Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

അക്ഷരവെളിച്ചം പകര്‍ന്നവന് ഊരുവിലക്ക്: പ്രാകൃതനിയമത്തിനെതിരെ മന്ത്രിക്ക് പരാതി നല്‍കി അദ്ധ്യാപകന്‍

പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മന്‍ കി ബാത്തി’ല്‍ പരാമര്‍ശിക്കപ്പെട്ട ഇടമലക്കുടി സ്വദേശി ചിന്നത്തമ്പിക്കും അവിടുത്തെ ഏകാധ്യാപക വിദ്യാലയത്തിലെ അദ്ധ്യാപകന്‍ പി കെ മുരളീധരന്‍ മാഷിനും ഊരുവിലക്ക്. അഞ്ചുകൊല്ലം മുന്‍പ് മുരളീധരന്‍ മാഷ് എഴുതിയ ‘ഇടമലക്കുടി ഊരും പൊരുളും’ എന്ന പുസ്തകത്തിലുള്ള ഒരു പരാമര്‍ശത്തിന്റെ പേരിലാണ് ഇവര്‍ക്ക് ഇപ്പോള്‍ ഊരുവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇടമലക്കുടി നിവാസികളായ മുതുവാന്‍ സമുദായത്തെക്കുറിച്ച് പുസ്തകത്തില്‍ മോശമായി പരാമര്‍ശിച്ചു എന്നാണ് ആരോപണം. എന്നാല്‍ അങ്ങനെ ചെയ്തിട്ടില്ലെന്നും ചില ഐതിഹ്യങ്ങള്‍ പുസ്തകത്തില്‍ പരാമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും മുരളീധരന്‍ മാഷ് പറയുന്നു. മാഷിന് പുസ്തകം എഴുതാന്‍ വേണ്ട വിവരങ്ങള്‍ കൈമാറി എന്നതാണ് ചിന്നത്തമ്പിയില്‍ ആരോപിക്കപ്പെടുന്ന കുറ്റം.

കഴിഞ്ഞ വ്യാഴാഴ്ച ഇടമലക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെ അധ്യക്ഷതയില്‍ നടന്ന ഊരുകൂട്ടമാണ് ഊരുവിലക്ക് പ്രഖ്യാപിച്ചത്. ഗ്രാമംവിട്ടു പുറത്തുപോകണം എന്നും മുതുവാന്‍ സമുദായത്തിലെ ഒരാളോട് പോലും ഒരു കാര്യത്തിനും ബന്ധപ്പെടരുത് എന്നുമാണ് കല്പന. ഊരുവിലക്കിന്റെ കാര്യം ഇവരെ നേരില്‍ അറിയിച്ചതും പഞ്ചായത്ത് പ്രസിഡന്‍ഡ് ആണ്. അതുവരെ ചിന്നത്തമ്പിയും മുരളീധരന്‍ മാഷും ഇടമലക്കുടിക്കാര്‍ക്ക് ദൈവമായിരുന്നു.

എന്നാല്‍, ഇത് ഇടമലക്കുടിക്കാര്‍ സ്വമേധയാ ചെയ്തതല്ല എന്ന അഭിപ്രായക്കാരനാണ് മുരളീധരന്‍ മാഷ്. ഇടമലക്കുടിയിലെ ജനതയില്‍ നിന്നുതന്നെ അറിഞ്ഞ കാര്യങ്ങളാണ് താന്‍ പുസ്തകത്തില്‍ എഴുതിയിരിക്കുന്നത് എന്ന് മുരളീധരന്‍ മാഷ് പറയുന്നു. പുസ്തകവും അതിലെ വിഷയവുമല്ല ടാര്‍ഗറ്റ്, താനും ചിന്നത്തമ്പിയുമാണ്. ഇതിനൊരു ബാഹ്യ ഇടപെടലുണ്ട്. അതുകൊണ്ടാണ് 2014 ല്‍ എഴുതിയ പുസ്തകത്തിന് എതിരെ ഇല്ലാത്ത ആരോപണവുമായി ഇന്ന് ചിലര്‍ രംഗത്തു വന്നിരിക്കുന്നത്.

ഇടമലക്കുടിയില്‍ നടക്കുന്ന പല അഴിമതികളും തിരിമറികളും ചൂഷണങ്ങളും പരാതികള്‍ അയച്ച് ഉദ്യോഗസ്ഥരെ അറിയിക്കുന്നത് താനാണെന്ന് കൃത്യമായിട്ട് അറിയാവുന്നവരാണ് ഇതിനു പിന്നിലെന്ന് മാഷ് തറപ്പിച്ചു പറയുന്നു. ഇവര്‍ സമുദായത്തിലെ ആളുകളുടെ ബലഹീനത എന്തെന്ന് മനസ്സിലാക്കി അവരെ ഒപ്പം നിര്‍ത്താനായി പുസ്തകത്തിലെ ഒരുഭാഗം ഉയര്‍ത്തിപ്പിടിച്ച് രംഗത്തു വന്നതാണ്. ഇടമലക്കുടിയിലെ ജനത വഞ്ചിക്കപ്പെടുകയാണ്. പുസ്തകം അവരുടെ നന്മയെ ലക്ഷ്യം വച്ച് എഴുതിയതാണെന്ന് മനസ്സിലാക്കാന്‍ അവര്‍ക്കാകുന്നില്ല. തങ്ങളും ഊരുവിലക്ക് നേരിടുമോ എന്ന ഭയത്താലാണ് അവരില്‍ പലരും മിണ്ടാതിരിക്കുന്നത്. ഊരുവിലക്ക് എന്ന പ്രാകൃത ആചാരം തല്‍ക്കാലത്തേക്ക് പിന്‍വലിക്കുകയല്ല വേണ്ടത്. അതിനൊരു ശാശ്വത പരിഹാരം കാണാനുള്ള ലക്ഷ്യത്തോടെയാണ് താന്‍ മന്ത്രിക്ക് പരാതി നല്‍കിയത് എന്നും മാഷ് പറയുന്നു.

സര്‍ക്കാര്‍ പ്രാകൃത ശിക്ഷാനിയമങ്ങള്‍ വെച്ചു പുലര്‍ത്താനുള്ള വഴിയൊരുക്കുകയല്ല വേണ്ടത്. ഭരണഘടനയ്ക്ക് അനുസരിച്ച് ജീവിക്കുന്ന ആളുകളാണ് തങ്ങളും എന്ന് ഇടമലക്കുടിയില്‍ ഉള്ളവരെ ബോദ്ധ്യപ്പെടുത്തേണ്ട ബാധ്യത സര്‍ക്കാരിനാണ്. ഭരണഘടന അനുസരിച്ചല്ല അവര്‍ ജീവിക്കുന്നത് എങ്കില്‍ അവര്‍ക്ക് എന്തിനാണ് വോട്ടവകാശവും ഭരണഘടനയ്ക്കനുസരിച്ച് തെരഞ്ഞെടുക്കപ്പട്ട ജനപ്രതിനിധയും ഗ്രാമപഞ്ചായത്തും റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും എന്നാണ് മാഷ് ചോദിക്കുന്നത്. അതുകൊണ്ടുതന്നെ തങ്ങള്‍ ഇന്ത്യന്‍ പൗരനായതുകൊണ്ടാണ് ആ അവകാശം കിട്ടിയത് എന്ന് അവരെ ബോദ്ധ്യപ്പെടുത്തേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ഇത്തരം പ്രാകൃത ശിക്ഷാനിയമങ്ങള്‍ ഇനിയും വെച്ചുപുലര്‍ത്താന്‍ അനുവദിക്കരതുത്. ചിന്നത്തമ്പിയുടെ ഊരുവിലക്ക് മാറ്റുക മാത്രമല്ല ലക്ഷ്യം. മേലില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുത് എന്നും അതിനായി അവരെ ബാധവത്കരിക്കണം എന്നുമാണ് മാഷ് ആവശ്യപ്പെടുന്നത്.

ഇരുപത് വര്‍ഷമായി തുച്ഛ ശമ്പളത്തില്‍ ഇടമലക്കുടിയില്‍ ഏകാധ്യാപകനായി പണിയെടുക്കുകയാണ് മുരളീധരന്‍ മാഷ്. തനിക്ക് കിട്ടുന്ന തുച്ഛമായ ശമ്പളം പോലും ഇടമലക്കുടിയിലെ കുട്ടികള്‍ക്കായാണ് അദ്ദേഹം ചെലവഴിക്കുന്നത്. ഇടമലക്കുടി നിവാസികള്‍ക്കായി 2015 ലാണ് അക്ഷര എന്ന പേരില്‍ ഒരു വായനശാല മാഷ് ആരംഭിക്കുന്നത്. കോളനിയിലെ ചായക്കടക്കാരനായ ചിന്നതമ്പിയുടെ ചായക്കടയുടെ ഒരു കോണില്‍ 150 പുസ്തകങ്ങളോടെയായിരുന്നു തുടക്കം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഇടമലക്കുടിയിലെ കുട്ടികള്‍ കാര്യമായ രീതിയില്‍ തുടര്‍ പഠനം നടത്തിയിരുന്നില്ല. പഠിച്ച അക്ഷരങ്ങള്‍ മറന്ന് പോകാതിരിക്കാന്‍ വായന സഹായിക്കുമെന്നതിനാല്‍ അതിനുള്ള മാര്‍ഗമായാണ് മാഷ് വായനശാല ആരംഭിച്ചത്.

ഒരിക്കല്‍ പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ പി സായിനാഥ് ഇടമലക്കുടിയില്‍ എത്തിയപ്പോള്‍ അക്ഷരവായനശാലയുടെ ബോര്‍ഡ് കണ്ട് വായനശാലയെ കുറിച്ച് അന്വേഷണം നടത്തി. അദ്ദേഹം പിന്നീട് അത് തന്റെ പുസ്തകത്തില്‍ ഇത് രേഖപ്പെടുത്തി. ഈ പുസ്തകം പ്രധാനമന്ത്രി നരേന്ദ്രമോദി വായിച്ചിരിക്കാം. എന്തായാലും അതിനുശേഷമാണ് പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയില്‍ ഇടമലക്കുടിയിലെ അക്ഷര വായന ശാലയെക്കുറിച്ചും മുരളിധരന്‍ മാഷിനെ കുറിച്ചും ചിന്നത്തമ്പിയെ കുറിച്ചുമെല്ലാം പരാമര്‍ശിച്ചത്.

ഇല്ലാത്ത കാരണങ്ങളാല്‍ സ്വന്തം സമുദായത്തില്‍ നേരിടുന്ന ഊരുവിലക്കിനെതിരെ മന്ത്രി എ കെ ബാലന് പരാതി നല്‍കിയിട്ടുണ്ട് മുരളീധരന്‍ മാഷും ചിന്നത്തമ്പിയും ഭാര്യ മണിയമ്മയും. മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ചിന്നത്തമ്പിക്കും മുരളീധരന്‍ മാഷിനും മാത്രമാണ് ഊരുവിലക്ക്. ഇവരുടെ രണ്ടു പെണ്‍മക്കളില്‍ ആരുടെയെങ്കിലും വീട്ടിലേക്കു മാറി നിന്നാല്‍ മണിയമ്മയ്ക്ക് ഊരുവിലക്കില്ല. ഭര്‍ത്താവിനൊപ്പം താമസിക്കുന്നിടത്തോളം കാലമേ മണിയമ്മയ്ക്കു അത് നേരിടേണ്ടതുള്ളൂ. പെണ്‍മക്കളുടെ കൂടെ താമസിക്കാന്‍ മണിയമ്മയെ ഉപദേശിച്ചതാണ് ചിന്നത്തമ്പി. എന്നാല്‍ പലവിധ രോഗങ്ങള്‍ അലട്ടുന്ന ചിന്നത്തമ്പിയെ വിട്ട് എങ്ങോട്ടുമില്ലെന്ന് മണിയമ്മ പറയുന്നു.