Agriculture

Entertainment

October 18, 2021

BHARATH NEWS

Latest News and Stories

മോന്‍സന് ജാമ്യമില്ല; 3 ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ട് കോടതി

കൊച്ചി: പുരാവസ്തുക്കളുടെ മറവില്‍ വന്‍ സാമ്ബത്തിക തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിനെ മൂന്നുദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ട് എറണാകുളം ജില്ലാ അഡീഷനല്‍ കോടതി. പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയാണ് കോടതി കസ്റ്റഡി അനുവദിച്ചത്.

താന്‍ നിരപരാധിയാണെന്നും തന്റെ അറസ്റ്റ് നിയമപരമല്ലെന്നും വാദിച്ചാണ് മോന്‍സന്റെ ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ ഇത് കോടതി തള്ളുകയായിരുന്നു.

മോന്‍സന്‍ ചമച്ച വ്യാജരേഖകളുടെ ഉറവിടം കണ്ടെത്തണമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. ഇയാള്‍ക്കെതിരെ ശേഖരിച്ച ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കണമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. തട്ടിപ്പിനായി എച്ച്‌ എസ് ബി സി ബാങ്കിന്റെ പേരിലടക്കം ഇയാള്‍ വ്യാജരേഖകള്‍ നിര്‍മിച്ചിരുന്നു. തുടര്‍ന്നാണ് പ്രതിയെ രണ്ടുദിവസത്തെ കസ്റ്റഡിയില്‍വിട്ട് കോടതി ഉത്തരവിട്ടത്.

അതിനിടെ, മോന്‍സന്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ വനംവകുപ്പും കസ്റ്റംസും ചൊവ്വാഴ്ച റെയ്ഡ് നടത്തി. മോന്‍സന്റെ ആഡംബരവാഹനങ്ങളുടെ വിവരങ്ങളാണ് കസ്റ്റംസ് പ്രധാനമായും ശേഖരിച്ചത്. പത്ത് വാഹനങ്ങള്‍ വിദേശ രജിസ്ട്രേഷനിലുള്ളതാണെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. ഇയാളുടെ പുരാവസ്തുശേഖരത്തെക്കുറിച്ചും കസ്റ്റംസ് പരിശോധന നടത്തുന്നുണ്ട്. രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് മോന്‍സന്‍ മാവുങ്കലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചത്. മോന്‍സനിന്റെ കൊവിഡ് പരിശോധനാഫലം പൂര്‍ത്തിയായി. അതിനുശേഷമാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്.

പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേനയാണ് മോന്‍സന്‍ മാവുങ്കല്‍ പലരില്‍ നിന്നായി കോടികള്‍ തട്ടിച്ചത്. 2018-2021 കാലഘട്ടത്തിലായിരുന്നു തട്ടിപ്പ് നടത്തിയത്. മോന്‍സനിന്റെ സുഹൃത്തായിരുന്ന അനൂപ് അഹമ്മദാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് നിരവധി പേര്‍ പരാതി നല്‍കി.