Agriculture

Entertainment

October 26, 2021

BHARATH NEWS

Latest News and Stories

അഫ്ഗാനില്‍ പോഷകാഹാര ദൗര്‍ലഭ്യം; പത്ത് ലക്ഷം കുട്ടികള്‍ മരിച്ചേക്കാമെന്ന് യുണിസെഫ്.

കാബൂള്‍: അഫ്ഗാനിസ്താനില്‍ ഒരു ദശലക്ഷത്തിലധികം കുട്ടികള്‍ പോഷകാഹാര ദൗര്‍ലഭ്യം നേരിടാനും മരണത്തിന് കീഴടങ്ങാനും സാദ്ധ്യതയുണ്ടെന്ന് യുണിസെഫിന്റെ മുന്നറിയിപ്പ്. എത്രയും വേഗം രാജ്യത്തെ കുട്ടികള്‍ക്ക് വേണ്ടി നടപടികള്‍ എടുത്തില്ലെങ്കില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് യുണിസെഫ് വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച അഫ്ഗാന്‍ സന്ദര്‍ശിച്ച യുണിസെഫ് ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഒമര്‍ അബ്ദിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് ഇതിനോടകം തന്നെ പല കുട്ടികള്‍ക്കും അഞ്ചാംപനിയും ശക്തമായ വയറിളക്കവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാബൂളിലെ ഇന്ദിരാഗാന്ധി ചില്‍ഡ്രന്‍ ഹോസ്പിറ്റലില്‍ നടത്തിയ സന്ദര്‍ശനത്തിന് ശേഷമാണ് ഒമര്‍ അബ്ദിയുടെ പ്രതികരണം.

കുട്ടികള്‍ക്ക് അടിസ്ഥാനപരമായി ലഭിക്കേണ്ട ആരോഗ്യ പരിചരണം, പ്രതിരോധം നേടിയെടുക്കല്‍, പോഷകാഹാരം ലഭിക്കല്‍, കുടിവെള്ളത്തിന്റെ ലബ്ധി ഉറപ്പാക്കല്‍ എന്നിവ വളരെ പ്രധാനപ്പെട്ടതാണെന്നും അതിന് വേണ്ടി ഉടന്‍ പരിഹാരം കാണണമെന്നും അദ്ദേഹം താലിബാന്‍ പ്രതിനിധികളോട് ആവശ്യപ്പെട്ടു. വാക്‌സിനേഷന്‍ ത്വരിതഗതിയിലാക്കണമെന്നും ഒമര്‍ അബ്ദി നിര്‍ദ്ദേശിച്ചു.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും വിദ്യാഭ്യാസം നേടിയെടുക്കേണ്ടതിന്റെ ആവശ്യകതയും ഒമര്‍ അബ്ദി ഊന്നിപ്പറഞ്ഞു. രാജ്യത്തിന്റെ ഭാവി പടുത്തുയര്‍ത്തേണ്ടവരാണ് ഇന്നത്തെ കുട്ടികള്‍. ലിംഗവ്യത്യാസമില്ലാതെ എല്ലാ കുട്ടികളും സ്‌കൂളില്‍ നിന്നും വിദ്യാഭ്യാസം നേടുന്ന, അവര്‍ക്ക് ഗുണനിലവാരമുള്ള ആരോഗ്യ പരിചരണം ലഭിക്കുന്ന, ആക്രമണങ്ങളില്‍ നിന്നും അവര്‍ സുരക്ഷിതരാകുന്ന അഫ്ഗാനിസ്ഥാന്‍ ആണ് യൂണിസെഫിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.