Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

ചെമ്പൈ സംഗീതോത്സവം തുടങ്ങി: ഗുരുപവനപുരി ഇനി 15 നാള്‍ സംഗീതസാന്ദ്രം

ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന പ്രസിദ്ധമായ ചെമ്പൈ സംഗീതോത്സവത്തിന് വേദിയുണര്‍ന്നു. ഇനി 15 ദിനരാത്രങ്ങള്‍ ഗുരുപവനപുരി സംഗീത സാന്ദ്രമാകും. രാവിലെ ക്ഷേത്രം ശ്രീലകത്ത് നിന്ന് പകര്‍ന്നു കൊണ്ടുവന്ന ദീപം ഉപയോഗിച്ച് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ചെമ്പൈ സംഗീത മണ്ഡപത്തിലെ നിലവിളക്ക് ക്ഷേത്രം തന്ത്രി ചേന്നാസ് ഹരി നമ്പൂതിരിപ്പാട് തെളിച്ചതോടെയാണ് 15 ദിവസം നീളുന്ന സംഗീതോത്സവത്തിന് തുടക്കമായത്.

ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ ഉപയോഗിച്ചിരുന്ന തംബുരു പാലക്കാട്ടെ ചെമ്പൈ ഗ്രാമത്തില്‍ നിന്നു കൊണ്ടുവന്ന് വൈകിട്ടോടെ ഗുരുവായൂര്‍ മഞ്ജുളാല്‍ പരിസരത്ത് നിന്നും ആനയിച്ച് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലെ ചെമ്പൈ സംഗീതോത്സവ മണ്ഡപത്തില്‍ പ്രതിഷ്ഠിച്ച് പുഷ്പാര്‍ച്ചന നടത്തിയാണ് സംഗീതക്കച്ചേരി ആരംഭിച്ചത്. സംഗീതോസവ മണ്ഡപത്തില്‍ പാലാ സി കെ രാമചന്ദ്രനാണ് ഉദ്ഘാടന സംഗീതക്കച്ചേരി നടത്തിയത്. തിരുവിഴ ശിവാനന്ദന്‍ വയലിനും കൊച്ചിന്‍ ബാലകൃഷ്ണ കമ്മത്ത് മൃദംഗത്തിലും ദീപു ഏലംകുളം ഘടത്തിലും പക്കമേളമൊരുക്കി.

ചെമ്പൈ സംഗീതോത്സവത്തില്‍ സ്‌പെഷ്യല്‍ കച്ചേരികള്‍ക്കും ഇന്നലെ വൈകിട്ട് ആരംഭമായി. ഡോ. ഗായത്രി ശങ്കരന്റേതായിരുന്നു ആദ്യ സ്‌പെഷ്യല്‍ കച്ചേരി. എസ്. ഈശ്വരവര്‍മ്മ (വയലിന്‍), ചേര്‍ത്തല ജയദേവന്‍ (മൃദംഗം), മങ്ങാട് പ്രമോദ് (ഘടം) എന്നിവര്‍ പക്കമേളം വായിച്ചു. തുടര്‍ന്ന് ചെന്നൈ ജി. മാധവന്റേതായിരുന്നു കച്ചേരി. വൈക്കം പത്മാകൃഷ്ണന്‍ (വയലിന്‍), ചേര്‍ത്തല ആര്‍. അനന്തകൃഷ്ണന്‍ (മൃദംഗം), തൃക്കാക്കര വൈ.എന്‍. ശാന്താറാം (ഗഞ്ചിറ). മുത്തുകുമാറിന്റെ പുല്ലാങ്കുഴല്‍ കച്ചേരിയോടെയായിരുന്നു ആദ്യദിനത്തിലെ സ്‌പെഷ്യല്‍ കച്ചേരികള്‍ സമാപിച്ചത്. എം.ആര്‍. ഗോപിനാഥ് (വയലിന്‍), ഡോ. കുഴല്‍മന്ദം ജി. രാമകൃഷ്ണന്‍ (മൃദംഗം), പയ്യന്നൂര്‍ ഗോവിന്ദപ്രസാദ് (മുഖര്‍ശംഖ്) എന്നിവര്‍ പക്കമേളമൊരുക്കി.

ചെമ്പൈ സംഗീതോത്സവം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ ഉപയോഗിച്ചിരുന്ന തംബുരു സംഗീതോത്സവ വേദിയില്‍ പ്രതിഷ്ഠിച്ച ശേഷമായിരുന്നു ഉദ്ഘാടന ചടങ്ങ്. ശ്രീഗുരുവായൂരപ്പന്‍ ചെമ്പൈ പുരസ്‌കാരം സംഗീതരത്‌നം പാലാ സി.കെ. രാമചന്ദ്രന് മന്ത്രി സമ്മാനിച്ചു. ഗുരുവായൂരപ്പന്റെ രൂപം ആലേഖനം ചെയ്ത 10 ഗ്രാം സ്വര്‍ണപ്പതക്കവും 50,001 രൂപയും പ്രശസ്തി ഫലകവും പൊന്നാടയും അടങ്ങിയതാണ് പുരസ്‌കാരം. മന്ത്രി വി.എസ്. സുനില്‍കുമാര്‍ മുഖ്യാതിഥിയായി. ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി. മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു.

ദിവസവും രാവിലെ 6 മുതല്‍ രാത്രി 12 വരെ കച്ചേരികള്‍ നീണ്ടു നില്‍ക്കും. വൈകിട്ട് ആറു മുതല്‍ ഒമ്പതുവരെ ഓരോ മണിക്കൂര്‍ വീതം മൂന്നു പേര്‍ സ്‌പെഷ്യല്‍ കച്ചേരികള്‍ അവതരിപ്പിക്കും. രണ്ടു വായ്പാട്ടും ഒരു ഉപകരണസംഗീതവും എന്ന ക്രമത്തിലായിരിക്കും സ്‌പെഷ്യല്‍ കച്ചേരികള്‍. ആകാശവാണിയുടെ തത്സമയ സംപ്രേഷണം 15ന് തുടങ്ങും. രാവിലെ ഒമ്പതര മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും രാത്രി 7.35 മുതല്‍ 8.30 വരെയുമാണിത്.

18ന് രാവിലെ ഒമ്പതു മുതല്‍ പത്തു വരെയാണ് സംഗീതോത്സവത്തിലെ പ്രശസ്തമായ പഞ്ചരത്‌ന കീര്‍ത്തനാലാപന വിരുന്ന്. ദൂരദര്‍ശനും ആകാശവാണിയും സ്വകാര്യ ചാനലുകളും പഞ്ചരത്‌നകീര്‍ത്തനാലാപനം തത്സമയം പ്രക്ഷേപണം ചെയ്യും. ഏകാദശി ദിവസമായ 19ന് രാത്രി ഒമ്പതരയ്ക്ക് കേരളത്തിലെ പ്രശസ്തരായ സംഗീതജ്ഞര്‍ ഒന്നിച്ചിരുന്ന ചെമ്പൈയുടെ ഇഷ്ടഗാനങ്ങളുടെ ആലാപനം നടത്തുന്നതോടെ ചെമ്പൈ സംഗീതോത്സവം സമാപിക്കും.