Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

കേരള കര്‍ഷക ക്ഷേമനിധി ബില്‍ നിയമസഭ പാസാക്കി

കേരളത്തിലെ കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കി കേരള കര്‍ഷക ക്ഷേമനിധി ബില്‍ നിയമസഭ പാസാക്കി. ഇതോടെ ഇനി കര്‍ഷകര്‍ക്ക് പെന്‍ഷനും ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പായി. രാജ്യത്തുതന്നെ ആദ്യമായാണ് ഇത്തരത്തില്‍ കര്‍ഷക ക്ഷേമത്തിന് ബോര്‍ഡ് വരുന്നത്. കേരളത്തിന്റെ കാര്‍ഷികമേഖലയുടെ മുഖച്ഛായ മാറ്റുന്നതാണ് ഈ നിയമ നിര്‍മാണമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.

അഞ്ച് സെന്റിലേറെയും 15 ഏക്കറില്‍ താഴെയും സ്വന്തമോ പാട്ടത്തിനെടുത്തതോ ആയ ഭൂമിയുള്ള കൃഷിക്കാര്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കും. റബര്‍, കാപ്പി, തേയില, ഏലം തോട്ടവിള കൃഷിക്കാരേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭൂപരിധി ഏഴര ഏക്കര്‍ ആയി നിശ്ചയിച്ചു. 18 വയസ്സ് പൂര്‍ത്തിയായ എല്ലാ കൃഷിക്കാര്‍ക്കും പദ്ധതിയില്‍ അംഗങ്ങളാകാം. മാസം കുറഞ്ഞത് 100 രൂപ അംശാദായം അടക്കണം. അഞ്ച് വര്‍ഷത്തില്‍ കുറയാതെ അംശാദായം അടച്ചവര്‍ക്ക് 60 വയസ്സ് തികയുമ്പോള്‍ അംശാദായത്തിന്റേയും അടച്ച വര്‍ഷത്തിന്റേയും അടിസ്ഥാനത്തില്‍ പ്രതിമാസം പതിനായിരം രൂപ വരെ പെന്‍ഷന്‍ ലഭിച്ചേക്കും.

വാര്‍ഷിക വരുമാനം 5 ലക്ഷത്തില്‍ താഴെയാകണം. 25 വര്‍ഷം അംശാദായം അടച്ചവര്‍ക്ക് ഒറ്റത്തവണ നിശ്ചിത തുക ലഭിക്കും. അംഗങ്ങളായ എല്ലാ കര്‍ഷകര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. കര്‍ഷക ക്ഷേമനിധി ബോര്‍ഡ് രൂപീകരിച്ച ശേഷം പദ്ധതിയിലേക്കുളള രജിസ്‌ട്രേഷന്‍ തുടങ്ങും.