Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ്: തലശേരി സബ് കളക്ടര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

ഐ എ എസ് നേടാന്‍ വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന പരാതിയില്‍ തലശേരി സബ് കളക്ടര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി. സബ്ബ് കളക്ടര്‍ ആസിഫ് കെ യൂസഫിനെതിരായ പരാതിക്കാരനില്‍ നിന്നും വിജിലന്‍സ് മൊഴിയെടുത്തു. തിരുവനന്തപുരം സ്‌പെഷ്യല്‍ ഇനവെസറ്റിഗേഷന്‍ യൂണിറ്റ് ഒന്നാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം എറണാകുളം ജില്ലാ കളക്ടര്‍ നടത്തിയ പരിശോധനയില്‍ ആസിഫ് നല്‍കിയിട്ടുള്ള സര്‍ട്ടിഫിക്കറ്റ് തെറ്റാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആസിഫിന്റെ കുടുംബം ആദായ നികുതിയടക്കുന്നവരാണെന്നും പരീക്ഷയെഴുതുമ്പോള്‍ കുടുംബത്തിന്റെ വരുമാനം 28 ലക്ഷമാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

2015 ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 215-ാം റാങ്ക് നേടിയ ഉദ്യോഗസ്ഥനാണ് തൃക്കാക്കര സ്വദേശി ആസിഫ് കെ.യൂസഫ്. ഐ എ എസ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് തൊട്ടു മുന്‍പുള്ള മൂന്ന് വര്‍ഷത്തെ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ആറ് ലക്ഷത്തില്‍ താഴെയുള്ളവര്‍ക്കാണ് ഒ ബി സി സംവരണത്തിന് അര്‍ഹത.