Agriculture

Entertainment

October 18, 2021

BHARATH NEWS

Latest News and Stories

സൂരജിന് 17 വര്‍ഷം തടവും ഇരട്ട ജീവപര്യന്തവും.വധശിക്ഷ ഒഴിവാക്കി .

അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി സൂരജിന് 17 വര്‍ഷം തടവും ഇരട്ട ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ ലഭിച്ചിരിക്കുന്നു. വധ ശിക്ഷതന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചെങ്കിലും പ്രതിയുടെ പ്രായവും, മുന്‍കാലങ്ങളില്‍ കുറ്റകൃത്യങ്ങളിലൊന്നും ഏര്‍പ്പെട്ടിട്ടില്ലെന്ന പശ്ചാത്തലവും കണക്കിലെടുത്ത് കോടതി വധശിക്ഷ ഒഴിവാക്കുകയായിരുന്നു.

എന്നാല്‍, സൂരജിന് ഇനിയുള്ള കാലം മുഴുവന്‍ ജയിലില്‍ കഴിയേണ്ടി വരും. 17 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് ശേഷമാണ് ജീവപര്യന്തം ആരംഭിക്കുന്നത് തന്നെ. ഇരട്ട ജീവപര്യന്തമാണ് പ്രതിക്ക് അനുഭവിക്കേണ്ടി വരിക. ജീവപര്യന്തത്തിന്റെ നിര്‍വചനം തന്നെ ‘ജീവിതാവസാനം വരെ’ എന്നതാണ്. ഒരു ക്രിമിനല്‍ക്കേസില്‍ കുറ്റക്കാരന്‍ എന്നു കണ്ടെത്തി ശിക്ഷിക്കപ്പെട്ട പ്രതിയെ ജീവിതകാലം മുഴുവന്‍ അഥവാ മരണം വരെ ജയിലില്‍ ഇടുക എന്നതാണ് നിയമ പ്രകാരം ജീവപര്യന്തം ശിക്ഷ എന്നതിന് അര്‍ത്ഥം.

നാല് വകുപ്പുകള്‍ അനുസരിച്ച്‌ സൂരജ് കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. വിഷ വസ്തു ഉപയോഗിച്ചുള്ള കൊലപാതകത്തിന് പത്ത് വര്‍ഷം, തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷം, നേരത്തെ നടത്തിയ വധ ശ്രമത്തിന് ജീവപര്യന്തം, കൊലപാതകത്തിന് ജീവപര്യന്തം. ഇങ്ങനെയാണ് കോടതി വിധി. പത്ത് വര്‍ഷത്തെയും ഏഴ് വര്‍ഷത്തെയും തടവിന് ശേഷമാണ് ഇരട്ട ജീവപര്യന്തം തടവ് തുടങ്ങുകയെന്നാണ് വിധി.

പല കേസുകളിലും തടവ് ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കാറുണ്ടെങ്കിലും ഈ കേസില്‍ ഓരോ ശിക്ഷയും പ്രത്യേകമായി അനുഭവിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതായത് മേല്‍ക്കോടതി വിധികളോ സര്‍ക്കാര്‍ തീരുമാനമോ ഉണ്ടായില്ലെങ്കില്‍ ജീവതാവസാനം വരെ തടവില്‍ കിടക്കണം.

ഉത്ര വധക്കേസില്‍ ശിക്ഷാവിധിക്ക് ശേഷം പ്രതി സൂരജിന്റെ അപ്രതീക്ഷിത പ്രതികരണമുണ്ടായി . ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഉത്രയുടെ അച്ഛന്‍ പറഞ്ഞത് മാത്രമാണ് കോടതി കേട്ടതെന്നും ജിയിലിലേക്ക് കൊണ്ട് പോകുന്നതിനിടെ സൂരജ് മാധ്യമങ്ങളോട് പറഞ്ഞു.
കോടതിയില്‍ നടന്ന ഒരു കാര്യവുമല്ല പത്രങ്ങളിലും മാധ്യമങ്ങളിലും വന്നുകൊണ്ടിരിക്കുന്നത്. ഉത്രയുടെ അച്ഛന്‍ കോടതിയില്‍ നല്‍കിയ മൊഴി മാത്രം വായിച്ചുനോക്കിയാല്‍ മതി. എല്ലാ കാര്യങ്ങളും മനസ്സിലാകുമെന്നും സൂരജ് പറഞ്ഞു.

കോടതിയില്‍ ഉത്രയുടെ അച്ഛന്‍ ഉത്രയെ കുറിച്ചും എന്റെ കുഞ്ഞിനെ കുറിച്ചും എല്ലാം പറയുന്നത് കഥകളാണെന്നും സൂരജ് പറഞ്ഞു. എന്നാല്‍, പ്രതികരണം പൂര്‍ത്തീകരിക്കാന്‍ സൂരജിനെ പോലീസ് ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല.
ഉത്ര വധക്കേസില്‍ കോടതി വിധി അപക്വവും നീതി വിരുദ്ധവുമാണെന്ന് സൂരജിന്റെ അഭിഭാഷകന്‍. സൂരജ് പ്രതിയല്ലെന്നും സൂരജിനെ ശിക്ഷിക്കാനുള്ള യാതൊരു തെളിവുകളും കോടതിയ്‌ക്ക് ലഭിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. കോടതി സൂരജിനെ കുറ്റക്കാരനാക്കിയിരിക്കുന്നത് തെളിവുകള്‍ ഇല്ലാതെയാണെന്നും ഈ വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് തീരുമാനമെന്നും പ്രതിഭാഗം വക്കീല്‍ പറഞ്ഞു.

ഈ കേസില്‍ ഡമ്മി പരീക്ഷണം ഒരിക്കലും സ്വീകാര്യമല്ലെന്നും ഡമ്മി പരീക്ഷണം തെളിവായി കണക്കാക്കാന്‍ സാധിക്കില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. പാമ്ബിന് ഡമ്മിയെയും മനുഷ്യനേയും പ്രത്യേകം തിരിച്ചറിയാന്‍ സാധിക്കുമെന്നും ഡമ്മിയോട് പ്രതികരിക്കുന്നത് പോലെയാകില്ല ഒരു മനുഷ്യനോട് അത് പ്രതികരിക്കുന്നതെന്നും പ്രതിഭാഗം വക്കീല്‍ പറഞ്ഞു.

കോടതി വിധി സ്വാഗതം ചെയ്ത് വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി. ഉത്രവധക്കേസില്‍ പ്രതിക്ക് വധശിക്ഷ പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍ അതുണ്ടായില്ല എന്നുമായിരുന്നു ഉത്രയുടെ മാതാവ് മണിമേഖല പറഞ്ഞത്. ശിക്ഷാ നിയമത്തിലെ ഈ പിഴവുകളാണ് സമൂഹത്തില്‍ ഇതുപോലുള്ള കുറ്റവാളികളെ സൃഷ്ടിക്കുന്നതെന്നും മണിമേഖല പറഞ്ഞു.

പ്രതിയ്ക്ക് വധശിക്ഷ വേണമെന്ന ഉത്രയുടെ അമ്മയുടെ വികാരം മാനിക്കുന്നുവെന്നും എന്നാല്‍ വധശിക്ഷ തിരുത്തല്‍ നടപടിയെന്ന് പറയാന്‍ കഴിയില്ലെന്നും പി സതീദേവി പറഞ്ഞു.

വിധിക്കെതിരെ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. വിധിക്കെതിരെ സര്‍കാര്‍ അപീല്‍ പോകണമെന്ന് കെ സുധാകരന്‍ ആവശ്യപ്പെട്ടു. കേരളീയ സമൂഹവും ഉത്രയുടെ മാതാപിതാക്കളും ആഗ്രഹിക്കുന്ന വിധം പ്രതി മാതൃകാപരമായി ശിക്ഷപ്പെടുന്നില്ലെങ്കില്‍ പുതിയ തലമുറ നിയമസംവിധാനങ്ങളുടെ നിഷ്പക്ഷതയെ ആശങ്കയോടെ വീക്ഷിക്കുമോയെന്ന് ഭയപ്പെടുന്നതായി അദ്ദേഹം പറഞ്ഞു