Agriculture

Entertainment

October 26, 2021

BHARATH NEWS

Latest News and Stories

സൈഡസ് കാഡിലയുടെ 60 ലക്ഷത്തിലധികം ഡോസുകള്‍ തയ്യാറായതായി കേന്ദ്രസര്‍ക്കാര്‍; ലോകത്തെ ആദ്യ ഡിഎന്‍എ അടിസ്ഥാനമാക്കിയുള്ള സൂചിരഹിത കൊറോണ വാക്സിന്‍ ഇന്ത്യയിൽ .

ന്യൂഡല്‍ഹി: കൊറോണ പ്രതിരോധ വാക്‌സിനായ സൈഡസ് കാഡിലയുടെ 60 ലക്ഷത്തിലധികം ഡോസുകള്‍ തയ്യാറായതായി കേന്ദ്രസര്‍ക്കാര്‍. അഹമദാബാദ് ആസ്ഥാനമായ കമ്ബനിയാണ് സൈക്കോവ്-ഡി എന്ന ഡിഎന്‍എ വാക്സിന്‍ വികസിപ്പിച്ചത്. മരുന്നിന് അടിയന്തിര ഉപയോഗത്തിനായി ഓഗസ്റ്റ് 20ന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിരുന്നു. സൈക്കോവ്-ഡി വാക്സിന്‍ സ്വീകരിക്കേണ്ടത് 28 ദിവസം ഇടവിട്ടാണ്.

ആദ്യ വാക്‌സിന്‍ സ്വീകരിച്ചാല്‍ രണ്ടാമത്തേത് 28ാം ദിവസത്തിലും, മൂന്നാമത്തെ 56ാം ദിവസവും എടുക്കണം. ഒക്ടോബറില്‍ ഇന്ത്യ 28 കോടി വാക്‌സിനാണ് ഉത്പാദിപ്പിക്കുന്നത്. ഇതില്‍ 22 കോടി സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡും ആറ് കോടി ഭാരത് ബയോടെകിന്റെ കോവാക്‌സിനുമാണ്. ഇതിനുപുറമെയാണ് സൈക്കോവ്-ഡിയുടെ ഉത്പാദനം.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകളില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തിയ സൈകോവ്-ഡി വാക്സിന്‍ പന്ത്രണ്ട് വയസില്‍ കൂടുതല്‍ പ്രായമുള്ള കുട്ടികള്‍ക്കും നല്‍കാന്‍ കഴിയുമെന്ന് കമ്ബനി അറിയിച്ചു. ഭാരത് ബയോട്ടെക്കിന്റെ കൊവാക്സിന് ശേഷം രാജ്യത്ത് തദ്ദേശീയമായി നിര്‍മ്മിക്കുന്ന രണ്ടാമത്തെ വാക്സിനാണ് സൈക്കോവ്-ഡി.

രാജ്യത്ത് 12 മുതല്‍ 18 വയസുവരെയുള്ളവരില്‍ പരീക്ഷണം നടത്തിയ ആദ്യത്തെ വാക്സിന്‍ കൂടിയാണിത്. വിവിധ ഇടങ്ങളിലായി 50 കേന്ദ്രങ്ങളിലാണ് ക്ലിനിക്കല്‍ ട്രയല്‍ നടന്നത്. 1000 ത്തോളം ആളുകളില്‍ നടത്തിയ പരീക്ഷണത്തില്‍ വാക്സിന്‍ സുരക്ഷിതമാണെന്ന് കണ്ടെത്തി. ലോകത്തിലെ ആദ്യത്തെ ഡിഎന്‍എ അടിസ്ഥാനമാക്കിയുള്ള സൂചിരഹിത കൊറോണ വാക്സിനാണ് തദ്ദേശിയമായി വികസിപ്പിച്ചെടുത്ത സൈകോവ്-ഡി. പന്ത്രണ്ട് വയസിന് മുകളിലുള്ളവര്‍ക്കും നല്‍കാന്‍ അംഗീകരിച്ച ആദ്യ വാക്സിന്‍ കൂടിയാണിത്.

രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന ആറാമത്തെ വാക്സിനാണ് സൈക്കോവ്-ഡി. കൊറോണയുടെ ഡെല്‍റ്റാ വകഭേദത്തിനെതിരെ വാക്സിന്‍ 66 ശതമാനം ഫലപ്രദമാണെന്ന് പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഫാര്‍മജെറ്റ് എന്ന ഇന്‍ജക്ടിംഗ് ഗണ്‍ കുത്തിവെക്കന്നത് പോലെ അമര്‍ത്തുമ്ബോള്‍ വാക്സിന്‍ ശരീരത്തിലേയ്‌ക്ക് പ്രവേശിക്കും. കുത്തിവെപ്പില്ലാതെ നല്‍കുന്ന നീഡില്‍ ഫ്രീ വാക്സിന്‍ ആണ് സൈക്കോവ് -ഡി വാക്സിന്‍.