Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

ചെലവ് കുറഞ്ഞ ചരക്ക് നീക്കത്തിനായി 100 ലക്ഷം കോടി രൂപയുടെ ഗതി ശക്തി പദ്ധതി മോദി അവതരിപ്പിച്ചു

ന്യൂഡല്‍ഹി: ചരക്കുനീക്കത്തിന്‍റെ ചെലവ് ചുരുക്കി സമ്ബദ് വ്യവസ്ഥയ്ക്ക് കരുത്തുപകരാന്‍ ലക്ഷ്യമിട്ടുള്ള പി.എം ഗതി ശക്തി പരിപാടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടു. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി വിവിധ തലത്തിലുള്ള കണക്ടിവിറ്റി സാധ്യമാക്കുന്ന നൂറ് ലക്ഷം കോടി രൂപയുടെ ദേശീയ മാസ്റ്റര്‍ പ്ലാനിനാണ് രൂപം നല്‍കിയത്. അടിസ്ഥാന സൗകര്യവികസനം മെച്ചപ്പെടുത്തി ചരക്കുനീക്കത്തിന് വേണ്ടി വരുന്ന അധിക ചെലവ് ഒഴിവാക്കാന്‍ ഇതുവഴി സാധിക്കുമെന്ന് മോദി പറഞ്ഞു. കാര്‍ഗോ നീക്കം വേഗത്തിലാക്കി കുറഞ്ഞ സമയത്തിനുള്ള ചരക്ക് ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ കഴിയുന്നത് സമ്ബദ് വ്യവസ്ഥയ്ക്ക് കരുത്തുപകരും. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച്‌ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

മുന്‍കാലങ്ങളില്‍ നികുതിദായകരുടെ പണത്തെ അപമാനിക്കുന്ന സമീപനമാണ് സ്വീകരിച്ചിരുന്നത്. ഈ പണത്തിന് യാതൊരു വിലയും കല്‍പ്പിക്കാത്ത വിധം ഉദാസീനമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. യാതൊരു താത്പര്യവുമില്ലാത്ത വിധത്തിലാണ് വികസന പദ്ധതികള്‍ക്കായി തുക വിനിയോഗിച്ചത്. പദ്ധതി നിര്‍വഹണത്തില്‍ വകുപ്പുകള്‍ തമ്മില്‍ ഏകോപനം ഉണ്ടായിരുന്നില്ലെന്നും മോദി ഓര്‍മിപ്പിച്ചു.

മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെങ്കില്‍ വികസനം സാധ്യമാകില്ല. റോഡ്, റെയില്‍, വ്യോമയാനം, കൃഷി തുടങ്ങിയ വിവിധ മേഖലകളിലെ പദ്ധതികള്‍ സാധ്യമാക്കുന്നതിന് വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപിത സംവിധാനമാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്നും മോദി പറഞ്ഞു.

ഇന്ത്യയിലെ ജനത, വ്യവസായങ്ങള്‍, വാണിജ്യ മേഖല, നിര്‍മാതാക്കാള്‍, കൃഷിക്കാര്‍ എന്നിവരാണ് ഗതി ശക്തിയുടെ ഈ മഹത്തായ ക്യാംപെയ്‌നിന്റെ കേന്ദ്രമെന്നും അദ്ദേഹം വ്യക്തമാക്കി. 21ാം നൂറ്റാണ്ടിലെ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതില്‍ ഇപ്പോഴത്തേയും ഭാവിയിലേയും തലമുറകള്‍ക്ക് ഇത് ഊര്‍ജം നല്‍കുകയും അവരുടെ വഴികളിലെ പ്രതിസന്ധികളെ തരണം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

മേല്‍നോട്ടത്തിന്റെ അഭാവം, മുന്‍കൂട്ടിയുള്ള വിവരങ്ങളുടെ അഭാവം, ഒറ്റക്കൊറ്റക്കുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ആസൂത്രണവും നടപ്പിലാക്കലും തമ്മില്‍ അന്തരങ്ങള്‍ സൃഷ്ടിക്കുകയും നിര്‍മാണം തടസ്സപ്പെടുന്നതിനും ബജറ്റ് തുക പാഴാകുന്നതിനും കാരണമാകുന്നു. ഒന്നിലധികമായി വര്‍ധിക്കുന്നതിനോ മെച്ചപ്പെടുന്നതിനോ പകരം ശക്തി വിഭജിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. പി എം ഗതി ശക്തി ഇത്തരം പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യുകയും മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തില്‍ വിഭവങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതിലേക്ക് മാറുകയും ചെയ്യും.

ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യ വികസനം പൂര്‍ത്തിയാകുന്നതോടെ ഇന്ത്യക്ക് ലോകത്തിന്റെ വാണിജ്യ തലസ്ഥാനം എന്ന ബഹുമതി നേടാനാകുമെന്ന പ്രതീക്ഷ അദ്ദേഹം പങ്കു വയ്ച്ചു. നമ്മുടെ ലക്ഷ്യങ്ങള്‍ അസാധാരണമായതിനാല്‍ അസാധാരണ ശ്രമങ്ങള്‍ ആവശ്യമാണ്. ഈ ലക്ഷ്യങ്ങള്‍ തിരിച്ചറിയുമ്ബോള്‍ പി എം ഗതി ശക്തി, ജാം (ജന്‍ ധന്‍, ആധാര്‍, മൊബൈല്‍) പോലെ സേവനങ്ങള്‍ ജനങ്ങളിലെത്താനുള്ള വിപ്ലവകരമായ ഉപാധിയായി മാറും. പി എം ഗതി ശക്തി അടിസ്ഥാന സൗകര്യ വികസന മേഖലയിലും ഇക്കാര്യങ്ങള്‍ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

മന്ത്രിമാരായ നിതിന്‍ ഗഡ്കരി, പീയൂഷ് ഗോയല്‍, ഹര്‍ദീപ് സിംഗ് പുരി, സര്‍ബാനന്ദ സോനോവാല്‍, ജ്യോതിരാദിത്യ സിന്ധ്യ, അശ്വിനി വൈഷ്ണവ്, ആര്‍ കെ സിംഗ്, വിവിധ മുഖ്യമന്ത്രിമാര്‍, ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍, സംസ്ഥാന മന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വ്യവസായ മേഖലയില്‍ നിന്ന് ആദിത്യ ബിര്‍ല ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ല, ട്രാക്ടേഴ്‌സ് ആന്‍ഡ് ഫാം എക്വിപ്‌മെന്റ്‌സ് സിഎംഡി മല്ലിക ശ്രീനിവാസന്‍, ടാറ്റ സ്റ്റീല്‍ സിഇഒയും എംഡിയുമായ ടിവി നരേന്ദ്രന്‍, റിവിഗോ സഹസ്ഥാപകന്‍ ദീപക് ഗാര്‍ഗ് തുടങ്ങിയവര്‍ പങ്കെടുത്തു.