Agriculture

Entertainment

December 6, 2021

BHARATH NEWS

Latest News and Stories

ഉത്തരാഖണ്ഡ് മഴക്കെടുതി; മരണം 24 കടന്നതായി റിപ്പോര്‍ട്ട്; ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്ന് മുഖ്യമന്ത്രി പുഷകര്‍ സിംഗ് ധാമി.

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തിലും നാശനഷ്ടങ്ങളിലുമായി 16 പേരുടെ മരണം സ്ഥിരീകരിച്ചു. ചൊവ്വാഴ്ച മാത്രം സംഭവിച്ചത് 11 മരണങ്ങളാണെന്ന് മുഖ്യമന്ത്രി പുഷകര്‍ സിംഗ് ധാമി വ്യക്തമാക്കി. എന്നാല്‍ 24 പേര്‍ മരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. സംസ്ഥാനത്തെ നിലിവലെ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നിരീക്ഷിക്കുന്നുണ്ടെന്നും എല്ലാവിധ പിന്തുണയും ഉറപ്പുനല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇനിയും നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തകര്‍ അവരുടെ ദൗത്യം തുടരുകയാണ്. പാലങ്ങളും വീടുകളും പലയിടങ്ങളിലും പൂര്‍ണമായി തകര്‍ന്ന് കിടക്കുകയാണ്. നൈനിറ്റാളിലും ഗര്‍വാളിലുമായി രണ്ട് സൈനിക ഹെലികോപ്റ്ററുകള്‍ നിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രളയത്തെ തുടര്‍ന്ന് കര്‍ഷകര്‍ക്ക് കനത്ത നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. അതിന്റെ കണക്കുകള്‍ എടുത്തുകൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ ക്ഷമയോടെ ഇരിക്കണമെന്നും സര്‍ക്കാരിന് സാധ്യമായ എല്ലാ കാര്യങ്ങളും ദ്രുതഗതിയില്‍ നടപ്പിലാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പ്രതികരിച്ചു.

അതിശക്തമായ മഴ തുടരുന്നത് മൂലം രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. സാഹചര്യം എന്തുതന്നെയായാലും അപകടത്തില്‍പ്പെട്ട എല്ലാവരെയും രക്ഷിക്കും. കാലാവസ്ഥ സാധാരണഗതിയിലാകുന്നത് വരെ അനാവശ്യ യാത്രകള്‍ ഒഴിവാക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നാനക് സാഗര്‍ അണക്കെട്ടിന്റെ എല്ലാ ഗേറ്റുകളും തുറന്നിരിക്കുന്നതിനാല്‍ നദീതീരത്തുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണം. ചൊവ്വാഴ്ച മുതല്‍ മഴ കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളതെന്നും പുഷ്‌കര്‍ സിംഗ് ധാമി വ്യക്തമാക്കി.