Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

മഹാരാഷ്ട്രയില്‍ ബി.ജെ.പി മന്ത്രിസഭ അധികാരമേറ്റു

മുംബൈ: മഹാരാഷ്ട്രയില്‍ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ബി.ജെ.പി-എന്‍.സി.പി സഖ്യസര്‍ക്കാര്‍. ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്‌നാവീസ് മുഖ്യമന്ത്രിയായും എന്‍.സി.പിയുടെ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. രാജഭവനില്‍ ഗവര്‍ണര്‍ ഭഗത്സിങ് കോശിയാരി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

രാജ്ഭവനില്‍ രാവിലെ എട്ട് മണിയോടെയായിരുന്നു സത്യപ്രതിജ്ഞ. അനുരജ്ഞന ചര്‍ച്ചയുമായി രാത്രി ഫഡ്‌നാവിസ് അജിത് പവാറുമായി ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് പുലര്‍ച്ചയോടെയാണ് എന്‍ സി പി-ബിജെപി സഖ്യധാരണയുണ്ടായത്. പുലര്‍ച്ചെ ആറു മണിയോടെ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു.

മഹാരാഷ്ട്രയില്‍ വേണ്ടത് സ്ഥിരതയുള്ള സര്‍ക്കാരാണ് എന്നാണ് അജിത് പവാര്‍ പ്രതികരിച്ചത്. ജനങ്ങള്‍ ബി.ജെ.പിക്ക് വ്യക്തമായി ഭൂരിപക്ഷം നല്‍കിയതായും എന്നാല്‍ മറ്റു പാര്‍ട്ടികളുമായി ശിവസേന കൂട്ടുകൂടാന്‍ ശ്രമിച്ചത് രാഷ്ട്രപതി ഭരണത്തിലേക്ക്‌ സംസ്ഥാനത്തെ കൊണ്ടെത്തിച്ചെന്നും ഫഡ്‌നാവീസ് പറഞ്ഞു. സഖ്യസര്‍ക്കാറിന് പ്രധാനമന്ത്രി ഉള്‍പെടെയുള്ള ബി.ജെ.പി നേതാക്കള്‍ അനുമോദനം അറിയിച്ചു. മഹാരാഷ്ട്രയുടെ ശോഭനമായ ഭാവിയ്ക്കായി ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.

ശിവസേന-എന്‍ സി പി-കോണ്‍ഗ്രസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാനും ഗവര്‍ണറെ കാണാനുമുള്ള സമയം തീരുമാനിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി ഇന്ന് രാവിലെ സത്യപ്രതിജ്ഞ നടന്നത്. ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായിരുന്നു. എന്‍ സി പി മറുകണ്ടം ചാടിയതോടെ കോണ്‍ഗ്രസ്സിന് വന്‍ തിരിച്ചടിയാണ് നേരിട്ടത്. രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ചതിയാണ് നടന്നതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് 105, ശിവസേനയ്ക്ക് 56, കോണ്‍ഗ്രസ് 44, എന്‍ സി പി 54 , മറ്റുള്ളവര്‍ 29 എന്നിങ്ങനെയാണ് സീറ്റുകളാണ് ലഭിച്ചത്. എന്‍ സി പി പിന്തുണയോടെ 159 സീറ്റുകളാണ് ബി ജെ പിക്ക് ലഭിക്കുക. അധികാരത്തിലേറാന്‍ 144 സീറ്റുകളാണ് വേണ്ടത്.