Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

ദേവേന്ദ്ര ഫട്‌നാവിസ് മഹാരാഷ്ട മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ് രാജി വച്ചു. സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ഫട്‌നാവിസ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. കാവല്‍ സര്‍ക്കാരിന്റെ കാലാവധി ശനിയാഴ്ച വൈകിട്ട് നാല് മണിയോടെ അവസാനിക്കാനിരിക്കെയാണ് ഫട്‌നാവിസിന്റെ രാജി. രാജ്ഭവനിലെത്തി ഗവര്‍ണര്‍ കോഷിയാരിക്കാണ് ഫട്‌നാവിസ് രാജി സമര്‍പ്പിച്ചത്. ബിജെപി മന്ത്രിമാരും ഫട്‌നാവിസിനൊപ്പം രാജ്ഭവനിലെത്തി. മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള സുപ്രിംകോടതിയുടെ നിര്‍ണായക ഉത്തരവിന്റെ പശ്ചാത്തലത്തിലും കൂടിയാണ് ഫട്‌നാവിസിന്റെ രാജി.

ശിവസേന ഹിന്ദുത്വം സോണിയാ ഗാന്ധിയ്ക്ക് അടിയറവ് വച്ചെന്ന് ഫട്‌നാവിസ് കുറ്റപ്പെടുത്തി. ശിവസേനയ്ക്ക് ഉറച്ച സര്‍ക്കാര്‍ നല്കാന്‍ സാധിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഒപ്പം നിന്ന ശിവസേന തിരഞ്ഞെടുപ്പിന് ശേഷം കൂറുമാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശിവസേനയുടെ അധികാരമോഹമാണ് കാലങ്ങള്‍ നീണ്ട ബന്ധത്തിന് രാമമിട്ടത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയിലെ ജനങ്ങള്‍ നല്‍കിയ ജനവിധിയെ ശിവസേന മാനിച്ചില്ലെന്നും ജനങ്ങളെ വഞ്ചിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഒന്നിച്ച് മത്സരിച്ച ശിവസേനയുടെ പിന്തുണ ലഭിക്കാത്ത സാഹചര്യത്തിലാണ് തുടക്കത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറാകാത്തത് എന്നദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടാഴ്ചയായി സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടിരുന്നില്ല. 105 സീറ്റുകള്‍ മാത്രമുളള ബിജെപിക്കൊപ്പം സര്‍ക്കാരുണ്ടാക്കാന്‍ ശിവസേന ചേരാത്തതാണ് പ്രതിസന്ധികള്‍ക്ക് കാരണം. മുഖ്യമന്ത്രി സ്ഥാനം പങ്ക് വെയ്ക്കാനില്ലെങ്കില്‍ സര്‍ക്കാരിലുമില്ല എന്നതാണ് ശിവസേനയുടെ നിലപാട്.

ശിവസേന-ബിജെപി തര്‍ക്കം പരിഹരിക്കാന്‍ ആര്‍എസ്എസ് അടക്കം ഇടപെടല്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. മുഖ്യമന്ത്രി സ്ഥാനം പങ്കിടാം എന്ന ധാരണ ശിവസേനയുമായി ഇല്ലെന്നാണ് ബിജെപി അവകാശപ്പെടുന്നത്. രാജി വെച്ചതിന് ശേഷം ഫട്‌നാവിസും ഈ വാദം ആവര്‍ത്തിച്ചു. ഉദ്ധവ് താക്കറെ തന്റെ ഫോണ്‍ കോള്‍ സ്വീകരിക്കുന്നില്ലെന്നും ഫട്‌നാവിസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

അതിനിടെ മറുവശത്ത് സര്‍ക്കാരുണ്ടാക്കാനുളള ശ്രമങ്ങള്‍ ശിവസേന സജീവമാക്കിയിരിക്കുകയാണ്. എന്‍സിപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനാണ് ശിവസേനയുടെ ശ്രമം. ചര്‍ച്ചകള്‍ക്കായി ശിവസേന നേതാവ് സഞ്ജയ് റാവുത്ത് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ വീട്ടിലെത്തി.