Agriculture

Entertainment

October 26, 2021

BHARATH NEWS

Latest News and Stories

ഭൂരിഭാഗം ടൂറിസം കേന്ദ്രങ്ങളും നൂറു ശതമാനം വാക്‌സിനേറ്റഡ്

തിരുവനന്തപുരം: നൂറു ശതമാനം വാക്‌സിനേറ്റഡ് ടൂറിസം കേന്ദ്രങ്ങള്‍ എന്ന ലക്ഷ്യം ഭൂരിഭാഗം ഇടങ്ങളും കൈവരിച്ചതായി ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിയമസഭയില്‍ അറിയിച്ചു. ടൂറിസം കേന്ദ്രങ്ങള്‍ പ്രതിസന്ധി നേരിടുകയാണെന്ന എച്ച്. സലാം എം. എല്‍. എയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

ടൂറിസം മേഖലയ്ക്കായി കരുതലോടെയുള്ള പദ്ധതികളാണ് തയ്യാറാക്കിയത്. ബയോബബിള്‍ സംവിധാനത്തിലൂടെ സുരക്ഷിതത്വം ഉറപ്പാക്കി. നൂറു ശതമാനം വാക്‌സിനേറ്റഡ് ടൂറിസം കേന്ദ്രങ്ങള്‍ എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ പ്രത്യേക പദ്ധതി തന്നെ നടപ്പാക്കി. വയനാട്ടിലെ വൈത്തിരിയിലാണ് തുടങ്ങിയത്. ആദ്യ ഡോസിന്റെ കാര്യത്തില്‍ വയനാട് ജില്ലയാകെ പൂര്‍ത്തീകരിച്ചു. അത് മറ്റ് ഡസ്റ്റിനേഷനുകളിലേക്കും വ്യാപിപ്പിച്ചതായി മന്ത്രി പറഞ്ഞു.

ഇപ്പോള്‍ എല്ലായിടത്തും വിനോദസഞ്ചാരികള്‍ വന്നു തുടങ്ങി. ഇപ്പോള്‍ ആഭ്യന്തരസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിത്തുടങ്ങി. പുതിയ മേഖലകളിലേക്ക് ടൂറിസത്തെ വളര്‍ത്താനുതകുന്ന പദ്ധതികളാണ് വരും ദിവസങ്ങളില്‍ നടപ്പാക്കാന്‍ പോകുന്നത്. കാരവാന്‍ ടൂറിസം പോലുള്ള നൂതന ടൂറിസം സംവിധാനങ്ങള്‍ കേരളത്തിന് പരിചയപ്പെടുത്താനുള്ള പദ്ധതികളുടെ നടപടിക്രമങ്ങള്‍ ആരംഭിച്ചു. അഗ്രി ടൂറിസത്തിന്റെ സാധ്യത മനസിലാക്കി അത് പ്രയോജനപ്പെടുത്താന്‍ ഫാം ടൂറിസം നെറ്റ് വര്‍ക്ക് കൂടി തയ്യാറാവുകയാണ്. മറ്റ് ചില പദ്ധതികള്‍ കൂടി തയ്യാറായി വരുന്നുണ്ട്. ഇതിലൂടെ കേരള ടൂറിസത്തിന് ശക്തമായി തിരിച്ചു വരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോവിഡ് തീര്‍ത്ത പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ച മേഖലയാണ് ടൂറിസം. ഇപ്പോഴും കോവിഡിനൊപ്പമാണ് ടൂറിസം മുന്നോട്ടു പോകുന്നത്. അതിജീവിക്കും എന്ന ആത്മവിശ്വാസം ടൂറിസം മേഖലയ്ക്ക് ഉണ്ടാക്കുക എന്നതിനാണ് ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ പ്രാധാന്യം നല്‍കിയത്. അതിന് സഞ്ചാരികള്‍ക്ക് നമ്മുടെ നാട് സുരക്ഷിത കേന്ദ്രമായി അനുഭവപ്പെടണം. സഞ്ചാരികള്‍ കേരളത്തിലേക്ക് എത്തണം. ഇതിനായി സുരക്ഷിത കേരളം, സുരക്ഷിത ടൂറിസം എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയതായും മന്ത്രി അറിയിച്ചു.