Agriculture

Entertainment

October 18, 2021

BHARATH NEWS

Latest News and Stories

ചരണ്‍ജിത്​ സിങ് സര്‍ക്കാറില്‍ രണ്ട് ഉപമുഖ്യമന്ത്രിമാര്‍; സുഖ് ജീന്ദര്‍ സിങ് രണ്‍ദാവക്കും ബ്രഹാം സിങ് മൊഹീന്ദ്രക്കും സാധ്യത.

ചണ്ഡിഗഡ്: പഞ്ചാബില്‍ അധികാരത്തിലേറാന്‍ പോകുന്ന ചരണ്‍ജിത്​ സിങ്​ ചന്നി സര്‍ക്കാറില്‍ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് ആണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഒരാള്‍ ജാട്ട് സിഖ് വിഭാഗത്തില്‍ നിന്നും മറ്റൊരാള്‍ ഹിന്ദു വിഭാഗത്തില്‍ നിന്നും ഉപമുഖ്യമന്ത്രിമാരാകുമെന്നും റാവത്ത് പറഞ്ഞു.

ജാട്ട് സിഖ് വിഭാഗത്തില്‍ നിന്ന് സുഖ് ജീന്ദര്‍ സിങ് രണ്‍ദാവയെയാണ് പരിഗണിക്കുന്നത്. ഹിന്ദു വിഭാഗത്തില്‍ നിന്നും ബ്രഹാം സിങ് മൊഹീന്ദ്ര (പാട്യാല റൂറല്‍), വിജയ് ഇന്ദര്‍ സിങ് ല (സാംഗ് രൂര്‍), ഭാരത് ഭൂഷണ്‍ അഷു (ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃ മന്ത്രി) എന്നിവരുടെ പേരുകള്‍ പട്ടികയിലുണ്ട്. സുഖ് ജീന്ദര്‍ സിങ് രണ്‍ദാവക്കും ബ്രഹാം സിങ് മൊഹീന്ദ്രക്കും ആണ് കൂടുതല്‍ സാധ്യത.

ചരണ്‍ജിത്​ സിങ്​ ചന്നി പുതിയ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാവിലെ 11ന് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് സത്യവാചകം ചൊല്ലി കൊടുക്കും. ചടങ്ങില്‍ നാല്‍പതോളം പേര്‍ മാത്രമാണ് പങ്കെടുക്കുക. പഞ്ചാബിലെ ആദ്യ ദലിത്​ മുഖ്യമന്ത്രിയാണ് ചരണ്‍ജിത്​ സിങ്​ ചന്നി പഞ്ചാബ്​ കോണ്‍ഗ്രസ്​ അധ്യക്ഷന്‍ നവ്​ജ്യോത്​ സിങ്​ സിദ്ദുവുമായി ഏറെ അടുപ്പമുള്ള നേതാവാണ്.

നവ്​ജ്യോത്​ സിങ്​ സിദ്ദുവുമായുള്ള അഭിപ്രായ വ്യത്യാസത്തിനൊടുവില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്​ രാജിവെച്ചതോടെ വിളിച്ചുചേര്‍ത്ത നിയമസഭകക്ഷി യോഗം പുതിയ നേതാവിനെ തെരഞ്ഞെടുക്കാന്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയോട്​ ആവശ്യപ്പെട്ടിരുന്നു. അമരീന്ദര്‍ സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ കോണ്‍ഗ്രസ്​ ദേശീയ നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന തിരക്കിട്ട ചര്‍ച്ചകള്‍ക്കൊടുവിലാണ്​ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിച്ചത്​.