Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

വളര്‍ത്തുനായ നക്കിയതിലൂടെ രോഗം ബാധിച്ചയാള്‍ മരിച്ചു

വളര്‍ത്തുനായ നക്കിയതിലൂടെ രോഗം ബാധിച്ച അറുപത്തിമൂന്നുകാരന്‍ മരിച്ചു. നായയുടെ ഉമിനീരില്‍ നിന്നുണ്ടായ അപൂര്‍വമായ അണുബാധയെ തുടര്‍ന്നാണ് മരിച്ചത്. ജര്‍മനിയിലെ ബെര്‍മനിലാണ് സംഭവം. യൂറോപ്യന്‍ ജേര്‍ണല്‍ ഓഫ് കേസ് റിപ്പോര്‍ട്ട്‌സ് ഇന്‍ ഇന്റേണല്‍ മെഡിസിനിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വളര്‍ത്തുമൃഗ ഉടമകള്‍ക്കുള്ള ഒരു പ്രധാന മുന്നറിയിപ്പ് കൂടിയാണ് സംഭവം.

മൂന്ന് ദിവസമായി പനിയും ശ്വസതടസ്സവും കണ്ടതിനെ തുടര്‍ന്നാണ് ഇയാള്‍ ഡോക്ടറെ കണ്ടത്. എന്നാല്‍ ഡോക്ടര്‍ക്കും പ്രാഥമിക പരിശോധനയില്‍ രോഗം കണ്ടുപിടിക്കാനായില്ല. തുടര്‍ന്നുള്ള വിശദ പരിശോധനയിലാണ് രോഗത്തിന്റെ ഉറവിടം നിര്‍ണ്ണയിച്ചത്. എന്നാല്‍ രോഗിയുടെ നില വഷളായിക്കൊണ്ടിരിക്കുകയായിരുന്നു. ക്യാപ്‌നോസൈറ്റോഫാഗ കാനിമോര്‍സസ് എന്ന ബാക്ടീരിയയാണ് ഇയാള്‍ക്ക് ബാധിച്ചിരുന്നത്.

വളര്‍ത്തുമൃഗങ്ങളില്‍ സാധാരണ കാണപ്പെടുന്ന ക്യാപ്‌നോ സൈറ്റോഫാഗ കാനിമോര്‍സസ് എന്ന ബാക്ടീരിയ മനുഷ്യനില്‍ അണുബാധയ്ക്ക് കാരണമാകും. ഈ അണുബാധ ഉണ്ടാകുന്നത് വളരെ അപൂര്‍വമാണ്. സാധാരണ നായയുടെ കടിയേറ്റാലാണ് ഈ അണുബാധയുണ്ടാവുക. പക്ഷേ ഇവിടെ നായ നക്കുക മാത്രമാണ് ചെയ്തത് എന്നതും വിചിത്രമായ ഒരു കേസായി മാറുന്നു.

രോഗകാരണമായ ബാക്ടീരിയയെ തിരിച്ചറിഞ്ഞ ഡോക്ടര്‍ ആന്റിബയോട്ടിക് നല്‍കിയെങ്കിലും രോഗിയുടെ നില വഷളായിക്കൊണ്ടിരുന്നു. അണുബാധ ശരീരത്തിലുടനീളം വ്യാപിച്ചു. രോഗിയുടെ മസ്തിഷ്‌കം വീര്‍ക്കാന്‍ തുടങ്ങി, മുഖത്ത് ചുണങ്ങും നാഡി വേദനയും കാലുകളില്‍ മുറിവുകളും പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് വൃക്കകളിലേക്കും, രക്തക്കുഴലുകളില്‍ രക്തം കട്ടപിടിച്ചു. ചര്‍മം അഴുകാനും തുടങ്ങിയിരുന്നു. തുടര്‍ന്ന് ചികിത്സ ആരംഭിച്ച് 16 ദിവസത്തിന് ശേഷം രോഗി മരണത്തിന് കീഴടങ്ങി.