Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

കര്‍ഷകര്‍ക്ക് ആശ്വാസം; നെല്ല് സംഭരണ വായ്പാ കാലാവധി നീട്ടി

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് വിവിധ ബാങ്കുകളില്‍ നിന്ന് പി ആര്‍ എസ് (പാഡി റെസീപ്റ്റ് സ്റ്റേറ്റ്‌മെന്റ്) വായ്പ എടുത്ത കര്‍ഷകര്‍ക്ക് ആശ്വാസമായി വായ്പാ കാലാവധി നീട്ടി. കഴിഞ്ഞ സീസണില്‍ ആറുമാസം തിരിച്ചടവ് കാലാവധി പ്രകാരം വായ്പ നല്‍കിയ ബാങ്കുകളുടെ കരാറാണ് ഒരു വര്‍ഷമാക്കി നീട്ടുന്നത്. കൂടാതെ അതേ ബാങ്കില്‍ നിന്നും കര്‍ഷകര്‍ക്ക് പുതിയ വായ്പ നല്‍കുന്നതിനുള്ള സൗകര്യവും ഒരുക്കും.

കേരള ഗ്രാമീണ്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, കനറ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നീ ബാങ്കുകള്‍ ഇതിനകം തന്നെ വായ്പകള്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ കൂടി ഒരാഴ്ചക്കകം ഈ പദ്ധതിയിലേക്ക് വരും. പാലക്കാട് ജില്ലാ സഹകരണ ബാങ്ക് ഇപ്പോള്‍ നടപ്പാക്കി വരുന്ന ഓവര്‍ ഡ്രാഫ്റ്റ് സംവിധാനം തൃശൂര്‍, കോട്ടയം എന്നീ ജില്ലകളിലെ ജില്ലാ സഹകരണ ബാങ്കുകളില്‍ കൂടി നടപ്പാക്കാനുള്ള സംവിധാനമൊരുക്കും. ഇതിനുള്ള നടപടികള്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാക്കും. നടപടികള്‍ പൂര്‍ത്തിയാവുന്നതോടെ എല്ലാ കര്‍ഷകര്‍ക്കും പി ആര്‍ എസ് വായ്പാ പദ്ധതി പ്രകാരം, ഇതിനകം സംഭരിച്ച നെല്ലിന്റെ വില അക്കൗണ്ടില്‍ ലഭ്യമാക്കും.

2019-20 ല്‍ ഇതിനകം തൃശൂര്‍ ജില്ലയില്‍ നിന്നുമാത്രം 578 കര്‍ഷകരില്‍ നിന്നായി മൂന്ന് കോടി രൂപയുടെ മൂല്യം വരുന്ന 1120 ടണ്‍ നെല്ല് സംഭരിച്ചിട്ടുണ്ട്. ഇതിന്റെ വില പൂര്‍ണമായും കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നല്‍കാനുള്ള നടപടികളാണ് വേഗത്തില്‍ പുരോഗമിക്കുന്നത്. സപ്ലൈകോ രസീതിന്റെ അടിസ്ഥാനത്തില്‍ ബാങ്കുകള്‍ വായ്പയായാണ് കര്‍ഷകര്‍ക്ക് നെല്‍വില നല്‍കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതമുപയോഗിച്ചാണ് പണം ബാങ്കുകള്‍ക്ക് തിരിച്ചുനല്‍കുന്നത്. കേന്ദ്രത്തില്‍ നിന്ന് പണം നല്‍കാത്തതിനാല്‍ വായ്പകള്‍ കര്‍ഷകര്‍ക്ക് കിട്ടാക്കടമായിക്കൊണ്ടിരിക്കുകയാണ്. കിട്ടാക്കടമുള്ളവര്‍ക്ക് ഈ സീസണില്‍ വായ്പ നല്‍കാന്‍ ബാങ്കുകള്‍ക്ക് കഴിയില്ല. നെല്ല് സംഭരണം പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് വായ്പാ കാലാവധി നീട്ടുകയും പുതിയ ലോണ്‍ അതേ ബാങ്കുകളില്‍ നിന്ന് നല്‍കാനുള്ള നടപടികളും സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചത്.

കാര്‍ഷികമേഖലയില്‍ നൂതന അധ്യായങ്ങള്‍ കുറിക്കുന്നതിന്റെ ഭാഗമായാണ് നെല്ലിന്റെ വില പി.ആര്‍.എസ് ലോണ്‍ പദ്ധതി വഴി നടപ്പിലാക്കിയത്. 2017-18 കാലയളവിലാണ് പി ആര്‍ എസ് വായ്പാ പദ്ധതി ആരംഭിച്ചത്. കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന നെല്ലിന്റെ വില പി ആര്‍ എസ് ലോണ്‍ വഴി നെല്ല് സംഭരിച്ചയുടന്‍ കര്‍ഷകര്‍ക്ക് നല്‍കുന്നതുമാണ് രീതി. സംസ്ഥാനത്ത് 15 ബാങ്കുകളുമായാണ് സപ്ലൈകോ ധാരണാപത്രം ഒപ്പിട്ടത്. പി ആര്‍ എസ് കര്‍ഷകര്‍ക്ക് ബാങ്കുകളില്‍ നിന്നും അക്കൗണ്ട് തുറന്ന് സപ്ലൈകോ പദ്ധതി പേയ്‌മെന്റ് ഓഫീസര്‍മാരെ അറിയിച്ചാലുടന്‍ ഓണ്‍ലൈനായി പേ ഓര്‍ഡര്‍ നല്‍കും. വായ്പാ ലഭിച്ചുകഴിഞ്ഞാല്‍ വായ്പാ കാലാവധി തീരുന്നതിന് മുമ്പേ സാധാരണ പത്ര പ്രകാരമുള്ള പലിശയുള്‍പ്പെടെ സപ്ലൈകോ അടച്ചു തീര്‍ത്ത് ലോണ്‍ ക്ലോസ് ചെയ്യുകയാണ് പതിവ്.