Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

അറുപതാമത് സ്‌കൂള്‍ കലോത്സവത്തിന് കാഞ്ഞങ്ങാട് തിരിതെളിഞ്ഞു

കാസര്‍ഗോഡ്: അറുപതാമത് സ്‌കൂള്‍ കലോത്സവത്തിന് കാഞ്ഞങ്ങാട് തിരിതെളിഞ്ഞു. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ മേള ഉദ്ഘാടനം ചെയ്തു. മഹാകവി പി കുഞ്ഞിരാമന്‍ നായരുടെ പേരിലുളള മുഖ്യ വേദിയിലാണ് ഉദ്ഘാദന ചടങ്ങുകള്‍ നടന്നത്. രാവിലെ എട്ടേകാലോടെ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു പതാക ഉയര്‍ത്തി. നടന്‍ ജയസൂര്യ ആശംസ അര്‍പ്പിച്ചു. സംഗീത സംവിധായകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തില്‍ 60 അധ്യാപകര്‍ ചേര്‍ന്ന് കലോത്സവത്തിന്റെ സ്വാഗതഗാനം ആലപിച്ചു. 28 വര്‍ഷത്തിന് ശേഷമാണ് കാസര്‍ഗോഡ് കലോത്സവത്തിന് വേദിയാകുന്നത്.

239 മത്സരയിനങ്ങളിലായി 13000 മത്സരാര്‍ത്ഥികളാണ് വിസ്മയം തീര്‍ക്കാനെത്തുന്നത്. കോല്‍കളി, മോഹനിയാട്ടം, സംഘനൃത്തം കുച്ചുപുടി, ചവിട്ടുനാടകം, തുടങ്ങിയവാണ് ഇന്നത്തെ പ്രധാന മത്സരയിനങ്ങള്‍. മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ കലോത്സവം നാല് ദിവസമായതിനാല്‍ സമയബന്ധിതമായി മത്സരങ്ങള്‍ വേദിയിലെത്തിക്കുക എന്നതാണ് സംഘാടകരുടെ മുന്നിലെ പ്രധാന വെല്ലുവിളി.

പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഊട്ടുപുരയും തയാറാണ്. ദിവസേന 3000 പേര്‍ക്ക് കഴിക്കാന്‍ ആകുന്ന വിധത്തില്‍ 25000 പേര്‍ക്കുള്ള അളവില്‍ ഭക്ഷണം തയാറാക്കുന്നുണ്ട്. 60 പേര്‍ അടങ്ങുന്ന സംഘമാണ് ഭക്ഷണം തയ്യാറാക്കുന്നത്.

മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, സി രവീന്ദ്രനാഥ്, കടന്നപ്പള്ളി രാമചന്ദ്രന്‍, എംഎല്‍എമാരായ എംസി ഖമറുദ്ദീന്‍, എന്‍എ നെല്ലിക്കുന്ന്, എം കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, നഗരസഭാ ചെയര്‍മാന്‍മാരായ വിവി രമേശന്‍, പ്രൊഫ. കെ പി ജയരാജന്‍, ബീഫാത്തിമ ഇബ്രാഹീം, ജില്ലാ കളക്ടര്‍ ഡോ. സജിത്ത് ബാബു ഐഎസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.