Agriculture

Entertainment

September 21, 2021

BHARATH NEWS

Latest News and Stories

കേരളത്തിലെ സാക്ഷരതാ നിരക്ക് 96.20 ശതമാനമായി ഉയര്‍ന്നു: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: കേരളത്തിലെ സാക്ഷരതാ നിരക്ക് 96.20 ശതമാനമായി ഉയര്‍ന്നതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. നവ സാക്ഷരര്‍ക്ക് തുടര്‍ വിദ്യാഭ്യാസത്തിനുളള അവസരങ്ങളും സ്‌കൂള്‍ വിദ്യാഭ്യാസം മുടങ്ങിപ്പോയ 15 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് പഠിക്കുവാനുള്ള സംവിധാനവും നിരക്ഷരരെ സാക്ഷരരാക്കാനുള്ള സൗകര്യവും കേരളം ഒരുക്കിയത് സാക്ഷരതാ നിരക്ക് ഉയര്‍ത്തുന്നതിന് സഹായകരമായതായും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ജില്ലാ സാക്ഷരതാ മിഷനും സംയുക്തമായി സംഘടിപ്പിച്ച സാക്ഷരതാ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

പട്ടികവര്‍ഗ്ഗവിഭാഗങ്ങള്‍, പട്ടികജാതിക്കാര്‍, തീരദേശവാസികള്‍, ചേരിനിവാസികള്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്, അതിഥി തൊഴിലാളികള്‍ തുടങ്ങി പാര്‍ശ്വവത്കരിക്കപ്പെട്ടവരെ തുടര്‍വിദ്യാഭ്യാസത്തിലേക്ക് എത്തിക്കുവാന്‍ കഴിഞ്ഞത് സംസ്ഥാനത്തിന്റെ പ്രധാന നേട്ടമാണ്. അതോടൊപ്പം സാമൂഹിക സാക്ഷരത, സാക്ഷരതയുടെ ഭാഗമാണെന്ന ബോധത്തിലേക്ക് സാക്ഷരതാ പ്രവവര്‍ത്തനത്തെ ഉയര്‍ത്തുവാന്‍ കഴിഞ്ഞു. ലിംഗസമത്വം, ഭരണഘടന നവോത്ഥാനം തുടങ്ങിയ വിഷയങ്ങള്‍ സാക്ഷരതയുടെ ഭാഗമായി ഉള്‍പ്പെടുത്തി. വിദ്യാര്‍ത്ഥികള്‍, ജനപ്രതിനിധികള്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങി പല മേഖലകളിലുള്ളവരെയും സാക്ഷരതാ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ സാക്ഷരതാ നിരക്ക് ഉയര്‍ത്തുന്നതില്‍ സാക്ഷരതാ പ്രേരക്മാര്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. നിരക്ഷരരുടെ തുടര്‍വിദ്യാസത്തിന് ഊന്നല്‍ നല്‍കാന്‍ പ്രേരക്മാര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും എഴുത്തും വായനയും അറിയാത്തവരെ അക്ഷരം പഠിപ്പിക്കുന്നതോടൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ കൂടി അവരെ പഠിപ്പിക്കാന്‍ പ്രേരക്മാര്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

തുടര്‍ വിദ്യാഭ്യാസത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി കൂടതല്‍ തുക നീക്കിവെക്കുകയും മികച്ച രീതിയില്‍ പ്രവര്‍ത്തനം കാഴ്ചവെയ്ക്കുകയും ചെയ്ത വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത്, അഴൂര്‍ ഗ്രാമപഞ്ചായത്ത്, നെയ്യാറ്റിന്‍കര നഗരസഭ പ്രതിനിധികളെ മന്ത്രി ആദരിച്ചു. ജില്ലാ പഞ്ചായത്ത് ഇ എം എസ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ ഷൈലജ ബീഗം വിരമിച്ച പ്രേരക്മാരെ ആദരിച്ചു. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.