Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

ശബരിമല: പ്ലാസ്റ്റിക് കുപ്പികളും കവറുകളും വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി

ശബരിമല ശരണപാതയില്‍ പ്ലാസ്റ്റിക് കുപ്പികളും കവറുകളും വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് പോലിസും ഫോറസ്റ്റും. ശബരിമല പോലീസ് സ്‌പെഷ്യല്‍ ഓഫീസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് പ്ലാസ്റ്റിക് നിരോധനം ശക്തമായി നടപ്പാക്കാനുള്ള തീരുമാനം കൈകൊണ്ടത്.

ശബരിമലയിലേക്കുള്ള കാനനപാതയില്‍ അപ്പാച്ചിമേട്, ശരംകുത്തി, ചരല്‍മേട് തുടങ്ങിയ സ്ഥലങ്ങളില്‍ അയ്യപ്പഭക്തര്‍ പ്ലാസ്റ്റിക് കുപ്പികളും കവറുകളും വലിച്ചെറിയുന്നത് വ്യാപകമായ പശ്ചാത്തലത്തിലാണ് ഇത്തരക്കാര്‍ക്കെതിരെ പിഴ ഈടാക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ശബരിമലയില്‍ പ്ലാസ്റ്റിക് നിരോധം കര്‍ശനമായി നടപ്പാക്കാന്‍ എല്ലാ അയ്യപ്പഭക്തരും സഹകരിക്കണമെന്നും അയ്യപ്പന്റെ പൂങ്കാവനമായ ശബരിമലയെ പുണ്യപൂങ്കവനമായി സംരക്ഷിക്കാന്‍ ഓരോ അയ്യപ്പഭക്തരും തയ്യാറാകണമെന്നും പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു. പ്ലാസ്റ്റിക് കുപ്പികളില്‍ കുടിവെള്ളം കൊണ്ടുവരുന്ന അയ്യപ്പഭക്തര്‍ ഉപയോഗം കഴിഞ്ഞ് കുപ്പികള്‍ തിരികെ കൊണ്ടുപോകേണ്ടതാണ്.

ശബരിമലയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കാന്‍ വേണ്ടിയിട്ടുള്ള നടപടികളാണ് കൈക്കൊള്ളുന്നത്. ഇരുമുടിക്കെട്ടില്‍ ആചാരാനുഷ്ഠാന പ്രകാരമുളള സാധനങ്ങളല്ലാതെ പ്ലാസ്റ്റിക് വസ്തുക്കള്‍ നിറക്കരുതെന്നും ഇക്കാര്യത്തില്‍ ഗുരുസ്വാമിമാര്‍ പ്രത്യേകം നിര്‍ദേശം നല്‍കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.