Agriculture

Entertainment

June 4, 2023

BHARATH NEWS

Latest News and Stories

മോന്‍സണ്‍ മാവുങ്കല്‍ മൂന്ന് ദിവസം ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍

എറണാകുളം: സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെ മൂന്ന് ദിവസത്തേക്ക് ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് പാട്ടത്തിന് നല്‍കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയെന്ന പാലാ സ്വദേശി രാജീവിന്റെ പരാതിയിലുള്ള അന്വേഷണത്തിനാണ് മോന്‍സണിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങിയത്.

മോന്‍സണ്‍ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമാണെന്നാണ് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചത്. സ്വന്തം അക്കൗണ്ട് വഴിയല്ല മോന്‍സണ്‍ ഇടപാടുകള്‍ നടത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ആര് വഴിയാണ് ഇടപാടുകള്‍ നടത്തിയത് എന്നതില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. അതിനായി മോന്‍സണെ വിശദമായി ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഈ വാദത്തിന്റെ അടിസ്ഥാനത്തിലാണ് മോന്‍സണിനെ മൂന്ന് ദിവസത്തേക്ക് കൂടി എറണാകുളം എസിജെഎം കോടതി ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടത്.

മോന്‍സണുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൊലീസിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. എന്ത് അടിസ്ഥാനത്തിലാണ് മോന്‍സണ് പൊലീസ് സംരക്ഷണം നല്‍കിയതെന്ന് കോടതി ചോദിച്ചു. മോന്‍സണുമായി അടുപ്പമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും സര്‍വീസിലുണ്ട്. ആനക്കൊമ്പ് കാണുമ്പോള്‍ അതിനെ കുറിച്ച് പൊലീസ് അന്വേഷിക്കണ്ടേ എന്നും കോടതി ചോദിച്ചു. വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.