Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

പ്രീ വൈഗ: കര്‍ഷകര്‍ക്ക് മുതല്‍ക്കൂട്ടായ പ്രദര്‍ശന മേള

വയനാട്: വയനാടിന്റെ തനത് കൃഷിയും കര്‍ഷകരുടെ മുഖ്യ ഉപജീവന മാര്‍ഗവുമായ കാപ്പി കൃഷിയെ മുഖ്യപ്രമേയമാക്കി കൊണ്ട് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രീവൈഗയില്‍ പ്രദര്‍ശിപ്പിച്ച സ്റ്റാളുകള്‍ ശ്രദ്ധേയമായി. കാര്‍ഷികാനുബന്ധ സംരംഭകര്‍, ചെറുകിട ഉല്‍പ്പാദക സംഘങ്ങള്‍, കുടുംബശ്രീ സംരഭകര്‍ തുടങ്ങിയവര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും വിപണനം നടത്തുകയും ചെയ്തതോടെ കര്‍ഷകര്‍ക്കും യുവ സംരംഭകര്‍ക്കും പ്രീവൈഗ പുതിയ മുതല്‍ക്കൂട്ടായി.

കല്‍പ്പറ്റ പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ നടത്തിയ പ്രീവൈഗയില്‍ നാല്‍പതോളം സ്റ്റാളുകളാണ് പ്രദര്‍ശനത്തിനുണ്ടായത്. പുതിയ സാങ്കേതികവിദ്യ പരിചയപ്പെടുത്തി കൊണ്ടുള്ള യന്ത്രങ്ങള്‍ പ്രീ വൈഗയുടെ മറ്റൊരു സവിശേഷതയായിരുന്നു. അടക്ക പറയ്ക്കാന്‍ ആളില്ല എന്ന പ്രശ്‌നത്തിന് പരിഹാരമായി പുതിയ യന്ത്രം കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തി. കുടുംബശ്രീ യൂണിറ്റുകളുടെ പുതിയ ഉല്‍പന്നങ്ങളും, വിപണനവും സമൃദ്ധമായി നടന്നു. കര്‍ഷകര്‍ക്ക് പുതിയൊരു ഉണര്‍വ് ആയിരുന്നു പ്രീവൈഗ. കര്‍ഷകരുടെ നിരവധി ഉല്‍പ്പന്നങ്ങള്‍ ഇതിലൂടെ വിട്ടൊഴിഞ്ഞു.

കാര്‍ഷിക മേഖലയില്‍ നിന്നും വരുമാന വര്‍ദ്ധനവ് ഉറപ്പാക്കാന്‍ കൃഷിക്കാര്‍ പ്രാഥമിക ഉത്പാദന രംഗത്ത് നിന്നും മൂല്യവര്‍ദ്ധിത ഉത്പാദന രംഗത്തേക്ക് മാറണമെന്ന് പ്രീവൈഗ ഉദ്ഘാടനം ചെയ്ത് സംസാരിച്ച മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. കാര്‍ഷിക രംഗത്തെ സുസ്ഥിര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പുതിയകാലത്ത് ഉത്പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ കര്‍ഷകര്‍ക്ക് സഹായവും ശേഷിയും നല്‍കേണ്ടതുണ്ട്. കര്‍ഷകനെ സംരംഭകനാക്കാനുളള ശ്രമങ്ങളുടെ ഭാഗമായാണ് കൃഷിവകുപ്പ് വൈഗയിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

കൃഷിച്ചെലവ് വര്‍ദ്ധിക്കുമ്പോഴും കര്‍ഷകര്‍ക്ക് വരുമാന വര്‍ദ്ധനവ് നേടാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുളളത്. കാലാവസ്ഥ വ്യതിയാനം വയനാട്ടിലെ ഭൂരിഭാഗം വിളകളെയും സാരമായി ബാധിച്ച സാഹചര്യത്തില്‍ വയനാടന്‍ കാപ്പിയിലാണ് ജില്ലയുടെ പ്രതീക്ഷ. കാപ്പി കര്‍ഷകരുടെ വരുമാന വര്‍ദ്ധനവിന് ഊന്നല്‍ നല്‍കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. വയനാടന്‍ കാപ്പി ബ്രാന്റ് ചെയ്ത് ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

കാര്‍ഷിക ചെലവ് കുറയ്ക്കുന്നതിന് കര്‍ഷകര്‍ സാങ്കേതിക വിദ്യയുടെ സാധ്യത പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ കാര്‍ഷിക ചരിത്രത്തിലെ വിപ്ലവകരമായ നടപടിയാണ് കര്‍ഷകന് പെന്‍ഷന്‍ ഉറപ്പ് വരുത്തുന്ന കര്‍ഷക ക്ഷേമ ബില്ലെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാറിന്റെ ഏറ്റവും വലിയ നേട്ടമായിട്ടാണ് ഇത് കാണുന്നത്. കര്‍ഷകന് പ്രാഥമിക പരിഗണന നല്‍ണമെന്നതാണ് സര്‍ക്കാറിന്റെ നയം. മൂല്യവര്‍ദ്ധിത ഉത്പാദകരില്‍ നിന്നും ഒരു ശതമാനം അവകാശ ലാഭവിഹിതം കൊടുക്കണമെന്ന് ബില്ലില്‍ ഉള്‍പ്പെടുത്തിയത് സര്‍ക്കാരിന്റെ ധീരമായ തീരുമാനമാണെന്നും കര്‍ഷകന് നല്‍കുന്ന ആനുകൂല്യങ്ങളുടെ കണക്ക് നോക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 4 മുതല്‍ തൃശ്ശൂരില്‍ നടക്കുന്ന അന്താരാഷ്ട്ര ശില്‍പശാലയായ വൈഗ (വാല്യൂ അഡീഷന്‍ ഫോര്‍ ഇന്‍കം ജനറേഷന്‍ ഇന്‍ അഗ്രികല്‍ച്ചര്‍)ക്ക് മുന്നോടിയായാണ് ജില്ലയില്‍ പ്രീ വൈഗ കാര്‍ഷിക പ്രദര്‍ശന മേള സംഘടിപ്പിച്ചത്. വയനാടിന്റെ തനത് കൃഷിയും കര്‍ഷകരുടെ മുഖ്യ വരുമാനവുമായ കാപ്പികൃഷിയെ മുഖ്യപ്രമേയമാക്കിക്കൊണ്ടാണ് വയനാട് കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്റെ സഹകരണത്തോടെ മേള സംഘടിപ്പിച്ചത്. വിവിധ വിഷയത്തില്‍ നടന്ന സെമിനാറുകളും പ്രദര്‍ശനങ്ങളും മേളയെ ശ്രദ്ധേയമാക്കി. പാരമ്പര്യ നെല്‍വിത്ത് സംരക്ഷകന്‍ ചെറുവയല്‍ രാമനെ ചടങ്ങില്‍ ആദരിച്ചു. അദ്ദേഹത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിച്ചു. ജൈവ കാര്‍ഷിക പഞ്ചായത്തില്‍ ഒന്നാം സ്ഥാനം നേടിയ തിരുനെല്ലി ഗ്രാമ പഞ്ചായത്തിനുള്ള അവാര്‍ഡ് ദാനവും നടന്നു.

 

വാര്‍ത്ത: ഷിബു സി വി