Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

രാഹുല്‍ ഗാന്ധിയുടെ പേരില്‍ തട്ടിപ്പ്

വയനാട്: വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ പേര് മുതലെടുത്ത് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. നിരവധി തട്ടിപ്പ് കേസുകളില്‍ ആരോപണ വിധേയനായ കൊല്ലം ചിതറ, വളവുപച്ച സ്വദേശി അബ്ദുല്‍ ബാസിത് ആണ് രാഹുല്‍ ഗാന്ധിയുടെ പേര് പറഞ്ഞ് തട്ടിപ്പ് നടത്തുന്നത്. ഡിസംബര്‍ ഒന്നിന് വയനാട്, മാനന്തവാടി, വെള്ളമുണ്ടയില്‍ താന്‍ നയിക്കുന്ന പ്രീ മാരിറ്റല്‍ കൗണ്‍സിലിംഗ് ക്ലാസ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നു എന്നാണ് ഇപ്പോള്‍ പ്രചാരണം.

ഡിസംബര്‍ അഞ്ചിനു മാത്രം വയനാട് എത്തുന്ന രാഹുല്‍ ഗാന്ധി ഡിസംബര്‍ ഒന്നിന് തന്റെ പരിപാടി ഉദ്ഘാടനം ചെയ്യും എന്നാണ് ഇയാള്‍ സോഷ്യല്‍ മീഡിയയിലൂടെ അവകാശപ്പെടുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ നിന്നും ഇത്തരം ഒരു പ്രോഗ്രാം കമ്മിറ്റ് ചെയ്യുകയോ, എം.പിയെ ആരെങ്കിലും അതിലേക്ക് ക്ഷണിക്കുകയോ ചെയ്തിട്ടില്ല എന്നായിരുന്നു പ്രതികരണം. മാത്രമല്ല പരിപാടിയുടെ വേദിയായി അറിയിച്ചിരിക്കുന്ന മാനന്തവാടി വെള്ളമുണ്ടയില്‍ ഇങ്ങനെ ഒരു പ്രോഗ്രാം നടക്കുന്നതായോ, ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ വെള്ളമുണ്ട എന്നപേരില്‍ ഒരു സംഘടന അവിടെ ഉള്ളതായോ അറിയില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഹീലര്‍, ത്വബീബ്, എം ഡി കൗണ്‍സിലര്‍ തുടങ്ങി നിരവധി വ്യാജ ബിരുദങ്ങള്‍ തന്റെ പേരിനൊപ്പം പ്രദര്‍ശിപ്പിക്കുന്ന ഇയാള്‍ വേണ്ടത്ര യോഗ്യതകളില്ലാതെ രോഗികളെ ചികിത്സിക്കുകയും ചെയ്യുന്നുണ്ട്. മുന്‍പ് ക്യാന്‍സര്‍ രോഗികളെ ചികിത്സിച്ചു ഭേദമാക്കാം എന്നു വാഗ്ദാനം ചെയ്തു നിരവധി രോഗികളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചും പോലീസും ഇയാളെ വലയിലാക്കാന്‍ ശ്രമിച്ചു. പക്ഷേ, കേസിന്റെ നടപടിക്രമങ്ങള്‍ ഭയപ്പെട്ട് രോഗികളായ ഇരകള്‍ പരാതി നല്‍കാന്‍ വിസമ്മതിച്ചതിനാല്‍ നടപടി സ്വീകരിക്കാനാകാതെ വരികയായിരുന്നു.

വ്യാജ അവകാശവാദങ്ങളുമായി സമാന്തര ചികിത്സാ ക്ലാസുകള്‍ സംഘടിപ്പിക്കുകയും പങ്കാളിത്ത സര്‍ട്ടിഫിക്കറ്റുകള്‍ മാത്രം നല്‍കി ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിക്കുകയും കൊളംബോ ഡോക്റ്ററേറ്റ് ഉള്‍പ്പെടെ ഉയര്‍ന്ന തുക വാങ്ങി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്യുന്ന സംഘത്തിലെ കണ്ണിയാണ് ഇയാള്‍ എന്നാണ് അറിയുന്നത്. കൊല്ലം നിലമേലില്‍ ഒരുവര്‍ഷം മുന്‍പ് പൂട്ടിപ്പോയ ചികിത്സാ കേന്ദ്രത്തിന്റെ അഡ്രസ് ആണ് ഇപ്പോഴും ഇയാള്‍ ഹെഡ് ഓഫീസ് എന്ന പേരില്‍ നല്‍കുന്നത്.

കേരളത്തിലെമ്പാടും തന്റെ സ്ഥാപനത്തിന് ബ്രാഞ്ചുകള്‍ ഉള്ളതായും പറയുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് വ്യാപാരത്തിനും ചികിത്സക്കും സഹായകരമായ നിലയില്‍ ആള്‍ട്ടര്‍നെറ്റിവ് മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ എന്ന പേരില്‍ എറണാകുളം പറവൂരില്‍ ഒരു സ്ഥാപനം ഇയാളുടെ നേതൃത്വത്തില്‍ ഉണ്ട്. എന്നാല്‍ ഇതൊരു വാടക വീട് ആണ്. അറിയപ്പെടുന്ന രാഷ്ട്രീയ നേതാക്കളോടൊപ്പം സെല്‍ഫി എടുക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്ത് ജനങ്ങളുടെ വിശ്വാസം പിടിച്ചെടുത്തു കൊണ്ടാണ് തട്ടിപ്പിന് നിലമൊരുക്കുന്നത്. ഇയാളുടെ വലയില്‍ വീഴുന്നവരെ കൗണ്‍സിലിംഗ് എന്ന പേരില്‍ മന്ത്രവാദം ഉള്‍പ്പെടെയുള്ള ചൂഷണങ്ങള്‍ക്ക് വിധേയരാക്കുന്നു എന്നും പരാതിയുണ്ട്.

 

വാര്‍ത്ത: ഷിബി സി വി