Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

വീട്ടുകാരെ അകത്തിട്ട് പൂട്ടി ജപ്തി നടത്തി യൂക്കോ ബാങ്ക്

വീട്ടുകാരായ സ്ത്രീകളെയും കുട്ടികളെയും അകത്തിട്ട് പൂട്ടിയിട്ട് ജപ്തി നടപ്പാക്കി യൂക്കോ ബാങ്ക്. കൊല്ലം മീയണ്ണൂരിലാണ് സംഭവം. ജപ്തി നടത്തിയശേഷം ഗേറ്റ് പൂട്ടി ബാങ്ക് അധികൃതര്‍ മടങ്ങുകയും ചെയ്തു. നാട്ടുകാരെത്തി പൂട്ട് തല്ലിപ്പൊളിച്ചാണ് വീട്ടുകാരെ രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ പൂയപ്പള്ളി പൊലീസ് കേസെടുത്തു.

ജപ്തി ചെയ്യുന്ന സമയത്ത് വീടിനുള്ളില്‍ ആളുണ്ടെന്ന് അറിഞ്ഞില്ലെന്നായിരുന്നു ബാങ്കിന്റെ വിശദീകരണം. ബാങ്ക് അധികൃതര്‍ മതില് ചാടിയാണ് അകത്ത് പ്രവേശിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബാങ്ക് അധികൃതര്‍ ഗേറ്റ് പൂട്ടി മടങ്ങുകയായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.

ചെറുകിട കശുവണ്ടി വ്യവസായികളായ ഷൈന്‍ തോമസ്, ശ്രീനിലാല്‍ എന്നിവര്‍ യൂക്കോ ബാങ്ക് കൊല്ലം ശാഖയില്‍ നിന്ന് ഒന്നര കോടി രൂപ വായ്പ എടുത്തിരുന്നു. കശുവണ്ടി വ്യവസായം പ്രതിസന്ധിയിലായതോടെ തിരിച്ചടവ് മുടങ്ങി. സര്‍ക്കാര്‍ കശുവണ്ടി വ്യവസായികള്‍ക്കായി ബാങ്കുകളുമായി ചര്‍ച്ച നടത്തി തിരിച്ചടവിന് സാവകാശം കൊടുത്തെങ്കിലും ബാങ്ക് ജപ്തിയിലേക്ക് നീങ്ങിയെന്നാണ് വ്യവസായികളുടെ പരാതി.