Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ

കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതി. ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയ്ക്ക് മുന്നോടിയായി സര്‍വെ നടപടികള്‍ ആരംഭിച്ചു. കനത്ത മഴയില്‍ എപ്പോഴും വെള്ളക്കെട്ടുണ്ടാകാറുള്ള 27 ഡിവിഷനുകളിലാണ് ആദ്യഘട്ടത്തില്‍ സര്‍വെ നടത്തുന്നത്.

ഇതിന് പുറമെ നഗരത്തിലെ അഞ്ച് പ്രധാന കനാലുകളില്‍ ജലമൊഴുക്ക് തടസപ്പെടുന്നിനുള്ള കാരണം കണ്ടെത്തുന്നിന് വിവിധ വകുപ്പുകളിലെ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. തടസങ്ങള്‍ നീക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളും ആവശ്യമായി വരുന്ന ചെലവും നിര്‍ദേശിക്കാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പദ്ധതിയുടെ മേല്‍നോട്ടത്തിനായി വിവിധ വകുപ്പുകളുടെ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെട്ട ടെക്‌നിക്കല്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ബാലു വര്‍ഗീസ് (8075506260) ചെയര്‍മാനും കൊച്ചി കോര്‍പ്പറേഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എച്ച്. ടൈറ്റസ് (9539916395) കണ്‍വീനറുമാണ്. വെള്ളക്കെട്ട് നിവാരണത്തിനായി നടപ്പാക്കുന്ന ഒരു കോടി രൂപയ്ക്കുള്ളില്‍ വരുന്ന ജോലികളുടെ എസ്റ്റിമേറ്റുകള്‍ പരിശോധിച്ച് അംഗീകരിക്കേണ്ടത് ടെക്‌നിക്കല്‍ കമ്മിറ്റിയാണ്. ഇതിന് മുകളില്‍ വരുന്ന തുകയ്ക്കുള്ള എസ്റ്റിമേറ്റുകള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗീകരിക്കണം. വെള്ളക്കെട്ട് നിവാരണ ജോലി നടപ്പാക്കേണ്ട വകുപ്പുകളെ തിരഞ്ഞെടുക്കുന്നതും ടെക്‌നിക്കല്‍ കമ്മിറ്റിയാണ്. ഡിസംബര്‍ രണ്ടിനകം ടെക്‌നിക്കല്‍ കമ്മിറ്റി ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കും.

ജനുവരി ഒന്നിന് ആരംഭിക്കുന്ന വെള്ളക്കെട്ട് നിവാരണ പ്രവര്‍ത്തനങ്ങള്‍ 90 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ഈ പ്രവര്‍ത്തനങ്ങളുടെ ക്വാളിറ്റി ഓഡിറ്ററായി പ്രവര്‍ത്തിക്കും. വെള്ളക്കെട്ട് നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം നടപടി സ്വീകരിക്കാനും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.