Agriculture

Entertainment

September 22, 2021

BHARATH NEWS

Latest News and Stories

നെല്ലുസംഭരണം: മില്ലുകാരുമായുള്ള കരാർ ഇരുപതാം തീയതിക്കകം പൂർത്തിയാക്കും-മന്ത്രി ജി.ആര്‍.അനില്‍

ആലപ്പുഴ: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് അതിവേഗം പരിഹാരം കാണാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും നെല്ലുസംഭരണം നടത്തുന്ന പാടശേഖരങ്ങളും മില്ലുടമകളുമായുള്ള കരാര് വരാന്‍ പോകുന്ന കൊയ്ത്തിന് മുമ്പ്, സെപ്റ്റംബര്‍  20ന് മുമ്പ്, പൂർത്തിയാക്കുന്നതിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു.  നെല്ല് സംഭരണം മുന്‍നിര്‍ത്തി ആലപ്പുഴ കളക്ടറേറ്റിൽ വ്യാഴാഴ്ച ചേർന്ന പാടശേഖര സമിതി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സപ്ലൈകോ ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഏതു പാടശേഖരത്തിൽ നിന്നും ഏത് മില്ല് ഉടമയാണ് നെല്ല് സംഭരിക്കുക എന്നത് സംബന്ധിച്ച തീരുമാനം കൊയ്ത്തിനു മുമ്പുതന്നെ എടുക്കുന്നതിന് നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. നെല്ല് സംഭരണത്തിനുള്ള രജിസ്ട്രേഷൻ ഓഗസ്റ്റ് 16 മുതൽ ആരംഭിച്ചിട്ടുണ്ട്. ഇതിനുള്ള പോര്‍ട്ടലില്‍ ഇതുവരെ 1729 കൃഷിക്കാരാണ് നെല്ല് സംഭരണത്തിനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്.  രജിസ്ട്രേഷൻ നടപടികൾ തുടരുകയാണെന്നും മന്ത്രി പറഞ്ഞു. കൃഷിക്കാരുടെ പ്രശ്നം പരിഹരിക്കുകയാണ് സർക്കാർ നയം. സംഭരണ മേഖലയിലെ ചൂഷണം ഒഴിവാക്കും. കൃഷിക്കാരെ ചൂഷണം ചെയ്യുന്ന ഇടത്തട്ടുകാരുടെ ഇടപെടൽ പരമാവധി ഒഴിവാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി  അനില്‍ പറഞ്ഞു.

നെല്ല് സംഭരണത്തിൽ പാഡി മാർക്കറ്റിംഗ് ഓഫീസർ, പാഡി പ്രൊക്യൂർമെൻറ് ഓഫീസർ എന്നീ തസ്തികകളില്‍ ആവശ്യമായ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് കൃഷി വകുപ്പ് മന്ത്രിയും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയും ചേർന്ന് തീരുമാനിച്ചു. ഉദ്യോഗസ്ഥരുടെ കുറവ് മൂലം നെല്ലുസംഭരണം നീണ്ടു പോകാനുള്ള അവസരം സൃഷ്ടിക്കരുത്. പാഡി അസിസ്റ്റൻറു മാരെ താൽക്കാലികമായി സപ്ലൈകോ നിയമിക്കും. നെല്ല് തൂക്കുന്നതിന് ആധുനിക തൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് നടപടി എടുക്കും. ഇതു സംബന്ധിച്ച കര്‍ഷകരുടെ പരാതി പരിഹരിക്കുമെന്നും മന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു.

നെല്ലിൻറെ ഈർപ്പം അളക്കുന്ന കാലഹരണപ്പെട്ട സംവിധാനം  ഒഴിവാക്കി ആലപ്പുഴ,കോട്ടയം, പത്തനംതിട്ട പാടങ്ങളുടെ  ആവശ്യത്തിനായി രണ്ട് മൊബൈൽ യൂണിറ്റുകൾ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതോടെ ഈര്‍പ്പ പരിശോധനാ രീതി മെച്ചപ്പെടും. നെല്ല് സംഭരിച്ചു കഴിഞ്ഞാൽ രണ്ടുദിവസത്തിനകം കർഷകർക്ക് പാഡി റസീപ്റ്റ് ഷീറ്റ് (പിആർഎസ്) കൊടുക്കുന്നതിന് കർശന നിർദ്ദേശം മന്ത്രി നൽകി. പി.ആര്‍.എസ് ഷീറ്റ് ബാങ്കിൽ കൊടുക്കുന്നതോടെ കർഷകർക്ക് എത്രയും പെട്ടെന്ന് പണം ലഭിക്കും. കര്‍ഷകര്‍ക്ക് പണം നല്‍കുന്നതിലെ കാലതാമസം സംബന്ധിച്ച്  ലീഡ് ബാങ്ക് ഉദ്യോഗസ്ഥരുമായും മന്ത്രി അനില്‍ ചര്‍ച്ച നടത്തി.

ജില്ലയില്‍ 2020-21 രണ്ടാം കൃഷിയും പുഞ്ച കൃഷിയും ഉള്‍പ്പടെ നെല്ല് സംഭരിച്ച വകയില്‍ സപ്ലൈകോ വഴി 431 കോടി രൂപ കര്‍ഷകര്‍ക്ക് നല്‍കിക്കഴിഞ്ഞതായി യോഗം വിലയിരുത്തി. 439 കോടി രൂപയാണ് ആകെ നല്‍കാനുള്ളത്. എട്ടുകോടി രൂപ മാത്രമാണ് കര്‍ഷകര്‍ക്ക് ഇനി നല്‍കാനുള്ളത്. നെല്ലിന്റെ കൈകാര്യച്ചെലവ് സംബന്ധിച്ച് സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കും. ജില്ലയിൽ ഒക്ടോബറിൽ കൊയ്ത്ത് തുടങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി അനില്‍ പറഞ്ഞു. ജില്ലയില്‍  15.97 ലക്ഷം മെട്രിക് ടണ്‍ നല്ല് ആണ് സപ്ലേകോ വഴി 2020-21 സംഭരിച്ചതെന്ന് മന്ത്രി പറ‍ഞ്ഞു.

നെല്ല് കർഷകർക്ക് സംഭരണ സമയത്ത് നെല്ലില്‍  കിഴിവ് വരുന്നത് യോഗം ചർച്ച ചെയ്തു.  അധികമായി വരുന്ന നഷ്ടം കൃഷിവകുപ്പിൽ നിന്ന് കൊടുക്കുന്ന കാര്യം പരിഗണിക്കാമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്  യോഗത്തിൽ പറഞ്ഞു. നെല്ല് സംഭരണത്തിന് പഞ്ചായത്ത് അടിസ്ഥാനത്തിൽ പാടശേഖരസമിതിയംഗങ്ങള്‍, ജനപ്രതിനിധികൾ, സപ്ലൈകോ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ ഉൾപ്പെടുത്തി  ജനകീയ കമ്മിറ്റി രൂപവത്കരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കൃഷി മന്ത്രി പറഞ്ഞു. നെല്ലിന്റെ ഗുണ പരിശോധനയിലും പ്രാദേശികമായി ജനപ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കും.

സംസ്ഥാനത്ത് കൃഷി ഓഫീസര്‍മാരുടെ നൂറോളം  ഒഴിവ് ഉണ്ട്. ഇത് 10 ദിവസത്തിനകം എംപ്ലോയ്മെന്റില്‍ നിന്ന് ആളെ എടുത്ത് നികത്തും. കൃഷി അസിസ്റ്റന്റുമാരുടെ ഒഴിവും എംപ്ലോയ്മെന്റില്‍ നിന്ന് നികത്തും. കര്‍ഷകര്‍ക്ക് ബുദ്ധിമുട്ട് ഇല്ലാതെ കുട്ടനാട്ടിലെ കാര്യങ്ങളില്‍ ഇടപെടീല്‍ ഉണ്ടാകുമെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. പരാതി പരിഹരിച്ച് ഗുണമേന്മയുള്ള വിത്ത് മാത്രമേ കേരളത്തിലെ നെല്‍കര്‍ഷകര്‍ക്ക് വിതരണം ചെയ്യാവൂ എന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.