Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

കരയാനാകാതെ: ആശുപത്രിയിലേക്കുള്ള വഴിയില്‍ കണ്ണ് തുറന്ന് പിടിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കെ ആ മിഴികള്‍ അടഞ്ഞു

വയനാട്: മിടുക്കിയായിരുന്നു ഷഹ്‌ല ഷെറിന്‍. നാലാം ക്ലാസ്സ് വരെ ബത്തേരിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായിരുന്നു പഠിച്ചത്. കേരളമാകെ പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജം നടക്കുന്ന സമയം. അഭിഭാഷകനായ പിതാവ് സാമൂഹ്യ പ്രതിബദ്ധത കണക്കിലെടത്താണ് മകള്‍ ഷഹ്‌ലയെ ബത്തേരി സര്‍വ്വജന ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ചേര്‍ത്തത്. അത് മകളുടെ മരണത്തിലേക്കുള്ള യാത്രയുടെ തുടക്കമാകുമെന്ന് ആ പിതാവ് കരുതിയില്ല.

പഠനത്തില്‍ മിടുക്കിയായിരുന്നു ഷഹ്‌ല. ക്ലാസ്സ്മുറി അത്ര സ്മാര്‍ട്ടല്ലങ്കിലും ഷഹ്‌ല സ്മാര്‍ട്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് ക്ലാസ്സിലെ മാളത്തില്‍ കാല്‍ കുടുങ്ങിയപ്പോഴും പാമ്പ് കടിയേറ്റപ്പോഴും പകച്ച് നില്‍ക്കാതെ തനിക്ക് പാമ്പ് കടിയേറ്റുവെന്ന് എല്ലാവരോടും പറഞ്ഞത്.

ഏതൊരു സ്ഥാപനത്തിലെയും പോലെ ഒരു പട്ടാളച്ചിട്ടക്കാരന്‍ സര്‍വ്വജന സ്‌കുളിലുമുണ്ടായിരുന്നു. മുമ്പ് ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നോബിളെന്ന അധ്യാപകന്റെ പട്ടാളച്ചിട്ട കാരണം ജീവനൊടുക്കിയ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പോലെ ഇവിടെ ഷജില്‍ എന്ന അധ്യാപകന്റെ കാര്‍ക്കശ്യമാണ് ഷഹ്‌ലയെ മരണത്തിലേക്ക് തള്ളിവിട്ടത്. ഭൂരിഭാഗം അധ്യാപകര്‍ക്കും സ്വന്തമായി വാഹനമുള്ള സ്‌കൂളില്‍ ഒരു അധ്യാപിക സ്വന്തം കാറില്‍ കുട്ടിയെ കയറ്റാന്‍ ശ്രമിച്ചെങ്കിലും ഷജില്‍ തടഞ്ഞു.

പിതാവ് ഷഹ്‌ലയെ പല ആശുപത്രികളില്‍ കൊണ്ടുപോയി. നാലാമത്തെ ആശുപത്രിയില്‍ വെച്ചാണ് ഷഹ്‌ല മരണത്തെ പുല്‍കിയത്. പാമ്പുകടിയേറ്റ് അല്‍പ്പസമയം ഉന്‍മേഷവതിയായി തന്നെ കാണപ്പെട്ട കുട്ടി പതിയെ ക്ഷീണിതയും അവശയുമായി. ഒരിക്കല്‍ ഛര്‍ദ്ദിക്കുകയും ചെയ്തതോടെ ആരോഗ്യനില തീര്‍ത്തും വഷളായി. കാലില്‍നിന്ന് വിഷം ശരീരമാസകലം വ്യാപിച്ചുകൊണ്ടിരിക്കെ തന്റെ കണ്ണുകള്‍ നിദ്രാഭാരത്താല്‍ തളരുകയാണന്നാണ് ഷഹ്‌ല കരുതിയത്.

ഒരാശുപത്രിയില്‍ നിന്ന് മറ്റൊരാശുപത്രിയിലേക്ക് പോകുമ്പോള്‍ പിതാവിന്റെ മടിയിലിരുന്ന് ആ പിഞ്ചോമന തന്റെ കണ്ണുകള്‍ അടയാതിരിക്കാന്‍ ഇരു കൈകള്‍ കൊണ്ടും ബലത്തില്‍ തുറന്ന് പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. മെല്ലെ, ആ കൈകളും തളര്‍ന്നു. പിന്നെ എന്നേക്കുമായി ആ മിഴികള്‍ അടഞ്ഞു. ഷഹ്‌ല എന്ന മിടുക്കി ബാലിക ഒരു രക്തസാക്ഷിയായി.

പലരും കുറ്റാരോപിതരാണ്. ഷഹ്‌ലയുടെ മരണത്തിനുത്തരവാദികള്‍ ഒന്നും രണ്ടും പേരല്ല. ക്ലാസ്സ് മുറിയില്‍ ചെരുപ്പ് ഉപയോഗിക്കാന്‍ അനുവദിക്കാത്ത മേലധികാരികള്‍ മുതല്‍ പാമ്പ് കടിയേറ്റിട്ടും ആന്റിവെനം നല്‍കാത്ത ഡോക്ടര്‍മാരും മികച്ച ചികിത്സാ സംവിധാനം വയനാട്ടിലില്ലാത്തതിന്റെ പേരില്‍ ഭരണാധികാരികള്‍ വരെ ആ കുറ്റാരോപിതരുടെ പട്ടികയിലുണ്ട്. ഇനിയൊരു ജീവനും ഇങ്ങനെ ഇവിടെ കൊഴിഞ്ഞു വീഴരുത്.

 

റിപ്പോര്‍ട്ട്: ഷിബു സി വി