാക്‌സ് കുറയ്ക്കുകയും പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ബസ് സ്റ്റാന്‍ഡ് ഫീസ്, ടോള്‍ എന്നിവ ഒഴിവാക്കാനും ബില്ലില്‍ നിര്‍ദ്ദേശമുണ്ട്. പ്രധാനകേന്ദ്രങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, ബസ് സ്റ്റോപ്പുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവയ്ക്ക് സമീപം ഓട്ടോ, ടാക്‌സി പാര്‍ക്കിംഗ് സൗകര്യവും നഗരങ്ങളിലെ പ്രധാനകേന്ദ്രങ്ങളില്‍ തൊഴിലാളികള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യങ്ങളും വിശ്രമകേന്ദ്രങ്ങളും ഏര്‍പ്പെടുത്തുക, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ അതോറിറ്റി കൈക്കൊള്ളുക തുടങ്ങിയവയും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.

നഗര ഗതാഗതനിധി രൂപീകരിക്കുന്നതിനും ഗതാഗത നിക്ഷേപ പദ്ധതിയ്ക്ക് രൂപം നല്‍കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. നഗര ഗതാഗതത്തിന്റെ സംയോജനവും സംയോജിതമായ ഗതാഗത ശൃംഖല നടത്തിക്കൊണ്ടു പോകുക എന്നതും മെട്രോ പോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ പ്രധാന ചുമതലകളാണ്. ഇടതടവില്ലാത്ത ഗതാഗതത്തിനും മറ്റ് സമഗ്ര സൗകര്യങ്ങള്‍ക്കും അവ മെച്ചപ്പെടുത്തുന്നതിനും അതോറിറ്റിയ്ക്ക് ചുമതലയുണ്ടായിരിക്കും. ശാസ്ത്രീയമായി ബസ് മറ്റ് അനുബന്ധ ഗതാഗത സര്‍വ്വീസുകള്‍ ചിട്ടപ്പെടുത്തുന്നതോടു കൂടി മെട്രോ റെയില്‍ സംവിധാനത്തെക്കാള്‍ വിപുലമായ രീതിയില്‍ ഗതാഗതസംവിധാനം ഏര്‍പ്പെടുത്താനാകും. അതോറിറ്റി രൂപീകരണത്തിന് മുന്നോടിയായി തന്നെ നഗരഗതാഗത സംയോജനത്തിനായി ‘സീംലെസ് മൊബിലിറ്റി ഫോര്‍ കൊച്ചി’ എന്ന പദ്ധതി ആരംഭിച്ചിട്ടുണ്ട്.