Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

117.5 പവന്‍ തൂക്കമുള്ള സ്വര്‍ണ്ണക്കപ്പിന്റെ കഥ

കാസര്‍കോട്: കേരള സ്‌കൂള്‍ കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്കാണ് സ്വര്‍ണ്ണക്കപ്പില്‍ മുത്തമിടാനുള്ള അവകാശം. സ്വര്‍ണ്ണക്കപ്പിനെ കൈകൊണ്ട് തൊടുക, ഇത് നേടിയത് ഞങ്ങളാണ് എന്ന അഭിമാനത്തോടെ അത് ഉയര്‍ത്തിപ്പിടിക്കുക എന്നത് എല്ലാ മത്സരാര്‍ത്ഥികളുടെയും സ്വപ്‌നമാണ്. എന്നാല്‍ 117.5 പവന്‍ തനിതങ്കത്തില്‍ തീര്‍ത്ത പ്രൗഢമായ ആ കപ്പിന്റെ ജനനത്തിനു പിന്നെലെ കഥ അത് നേടുന്നവര്‍ക്കു പോലും അറിയണമെന്നില്ല.

1985ല്‍ എറണാകുളത്ത് രജതജൂബിലി കലോത്സവം നടക്കുന്ന സമയം. അന്ന് പദ്യപാരായണത്തിലും കവിതാ രചനയ്ക്കും അക്ഷരശ്ലോകത്തിനും ജഡ്ജിയായി വന്നത് മലയാളത്തിന്റെ പ്രിയ കവി വൈലോപ്പിള്ളി ശ്രീധരമേനോന്‍. തൊട്ടടുത്തുള്ള മഹാരാജാസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നെഹ്‌റു സ്വര്‍ണ്ണക്കപ്പിനായുള്ള അന്താരാഷ്ട്ര ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ് നടക്കുന്നു. പന്തുകളിക്കുന്നവര്‍ക്ക് സ്വര്‍ണ്ണക്കപ്പ് കിട്ടുമ്പോള്‍ കലോത്സവ ചാമ്പ്യന്മാര്‍ക്കും അതു കിട്ടണമല്ലോ എന്ന് വൈലോപ്പിള്ളിക്ക് ഒരു ആഗ്രഹം.

അദ്ദേഹം അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടി.എം. ജേക്കബിനോട് തന്റെ ആഗ്രഹം പറഞ്ഞു, 101 പവനുള്ള ഒരു സ്വര്‍ണ്ണക്കപ്പ് കലോത്സവത്തിനും ഏര്‍പ്പെടുത്തണമെന്ന്. വൈലോപ്പിള്ളിയുടെ ആഗ്രഹം അടുത്ത വര്‍ഷത്തെ കലോത്സവത്തില്‍ സാക്ഷാത്കരിക്കുമെന്ന് ടി.എം. ജേക്കബ് സമാപന സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. അടുത്ത വര്‍ഷത്തെ കലോത്സവം കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണക്കടകളുള്ള തൃശ്ശൂര്‍ നഗരത്തില്‍ വച്ചായിരുന്നു. മന്ത്രിയും വിദ്യാഭ്യാസ ഡയറക്ടറും തൃശ്ശൂരിലെ സ്വര്‍ണ്ണക്കടക്കാരെ ചായ സല്‍ക്കാരത്തിന് വിളിക്കുകയും 101 പവന്റെ സ്വര്‍ണ്ണക്കപ്പിന് സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

എന്നാല്‍ ആരില്‍ നിന്നും മന്ത്രി പ്രതീക്ഷിച്ച സഹായവാഗ്ദാനം ലഭിച്ചില്ല. വാക്ക് പാലിക്കാന്‍ കഴിയാതെ നിരാശനായ മന്ത്രി ആ വര്‍ഷം ജേതാക്കള്‍ക്ക് നടരാജവിഗ്രഹം പ്രതിഷ്ഠിച്ച കപ്പില്‍ ആറു പവന്റെ സ്വര്‍ണ്ണം പൂശി നല്‍കി. വരുന്ന വര്‍ഷമെങ്കിലും സ്വര്‍ണ്ണക്കപ്പ് ഏര്‍പ്പെടുത്തണമെന്ന് തീരുമാനമെടുത്ത ടി.എം. ജേക്കബ് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. വിദ്യാഭ്യാസ മേഖലയുമായി ബന്ധമുള്ള ഓഫീസര്‍മാര്‍, മാനേജര്‍മാര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരില്‍ നിന്നും സംഭാവന സ്വീകരിക്കാന്‍ തീരുമാനിച്ചു. അങ്ങനെ സ്വര്‍ണ്ണക്കപ്പിനുള്ള പണം പിരിച്ചെടുത്തു.

പ്രശസ്ത ചിത്രകാരനും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മാസികയായ വിദ്യാഭ്യാസരംഗത്തിന്റെ ആര്‍ട്ട് എഡിറ്റര്‍ ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരാണ് കപ്പിന്റെ രൂപകല്‍പ്പന ചെയ്തത്. ശ്രീകണ്ഠന്‍ നായര്‍ കപ്പിന്റെ മാതൃക തയ്യാറാക്കുന്നതിനു മുന്‍പ് വൈലോപ്പിള്ളിയെ കണ്ടു. വിദ്യ, കല, നാദം എന്നിവ സമന്വയിപ്പിച്ച കപ്പ് നന്നായിരിക്കുമെന്ന് വൈലോപ്പിള്ളി നിര്‍ദ്ദേശിച്ചു. അതനുസരിച്ച് ശ്രീകണ്ഠന്‍നായര്‍ കപ്പിന്റെ രൂപകല്‍പ്പന തയ്യാറാക്കി. പത്തനംതിട്ടയിലെ ഷാലിമാര്‍ ഫാഷന്‍ ജ്വല്ലറിയാണ് സ്വര്‍ണ്ണക്കപ്പുണ്ടാക്കിയത്. അഞ്ചുപേര്‍ ചേര്‍ന്ന് ഒന്നരമാസം കൊണ്ടാണ് പണി പൂര്‍ത്തിയാക്കിയത്. 101 പവനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പണി പൂര്‍ത്തിയായപ്പോഴേക്കും 117.5 പവനായി. രണ്ടേകാല്‍ ലക്ഷം രൂപയാണ് അന്ന് കപ്പുണ്ടാക്കാന്‍ ചെലവായത്.

വീട്ടിയില്‍ തീര്‍ത്ത പീഠത്തിലാണ് 18 ഇഞ്ച് ഉയരവും 12 ഇഞ്ച് വീതിയുമുള്ള സ്വര്‍ണ്ണക്കപ്പ് ഉറപ്പിച്ചിരിക്കുന്നത്. വീട്ടിയില്‍ തീര്‍ത്ത പീഠത്തിനു മുകളില്‍ ഗ്രന്ഥവും അതിനു മുകളില്‍ കൈ, അതിനും മേലെ ശംഖ്. ഈ ഗ്രന്ഥത്തിലെ അറിവ് എന്നിലേക്ക് പകരണമേ എന്നാണ് സാരം. തിരുവിതാംകൂര്‍ രാജ്യചിഹ്നത്തെ ഓര്‍മ്മിപ്പിക്കുന്ന രൂപമാണ് കപ്പിന്. 1987ല്‍ കോഴിക്കോട് വച്ചു നടന്ന കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായ തിരുവനന്തപുരം ജില്ല ആദ്യമായി സ്വര്‍ണ്ണക്കപ്പില്‍ മുത്തമിട്ടു.

ഗ്രേഡിംഗ് സംവിധാനം വരികയും പ്രതിഭാ-തിലകം പട്ടങ്ങള്‍ എടുത്തുകളയുകയും ചെയ്തിട്ടും സ്വര്‍ണ്ണക്കപ്പ് ഇന്നും നിലനില്‍ക്കുന്നു. ജേതാക്കള്‍ക്ക് ഒരു ദിവസം മാത്രമേ സ്വര്‍ണ്ണക്കപ്പ് കൈവശം വയ്ക്കാനാവൂ. പിന്നീട് പോലീസ് അകമ്പടിയോടെ ജേതാക്കളുടെ ജില്ലാ ട്രഷറിയില്‍ എത്തിക്കുകയും അടുത്ത കലോത്സവം വരെ അവിടെ സൂക്ഷിക്കുകയും ചെയ്യും.

സ്വര്‍ണ്ണക്കപ്പ് ഏറ്റവും കൂടുതല്‍ തവണ നേടിയത് കോഴിക്കോട് ജില്ലയാണ്, 16 തവണ. 2009 ല്‍ ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി മേളകള്‍ ഒന്നാക്കിയതോടെ കപ്പിന്റെ അവകാശികളെ കണ്ടെത്തുന്നതും പരിഷ്‌കരിച്ചു. രണ്ടു വിഭാഗങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്കാണ് ഇപ്പോള്‍ കപ്പു നല്‍കുന്നത്. ഇത്തവണ ആരാണ് സ്വര്‍ണക്കപ്പില്‍ മുത്തമിടുക എന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്നത് കേരളം.