Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാനും ബദല്‍ മാര്‍ഗങ്ങളുടെ പ്രചാരണത്തിനും ഹരിതകേരളം മിഷന്‍

തിരുവനന്തപുരം: ഒരുതവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിര്‍മ്മാണവും വില്പനയും സൂക്ഷിക്കലും 2020 ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് നിരോധിക്കാന്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തില്‍ നിരോധന നടപടികള്‍ കര്‍ശനമായി പാലിക്കാനും ബദല്‍ ഉല്പന്നങ്ങള്‍ പരിചയപ്പെടുത്താനും ഉപയോഗിക്കാനുമായി ഹരിതകേരളം മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് കാമ്പയിന്‍ സംഘടിപ്പിക്കുന്നു.

പ്ലാസ്റ്റിക് നിരോധനം പൂര്‍ണമായി അനുവര്‍ത്തിച്ച് പ്രകൃതിസൗഹൃദ ബദല്‍ ഉല്പന്നങ്ങളുടെ ഉപയോഗത്തിന് പ്രചാരം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. കുടുംബശ്രീ, മറ്റ് സ്വയംതൊഴില്‍ സംരംഭകര്‍ എന്നിവരെ പങ്കെടുപ്പിച്ച് ബദല്‍ ഉല്പന്ന നിര്‍മ്മാണം വ്യാപകമാക്കാനും നടപടി സ്വീകരിക്കും. ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ഹരിതനിയമ ബോധവല്‍ക്കരണ പരിപാടികള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കും.

ഹരിതനിയമങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കാന്‍ ഇതുവരെ 20 ലക്ഷം പേര്‍ക്ക് ഹരിത നിയമാവലി പരിശീലനം നല്‍കി. പരിശീലനം നേടിയവരിലൂടെ സംസ്ഥാന വ്യാപകമായി പരിസ്ഥിതി സംരക്ഷണ നിയമവും ഹരിത നിയമവും പ്രചരിപ്പിക്കും. നിയമലംഘനങ്ങള്‍ക്ക് ലഭിക്കുന്ന ശിക്ഷയും തുടര്‍ നടപടികളും കാമ്പയിന്‍ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബോധവല്‍ക്കരണ സന്ദേശവും പ്രകൃതി സൗഹൃദ ബദല്‍ ഉല്പന്ന ഉപയോഗത്തിന്റെ സാധ്യതകളും സംബന്ധിച്ച് എല്ലാ വീടുകളിലേക്കും കുട്ടികള്‍ മുഖേന ആരംഭിക്കുന്ന കാമ്പയിന്‍ പരിപാടികള്‍ക്ക് ജനുവരി ഒന്നിന് തുടക്കമാവും.