Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

സംസ്ഥാന സ്‌കൂള്‍ കലോല്‍സവം ഹൈടെക്കാക്കി കൈറ്റ്

സംസ്ഥാന സ്‌കൂള്‍ കലോല്‍സവം ഹൈടെക് ആക്കുന്നതിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംവിധാനം ഒരുക്കി. രജിസ്‌ട്രേഷന്‍ മുതല്‍ ഫലപ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് പ്രിന്റിംഗും ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രവര്‍ത്തനവും ഓണ്‍ലൈനാക്കി. മത്സരാര്‍ത്ഥികളെ ക്ലസ്റ്ററുകളാക്കി തിരിക്കുക, അവരുടെ പാര്‍ട്ടിസിപ്പന്റ് കാര്‍ഡ് ലഭ്യമാക്കുക, ടീം മാനേജര്‍മാര്‍ക്കുളള റിപ്പോര്‍ട്ടുകള്‍, സ്റ്റേജുകളിലെ വിവിധ ഇനങ്ങള്‍, ഓരോ സ്റ്റേജിലേയും ഇനങ്ങള്‍ യഥാസമയം നടത്തുന്നതിനുള്ള ടൈംഷീറ്റ്, കാള്‍ഷീറ്റ്, സ്‌കോര്‍ഷീറ്റ്, ടാബുലേഷന്‍ തുടങ്ങിയവ തയ്യാറാക്കല്‍, ലോവര്‍ ഹയര്‍ അപ്പീല്‍ നടപടിക്രമങ്ങള്‍ തുടങ്ങിയവ പൂര്‍ണമായും പോര്‍ട്ടല്‍ വഴിയായിരിക്കും. മത്സരഫലങ്ങള്‍ www.schoolkalolsavam.in വഴി തത്സമയം അറിയാനാവും.

പോര്‍ട്ടലിലെ വിവരങ്ങള്‍ ‘പൂമരം’ എന്ന മൊബൈല്‍ ആപിലും ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ‘KITE poomaram’ ഡൗണ്‍ലോഡ് ചെയ്യാം. 31 വേദികളിലും പ്രധാന ഓഫീസുകളിലും പെട്ടെന്ന് എത്താന്‍ കഴിയുന്ന തരത്തില്‍ ഡിജിറ്റല്‍ മാപ്പുകളും വിവിധ വേദികളിലെ മത്സര ഇനങ്ങള്‍ തത്സമയം അറിയാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കലോല്‍സവത്തിലെ കഥ, കവിത, ചിത്രരചന തുടങ്ങിയ വിവിധ രചനാ മത്സരങ്ങള്‍ ഫലപ്രഖ്യാപനത്തിനു ശേഷം സ്‌കൂള്‍ വിക്കിയില്‍ (www.schoolwiki.in) അപ് ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ട്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, അറബിക്, ഉറുദു തുടങ്ങിയ മുഴുവന്‍ ഭാഷകളിലെ മത്സര ഇനങ്ങളും സ്‌കൂള്‍ വിക്കിയില്‍ ലിറ്റില്‍ കൈറ്റ്‌സ് കുട്ടികളുടെ നേതൃത്വത്തില്‍ ലഭ്യമാക്കും.

വിവിധ വേദികളില്‍ നടക്കുന്ന മത്സരങ്ങള്‍ www.victers.kite.gov.in വഴിയും KITE VICTERS എന്ന മൊബൈല്‍ ആപ് വഴിയും തത്സമയം കാണാം. മുഴുവന്‍ വേദികളും വിവിധ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകളുടെ മേല്‍നോട്ടത്തില്‍ ഡിജിറ്റല്‍ ഡോക്യുമെന്റേഷന്‍ സൗകര്യം ഏര്‍പ്പെടുത്തി. ഹൈടെക് സൗകര്യം ഉപയോഗിച്ച് കലോത്സവം തത്സമയം സ്‌കൂളുകളില്‍ കാണുന്നതിനും കൈറ്റ് അവസരമൊരുക്കുന്നുണ്ടെന്ന് കൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.